Connect with us

National

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; 26 മരണം, കൊല്ലപ്പെട്ടവരില്‍ മലയാളിയും

സൈനിക വേഷത്തിൽ എത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്; അമിത് ഷാ പഹൽഗാമിലേക്ക് തിരിച്ചു

Published

|

Last Updated

ശ്രീനഗർ |ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തില്‍ 26പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. കൊച്ചി ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. സൈനിക വേഷം ധരിച്ചെത്തിയ ഒരു സംഘം ഭീകരര്‍ പഹല്‍ഗാമിലെ ബൈസാരന്‍ പുല്‍മേടുകളില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയ നാവിക സേനാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട് . വിനയ് നര്‍വാളാണ് (26) കൊല്ലപ്പെട്ടത്. 6 ദിവസം മുന്‍പാണ് വിനയ് നര്‍വാളിന്റെ വിവാഹം നടന്നത്. ഭാര്യയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥിനെയാണ് തിരിച്ചറിഞ്ഞത്

 

.ആക്രമണ സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളിൽ  മൃതദേഹം ചിതറിക്കിടക്കുന്നത് കാണാം. നാട്ടുകാർ സഹായത്തിനെത്തിയപ്പോൾ പരിഭ്രാന്തരായി കരയുന്ന സ്ത്രീകളും ഉണ്ടായിരുന്നു. അടുത്ത ദൂരത്തുനിന്ന് അജ്ഞാതരായ തോക്കുധാരികൾ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർത്തതാണ് നിരവധി പേർക്ക് പരിക്കേൽക്കാൻ കാരണമെന്ന് ദൃക്സാക്ഷി പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

പഹൽഗാം ഹിൽ സ്റ്റേഷനിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയാണ് ബൈസാരൻ പുൽമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ കാൽനടയായോ കുതിരപ്പുറത്തോ മാത്രമേ എത്തിച്ചേരാൻ സാധിക്കൂ. ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം വളഞ്ഞു. പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഭീകരാക്രമണത്തെ തുടർന്ന് അമിത് ഷാ ഉന്നതതല യോഗം വിളിച്ചുചേർത്തു. ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കശ്മീരിലെ പോലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാത്രി 7 മണിയോടെ അമിത് ഷാ പഹൽഗാമിലേക്ക് തിരിക്കും.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ  അത്യധികം ദുഃഖിതനാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ഈ ഹീനമായ ഭീകരകൃത്യത്തിൽ പങ്കാളികളായവരെ വെറുതെ വിടില്ല, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കും. പ്രധാനമന്ത്രി മോദിയെ സംഭവത്തെക്കുറിച്ച് ധരിപ്പിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അടിയന്തര സുരക്ഷാ അവലോകന യോഗത്തിനായി ഉടൻ ശ്രീനഗറിലേക്ക് പോകുമെന്നും അമിത്ഷാ അറിയിച്ചു.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുള്ള ആക്രമണത്തെ അപലപിച്ചു. സംഭവം വിശ്വസിക്കാൻ പോലും കഴിയുന്നില്ല. നമ്മുടെ അതിഥികൾക്ക് നേരെയുണ്ടായ ഈ ആക്രമണം വെറുപ്പുളവാക്കുന്നതാണ്.  ഈ ആക്രമണം നടത്തിയവർ മൃഗങ്ങളാണ്, മനുഷ്യരല്ല, വെറുക്കപ്പെടേണ്ടവരാണ്. ഇതിനെ അപലപിക്കാൻ വാക്കുകളില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എൻ്റെ അനുശോചനം. പരിക്കേറ്റവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ എൻ്റെ സഹപ്രവർത്തക സക്കീന ഇട്ടുവുമായി സംസാരിക്കുകയും അവർ ആശുപത്രിയിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. ഞാൻ ഉടൻ ശ്രീനഗറിലേക്ക് മടങ്ങും – ഉമർ അബ്ദുല്ല എക്സിൽ കുറിച്ചു.

വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള റംബാനിൽ നിന്ന് ശ്രീനഗറിലേക്ക് മടങ്ങി.

വനങ്ങളും തെളിനീരുറവകളും വിശാലമായ പുൽമേടുകളും കൊണ്ട് മനോഹരമായ പഹൽഗാം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. താഴ്‌വരയിലെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് സീസണാണ് ഇത്.

അടുത്തിടെ ജമ്മു കശ്മീർ സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു ഡിവിഷനിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് തീവ്രവാദം പൂർണ്ണമായും ഇല്ലാതാക്കാൻ നിർദ്ദേശം നൽകിയിരുന്നു. നുഴഞ്ഞുകയറ്റം ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.