Connect with us

Editorial

തൊഴിലുറപ്പിന് കേന്ദ്രം ഉറപ്പില്ലാതാക്കുന്നു

കേന്ദ്രത്തിന്റെ ദാനമോ ഔദാര്യമോ അല്ല ഗ്രാമീണ തൊഴിലുറപ്പ്. പൗരന്മാരുടെ നിയമപരമായ അവകാശമാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കുന്നതല്ല.

Published

|

Last Updated

ഗ്രാമീണ ജനതയുടെ ജീവിത മാര്‍ഗമായ തൊഴിലുറപ്പ് പദ്ധതിയിലും കൈവെക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. പേര് മാറ്റത്തിലോ പേരില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഒഴിവാക്കുന്നതിലോ ഒതുങ്ങുന്നില്ല പദ്ധതിയില്‍ സര്‍ക്കാര്‍ വരുത്തുന്ന മാറ്റം. പൗരന്മാരുടെ തൊഴില്‍പരമായ അവകാശങ്ങളെ തന്നെ അതില്ലാതാക്കും. തൊഴില്‍ ഗ്രാമീണ ജനതയുടെ അവകാശമെന്ന കാഴ്ചപ്പാടിലാണ് 2005ല്‍ അന്നത്തെ യു പി എ സര്‍ക്കാര്‍ ബൃഹത്തായ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി (എം ജി എന്‍ ആര്‍ ഇ ജി എ) കൊണ്ടുവന്നതെങ്കില്‍, ഈ തത്ത്വത്തെ തന്നെ അട്ടിമറിച്ച് കേവലമൊരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാക്കി മാറ്റുകയാണ് പരിഷ്‌കരിച്ച പതിപ്പെന്ന മട്ടില്‍ മോദി സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച “വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ ഗ്രാമീണ്‍’ (ചുരുക്കപ്പേര് വിബി ജി റാം ജി) പദ്ധതി. മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കുക വഴി വലിയ ചരിത്ര നിഷേധമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. പേരിലെന്തിരിക്കുന്നു എന്നല്ല, പേരിലെല്ലാമിരിക്കുന്നു എന്നാണ് ഇപ്പോള്‍ പറയേണ്ടത്.

ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ഉറപ്പ് നല്‍കുന്നതാണ് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി. പുതിയ ബില്ല് തൊഴില്‍ ദിനം 125 ദിവസമായി ഉയര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും പദ്ധതിയുടെ സാമ്പത്തിക ഭാരം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെക്കുന്നതോടെ തൊഴില്‍ ദിനങ്ങള്‍ 75ല്‍ ഒതുക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ പദ്ധതി ചെലവില്‍ പത്ത് ശതമാനം മാത്രമേ സംസ്ഥാനങ്ങള്‍ വഹിക്കേണ്ടതുള്ളൂ. പരിഷ്‌കരിച്ച പദ്ധതിയില്‍ 40 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കണം. ചെലവ് അധികമായാല്‍ ആ ബാധ്യതയും സംസ്ഥാനങ്ങള്‍ ഏല്‍ക്കണം. നികുതി വിഹിതം പങ്കിടുന്നതിലും ജി എസ് ടി യിലും മറ്റും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത കേന്ദ്രം തൊഴിലുറപ്പ് പോലുള്ള അവകാശ പദ്ധതികളിലും ചെലവിന്റെ ഭാരം സംസ്ഥാനങ്ങളുടെ മേല്‍ കെട്ടിവെക്കുകയാണ്.
നിലവിലുള്ള പദ്ധതിയില്‍ ഏതെങ്കിലുമൊരു സാഹചര്യത്തില്‍ പദ്ധതി നിര്‍ത്തിവെക്കണമെന്ന നിര്‍ദേശമില്ല. പുതിയ ബില്ലില്‍ കാര്‍ഷിക സീസണില്‍ 60 ദിവസം പദ്ധതി മരവിപ്പിക്കാമെന്ന നിര്‍ദേശമുണ്ട്. കൊയ്ത്തും വിതയുമുള്‍പ്പെടെ തിരക്കേറിയ കാര്‍ഷിക പ്രവര്‍ത്തന കാലത്തെ ദിവസങ്ങള്‍ ഉള്‍പ്പെടുത്തി 60 ദിവസം പദ്ധതി മരവിപ്പിച്ചതായി സംസ്ഥാനങ്ങള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന വ്യവസ്ഥ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട തൊഴില്‍ ദിനങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വന്‍തോതില്‍ കൂടുകയും ബജറ്റ് വിഹിതം വര്‍ഷാന്തം കുറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവില്‍ ആവശ്യത്തിന് തൊഴിലില്ലാത്ത അവസ്ഥയാണ്. 2024-25ല്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 8.6 ശതമാനം വര്‍ധനവുണ്ട്. 2023-24ല്‍ 13.8 കോടിയായിരുന്നത് 2024-25ല്‍ 14.98 കോടിയായി വര്‍ധിച്ചു. അതേസമയം തൊഴില്‍ ലഭിച്ചവരുടെ എണ്ണം 5.51 കോടിയില്‍ നിന്ന് 5.35 ആയി കുറയുകയായിരുന്നു. 2.9 ശതമാനം ഇടിവ്. നൂറ് ശതമാനം തൊഴില്‍ നേടിയവര്‍ ഏഴ് ശതമാനമാണ്. ടെക് എന്ന സ്വതന്ത്ര ഏജന്‍സി നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഇത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുടെ മേല്‍ അധിക സാമ്പത്തിക ബാധ്യത ഏല്‍പ്പിച്ചാല്‍ തൊഴില്‍ ദിനങ്ങളുടെയും തൊഴില്‍ ലഭിക്കുന്നവരുടെയും എണ്ണം ഇനിയും കുത്തനെ ഇടിയും.

ആധാര്‍ നിര്‍ബന്ധിതമാക്കല്‍, എന്‍ എം എം എസ് ആപ്പ് വഴി ഹാജര്‍ രേഖപ്പെടുത്തല്‍, ജിയോ ടാഗിംഗ് തുടങ്ങി പുതിയ ബില്ലിലെ ഡിജിറ്റലൈസേഷന്‍ നിര്‍ദേശങ്ങള്‍ തൊഴില്‍ ദിനങ്ങളുടെ കൃത്യത ഉറപ്പാക്കാനും തട്ടിപ്പുകളും ഫണ്ട് ദുരുപയോഗവും തടയാനും സഹായകമാണ്. അതേസമയം, സാങ്കേതിക പിഴവുകള്‍ കാരണം ഒരു തൊഴിലാളിക്ക് ജോലിയോ കൂലിയോ നിഷേധിക്കപ്പെടുകയാണെങ്കില്‍ നിയമപരമായി അത് കേന്ദ്രത്തിന്റെ പരാജയമാണെങ്കിലും രാഷ്ട്രീയമായി ചോദ്യം ചെയ്യപ്പെടുന്നത് സംസ്ഥാന സര്‍ക്കാറിനെയാണ്. കേന്ദ്ര സംവിധാനത്തിന്റെ പരാജയത്തിന് വിലകൊടുക്കേണ്ടി വരുന്നത് സംസ്ഥാന ഖജനാവില്‍ നിന്നാകും.

തീര്‍ത്തും കേന്ദ്രത്തിന്റെ സാമ്പത്തിക ചെലവില്‍ നടപ്പാക്കി വന്നിരുന്ന ഒരു പദ്ധതി, പരിഷ്‌കരണമെന്ന പേരില്‍ പേരുമാറ്റി സംസ്ഥാനങ്ങളുടെ മേല്‍ കൂടി കെട്ടിയേല്‍പ്പിക്കുന്നത് ഫെഡറല്‍ വ്യവസ്ഥക്ക് കടകവിരുദ്ധമാണ്. രൂപകല്‍പ്പന, പ്രവൃത്തി തിരഞ്ഞെടുപ്പ്, സാങ്കേതിക മാനദണ്ഡങ്ങള്‍, ഫണ്ടിംഗ് തുടങ്ങിയവയെല്ലാം കൂടുതല്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ വരികയാണ് പുതിയ ബില്ലിലൂടെ. സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്ന കേവല ഏജന്‍സിയായി പരിമിതപ്പെടുന്നു. ഇതൊരു സാമ്പത്തിക പ്രശ്‌നമല്ല. രാഷ്ട്രീയ, സാമൂഹിക പ്രശ്‌നം കൂടിയാണ്. തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുമ്പോള്‍ അതിന് ഇരകളാകുന്നത് ഗ്രാമീണ ദരിദ്രരും ദളിത്-ആദിവാസി തുടങ്ങി അരുവത്കരിക്കപ്പെട്ട വിഭാഗങ്ങളുമാണ്.

കേന്ദ്രത്തിന്റെ ദാനമോ ഔദാര്യമോ അല്ല ഗ്രാമീണ തൊഴിലുറപ്പ്. പൗരന്മാരുടെ നിയമപരമായ അവകാശമാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കുന്നതല്ല. സാമൂഹിക നീതി ഭരണഘടനയിലെ കേവല വരികളല്ല. ഫെഡറല്‍ സംവിധാനം കേന്ദ്രത്തിന്റെ സൗകര്യാനുസാരം രൂപപ്പെടുത്താവുന്ന വ്യവസ്ഥയുമല്ല. രണ്ടും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറകളാണ്. രണ്ട് വ്യവസ്ഥകളെയും കണക്കിലെടുത്തു വേണം ഏതൊരു പുതിയ നിയമവും നിയമപരിഷ്‌കരണവും നടപ്പാക്കാന്‍. സാമൂഹിക നീതി വാഗ്ദാനം ചെയ്യുന്ന ഒരു രാജ്യത്തിനും ഭരണകൂടത്തിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.

Latest