Kerala
തൃശൂരില്‍ ഇന്നലെ എടിഎം കവര്‍ച്ചക്ക് ശ്രമിച്ച പ്രതി ജ്വല്ലറിയില്‍ ഇന്ന് മോഷണത്തിനിടെ പിടിയില്‍
തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരന്‍ ആണ് ജിന്റോ

തൃശൂര്‍ | തൃശൂരില്‍ പൂങ്കുന്നത്തെ എടിഎമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. പേരാമംഗലം സ്വദേശി ജിന്റോ ആണ് അറസ്റ്റിലായത്. തൃശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം കരാര്‍ ജീവനക്കാരന്‍ ആണ് ജിന്റോ. കുര്യച്ചിറയിലെ ജ്വല്ലറിയില്‍ മോഷണം നടത്തുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ഇന്നലെയാണ് പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ച ശ്രമം നടന്നത്. ഇതിന് പിന്നാലെ പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ അതേ പ്രതി തൃശൂരില്‍ ഇന്ന് രാവിലെ ജ്വല്ലറി മോഷണത്തിനിടെ പിടിയിലാവുകയായിരുന്നു.
കുര്യച്ചിറയിലെ അക്കര ജ്വല്ലറിയിലാണ് മോഷണം നടത്താന്‍ ശ്രമിച്ചത്. പൂട്ടുപൊളിച്ച് വാതിലും തകര്‍ത്ത് അകത്ത് കടക്കുകയായിരുന്നു. ജ്വല്ലറി ഉടമക്ക് ഡോര്‍ തകര്‍ത്തത് സംബന്ധിച്ച സന്ദേശം ഫോണില്‍ വന്നിരുന്നു. ഇതനുസരിച്ച് ഫോണില്‍ സിസിടിവി പരിശോധന നടത്തിയപ്പോഴാണ് മോഷ്ടാവിനെ ജ്വല്ലറിക്കകത്ത് കണ്ടത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. എടിഎമ്മില്‍ സമാനമായ രീതിയില്‍ താന്‍ മോഷണം നടത്തിയെന്ന് ജിന്റോ കുറ്റസമ്മതവും നടത്തി. കടബാധ്യത മൂലമാണ് ഇത്തരത്തില്‍ രണ്ടിടത്തും മോഷണം നടത്തിയതെന്നും ജിന്റോ മൊഴി നല്‍കി