Kerala
സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ കെട്ടിടത്തിന് ഫിറ്റ്‌നസ് വാങ്ങണം; ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മന്ത്രി ശിവൻകുട്ടി
സ്‌കൂളിന് മുന്നിലുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്യണം

തിരുവനന്തപുരം | സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷയെ മുൻ നിർത്തി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് നിർബന്ധമായും സ്കൂൾ അധികൃതർ വാങ്ങണമെന്ന് യോഗത്തിൽ മന്ത്രി നിർദേശം നൽകി. ഫിറ്റ്‌നസ് നൽകുന്നതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരുമായി ചർച്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകൾ കുട്ടികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്നരീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചു വെക്കേണ്ടതാണ്. സ്‌കൂളിന് മുന്നിലുള്ള പ്രചാരണ സാമഗ്രികൾ, കൊടിതോരണങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്‌സ് എന്നിവ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നീക്കം ചെയ്യേണ്ടതാണ്. വിദ്യാലയങ്ങൾക്ക് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് സൈൻബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം. സ്‌കൂളിലും പരിസരത്തും അപകടകരമായ നിലയിൽ മരങ്ങളോ, മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. സ്‌കൂളിലേയ്ക്കുള്ള വഴി, സ്‌കൂൾപരിസരം എന്നിവിടങ്ങളിൽ ഉള്ള വൈദ്യുത പോസ്റ്റ്, ഇലക്ട്രിക് ലൈൻ, സ്റ്റേവയർ, സുരക്ഷാ വേലികൾ ഇല്ലാതെയുള്ള ട്രാൻസ്‌ഫോർമറുകൾ മുതലായ അപകടകരമായി കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ച് നടപടികൾ സ്വീകരിക്കേണ്ടതുമാണ്. ഉപയോഗശൂന്യമായ ഫർണീച്ചർ, മറ്റു ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിലേക്ക് മാറ്റുകയോ ചെയ്യേണ്ടതാണ്.
സ്‌കൂളുകളിൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിദ്ധ്യമില്ലെന്ന് ഉറപ്പു വരുത്തേണ്ടതാണ്. സ്‌കൂൾ തുറക്കുന്നദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽക്കണ്ട് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അതത് സ്‌കൂളുകൾ സൗകര്യം ഒരുക്കേണ്ടതാണ്. റോഡിനിരുവശവും കൃത്യമായ ഇടവേളകളിൽ സ്പീഡ് ബ്രേക്കറുകൾ ഹംബുകൾ ഉണ്ടെന്നുള്ള കാര്യം പോലീസ് ഉറപ്പു വരുത്തണം. റെയിൽ ക്രോസ്സിന് സമീപമുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ചു കടക്കുന്നതിനുള്ള സംവിധാനം ഒരുക്കേണ്ടതാണ്.
സ്‌കൂളിന് ചുറ്റുമുള്ള കടകളിൽ കൃത്യമായ പരിശോധന നടത്തേണ്ടതും ലഹരി പദാർത്ഥങ്ങൾ വിൽക്കുന്നില്ലായെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജനജാഗ്രത സമിതികൾ രൂപീകരിക്കണം. ക്ലാസ്സുകൾ തുടങ്ങിയശേഷം കുട്ടികൾ എതെങ്കിലും കാരണവശാൽ ക്ലാസ്സിൽ നിശ്ചിത സമയം കഴിഞ്ഞം എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് വിവരം അറിയിക്കേണ്ടതാണ്.
ശുചിമുറികൾ വൃത്തിയാക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. പി ടി എയുടെ നേതൃത്വത്തിൽ സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തേണ്ടതാണ്. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണുവിമുക്തമാക്കേണ്ടതുമാണ്. സ്‌കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ എന്നിവ നിർബന്ധമായും ശുചീകരിക്കേണ്ടതും അണു lവിമുക്തമാക്കേണ്ടതുമാണ്. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഉച്ചഭക്ഷണ വിതരണം ആരംഭിക്കേണ്ടതാണ്. പാചകതൊഴിലാളികൾ ഹെൽത്ത്കാർഡ് എടുത്തുവെന്ന് ഉറപ്പു വരുത്തണം.
കെ.എസ്.ആർ.ടി.സി., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് സ്‌കൂൾതല യോഗങ്ങൾ ചേരണം. ജനജാഗ്രതാ സമിതി ചേർന്ന് പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. കുട്ടികളുടെ പഠനസമയത്തിനു തടസ്സം വരുന്ന രീതിയിൽ പി.റ്റി.എ യോഗങ്ങൾ മറ്റു യോഗങ്ങൾ എന്നിവ നടത്താൻ പാടില്ല. വനം,തോട്ടം മേഖലകളിലെ കുട്ടികൾ സ്‌കൂളിലേക്ക് സഞ്ചരിക്കുന്ന നടവഴികളിൽ വശങ്ങളിലുള്ള കുറ്റിക്കാടുകൾ വെട്ടി മാറ്റേണ്ടതാണ്. ദുരന്ത പ്രതികരണത്തിന് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മതിയായ പരിശീലനം നൽകണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി മോക്ഡ്രിൽ സംഘടിപ്പിക്കണം.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നതിന് പദ്ധതി ആവിഷ്‌കരിക്കണം. സ്‌കൂൾ ലാന്റ്‌ഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രഥമാധ്യാപകർ ഉറപ്പു വരുത്തണം. ഐ.റ്റി. ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കണം. വിദ്യാവാഹിനി പദ്ധതി സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ ആരംഭിക്കുന്നു എന്ന് ഉറപ്പു വരുത്തണം. താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്ന എല്ലാ സ്‌കൂളുകളിലെയും ശുചിമുറികൾ പ്രത്യേക പരിഗണന നൽകി ശുചീകരിക്കേണ്ടതാണ്. എല്ലാ സ്‌കൂളുകളിലും സ്‌കൂൾ സുരക്ഷാ പ്ലാൻ അഥവാ സ്‌കൂൾ ദുരന്ത നിവാരണ പ്ലാൻ തയ്യാറാക്കണം. അധ്യാപകരെല്ലാം അവധിക്കാല പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് പ്രധാന്യാപകൻ ഉറപ്പു വരുത്തണം.
സ്‌കൂൾ ബസ്സിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്‌നസ് എന്നിവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് ഉറപ്പു വരുത്തേണ്ടതാണ്. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്.
സ്‌കൂൾ തുറന്ന് ആദ്യ ആഴ്ചയിൽ വിവിധ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ സംബന്ധിച്ച് ക്ലാസ്സുകൾ നൽകുന്നതാണ്. അതിനെ സംബന്ധിച്ച് ടൈംടൈബിൾ സ്‌കൂൾ പ്രധാനാധ്യാപകർ നിശ്ചയിക്കേണ്ടതാണ്. മെയ് 30 ന് മുമ്പ് ഈ നടപടികൾ പൂർത്തീകരിക്കണമെന്നും യേഗാത്തിൽ നിർദേശം നൽകി.
ജില്ലാ കളക്ടർമാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവരുടെ യോഗമാണ് ചേർന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് ഐ.എ.എസ്. വിദ്യാഭ്യാസ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.