Kerala
നടപടി അംഗീകരിച്ച് തുടരും; സിപിഎം വിട്ട് മറ്റ് പാര്‍ട്ടിയിലേക്കില്ല: എസ് രാജേന്ദ്രന്‍
നടപടിയെടുക്കുന്നത് പാര്‍ട്ടി കീഴ്വഴക്കമാണെന്നും എസ് രാജേന്ദ്രന്‍

തൊടുപുഴ | സിപിഎം വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. പാര്‍ട്ടി എന്ത് നടപടി എടുത്താലും അതംഗീകരിച്ച് തന്നെ തുടരും. നടപടിയെടുക്കുന്നത് പാര്‍ട്ടി കീഴ്വഴക്കമാണെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ എസ് രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. രാജേന്ദ്രനെതിരെ ഉയര്‍ന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശരിവച്ചതോടെയാണ് എസ് രാജേന്ദ്രനെ പുറത്താക്കാന്‍ ശിപാര്‍ശ നല്‍കിയത്. ഇടുക്കി ജില്ലാ സമ്മേളനത്തില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. അച്ചടക്ക നടപടിയില്‍ ഇളവ് വേണമെന്നത് സംസ്ഥാന നേതൃത്വം തള്ളുക കൂടി ചെയ്തതോടെ രാജേന്ദ്രന്‍ സമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മണ്ഡലത്തിലെ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ വിഭാഗീയതയ്ക്ക് ശ്രമിച്ചു, എ രാജയെ വെട്ടി സ്ഥാനാര്‍ത്ഥി ആകാന്‍ കുപ്രചാരണങ്ങള്‍ നടത്തി, എന്നീ ആരോപണങ്ങളാണ് എസ് രാജേന്ദ്രനെതിരെ പാര്‍ട്ടി ഉയര്‍ത്തിയത്. 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ദേവികുളം എംഎല്‍എ ആയ എസ് രാജേന്ദ്രന്‍ ഇക്കുറിയും സ്ഥാനാര്‍ഥിത്വം പ്രതിക്ഷിച്ചിരുന്നു. സ്ഥാനാര്‍ഥിത്വം നഷ്ടമായത്തോടെ എസ് രാജേന്ദ്രന്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടു നിന്നതായി പോഷക സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ എല്ലാം കണക്കിലെടുത്താണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതും നടപടിയെടുത്തതും.
തെരഞ്ഞെടുപ്പില്‍ കാന്തലൂര്‍, വട്ടവട, മൂന്നാര്‍ പഞ്ചായത്തുകളിലും പ്രതീക്ഷ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇത്തരം തമിഴ് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ എസ് രാജേന്ദ്രന്‍ വിമത പ്രവര്‍ത്തനം നടത്തിയിരുന്നോ എന്നും ന്വേഷണ കമ്മിഷന്‍ പരിശോധിക്കുകയുണ്ടായി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി വി വര്‍ഗീസ്, പി എന്‍ മോഹനന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതലയുണ്ടായിരുന്നത്.