Kerala
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയെന്ന് ജ്വല്ലറി ഉടമ ഗോവര്‍ധന്റെ മൊഴി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ ഇവരെയും റിമാന്‍ഡ് ചെയ്തിരുന്നു
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നല്‍കിയെന്ന് അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. പണം നല്‍കിയതിന്റെ തെളിവുകള്‍ ഗോവര്‍ധന്‍ എസ് ഐ ടിക്ക് നല്‍കി. ഒന്നരക്കോടി നല്‍കിയതിനുശേഷമാണ് സ്വര്‍ണം വാങ്ങിയത്. ഗോവര്‍ധനനെയും സ്മാര്‍ട്ട് ക്രിയേഷന്‍ സി ഇ ഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നല്‍കും.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെ അറസ്റ്റിലായ ഇവരെയും റിമാന്‍ഡ് ചെയ്തിരുന്നു. ഗോവര്‍ധന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കും. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് ഗോവര്‍ധന്റെ വാദം. ഗോവര്‍ധന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷനില്‍ നിന്ന് ഗോവര്‍ധന്റെ കൈവശമെത്തിച്ച കല്‍പേഷിനെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്യും. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നല്‍കിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധന്റെ മൊഴി.
ശബരിമലയിലെ സ്വര്‍ണമാണെന്നും അത് ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടാണ് ഗോവര്‍ധന്‍ തട്ടിപ്പിന് കൂട്ടുനിന്നതെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. ഇന്നലെ വൈകുന്നേരമാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ കമ്പനിയും വേര്‍തിരിച്ച സ്വര്‍ണം വാങ്ങിയത് ഗോവര്‍ധനനുമാണെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.


