Kerala
ക്രൈസ്തവ സമൂഹവുമായി അടുക്കുക ലക്ഷ്യം; 'സണ്‍ ഇന്ത്യ'എന്ന പേരില്‍ പുതിയ സംഘടനയുമായി ആര്‍ എസ് എസ്
തീവ്രനിലപാടുള്ള കാസയുമായി ക്രൈസ്തവ സഭ പഴയ അടുപ്പം കാണിക്കുന്നില്ലെന്നതു കൊണ്ടാണ് പുതിയ സംഘടന രൂപവത്ക്കരിക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചതെന്നാണ് അറിയുന്നത്.
കൊച്ചി | ക്രൈസ്തവ സമൂഹവുമായി അടുപ്പമുണ്ടാക്കുക ലക്ഷ്യമിട്ട് പുതിയ സംഘടനക്ക് രൂപം നല്‍കി ആര്‍ എസ് എസ്. ‘സണ്‍ ഇന്ത്യ’ എന്നാണ് സംഘടനക്ക് പേരിട്ടിരിക്കുന്നത്. സണ്‍ ഇന്ത്യയുടെ ആദ്യ പരിപാടിയായ ലഹരി വിരുദ്ധ കാമ്പയിന്‍ കൊച്ചിയില്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കലൂരിലെ റിന്യൂവല്‍ സെന്ററിലാണ് പരിപാടി നടന്നത്.
ആര്‍ എസ് എസ് നേതാവ് സി ജി കമല കാന്തനാണ് ആമുഖ പ്രസംഗം നടത്തിയത്. ക്രൈസ്തവ സമൂഹത്തില്‍ നിന്നുള്ള പ്രമുഖരെയാണ് സംഘടനയുടെ ഭാരവാഹികളാക്കിയിട്ടുള്ളത്. കേണല്‍ എസ് ഡിന്നിയാണ് പ്രസിഡന്റ്. ജനറല്‍ സെക്രട്ടറി ഡോ. ജോജി എബ്രഹാമാണ്.
ആര്‍ എസ് എസ് നേതാവും ഹിന്ദു ഐക്യവേദി അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരി സദസ്സിന്റെ മുന്‍നിരയിലുണ്ടായിരുന്നു. സംഘടന സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുകയെന്നാണ് ഭാരവാഹികളുടെ അവകാശവാദം. എന്നാല്‍, ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകരായിരുന്നു പങ്കെടുത്തവരില്‍ ഭൂരിഭാഗവും. തീവ്രനിലപാടുള്ള ആര്‍ എസ് എസ് ഗ്രൂപ്പായ കാസയുമായി ക്രൈസ്തവ സഭ നിലവില്‍ പഴയ രീതിയിലുള്ള അടുപ്പം കാണിക്കുന്നില്ലെന്നതു കൊണ്ടാണ് പുതിയ സംഘടന രൂപവത്ക്കരിക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചതെന്നാണ് അറിയുന്നത്.