International
കാട്ടാനയെ തീ കൊളുത്തിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍
ശ്രീലങ്കയില്‍ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
കൊളംബോ| ശ്രീലങ്കയില്‍ കാട്ടാനയെ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. 42നും 50നും ഇടയില്‍ പ്രായമുള്ള മൂന്ന് പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കൊളംബോയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അനുരാധാപുരയിലാണ് ക്രൂരത അരങ്ങേറിയത്. അറസ്റ്റിലായവരെ ഡിസംബര്‍ 24 വരെ റിമാന്‍ഡ് ചെയ്തു.
ആനയുടെ വാലില്‍ പ്രതികള്‍ തീ കൊളുത്തുന്നതും അതിന് മുന്‍പ് വെടിവച്ച് പരുക്കേല്‍പ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ശ്രീലങ്കയില്‍ നിയമ പ്രകാരം സംരക്ഷിത ജീവിയാണ് കാട്ടാന. ശ്രീലങ്കയില്‍ ആനകളെ കൊല്ലുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. 1976ന് ശേഷം വധശിക്ഷ നടപ്പിലാക്കാത്തതിനാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ശ്രീലങ്കയില്‍ 400 കാട്ടാന ആക്രമണങ്ങളാണ് ഉണ്ടായത്. 7000ആനകളാണ് ശ്രീലങ്കയിലുള്ളതെന്നാണ് കണക്കുകള്‍.


