Connect with us

teacher's day

അധ്യാപകരുടെ ദിനം; വിദ്യാര്‍ഥികളുടെയും

ബാക്ക് ബെഞ്ചിനെയും മുന്‍ ബെഞ്ചിനെയും ഒരുപോലെ സ്‌നേഹിച്ച, സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച നല്ല ഗുരുക്കന്മാരുടെ ഓര്‍മയില്‍ ഈ അധ്യാപക ദിനത്തില്‍ കണ്ണുതുടക്കാം.

Published

|

Last Updated

ധ്യാപക ദിനം വിദ്യാര്‍ഥികളുടേതാണോ അധ്യാപകരുടേതാണോ എന്ന സംശയമാണ് അധ്യാപക ദിനം എന്ന് കേള്‍ക്കുമ്പോള്‍ തോന്നാറുള്ളത്. ഇപ്പോള്‍ തോന്നുന്നത് അത് രണ്ട് കൂട്ടരുടേയുമാണെന്നാണ്. അധ്യാപകരും വിദ്യാര്‍ഥികളും ഒരേ തോണിയിലെ യാത്രക്കാരാണ്. ഒരാള്‍ തുഴയുന്നു, മറ്റുള്ളവര്‍ അതില്‍ യാത്ര ചെയ്യുന്നു. രണ്ട് കൂട്ടരും യാത്ര ചെയ്യുന്നത് ഒരേ പുഴയിലാണ്, അല്ലെങ്കില്‍ ഒരേ കരയിലേക്കാണ്. ഈ മറുകര വെളിച്ചത്തിന്റെ മറുകരയാണ്. ഗുരു എന്ന വാക്കിന്റെ അര്‍ഥം തന്നെ അതാണ്. ഗു എന്നാല്‍ ഇരുട്ട്, രു എന്നാല്‍ രക്ഷകന്‍. ഇരുട്ടില്‍ നിന്ന് രക്ഷിക്കുന്നവന്‍. ഇരുട്ട് അജ്ഞാനത്തിന്റെ, അന്ധവിശ്വാസങ്ങളുടെ, തെറ്റായ ധാരണകളുടെ പ്രതീകമാണ്. ഇരുട്ട് എല്ലാ കാലവും മനുഷ്യന്റെ ഏറ്റവും വലിയ ഭീതികളിലൊന്നാണ്. എല്ലാ അന്വേഷണവും വെളിച്ചത്തിനെ തേടിയുള്ളതാണ്. ആ വെളിച്ചം സ്രഷ്ടാവിന്റെ ഏറ്റവും വലിയ ദാനവും അനുഗ്രഹവും കൂടിയാണ്. ആ വെളിച്ചത്തിന്റെ പല വ്യാഖ്യാനങ്ങളാണ് ജ്ഞാനവും സുഖവും സന്തോഷവും എല്ലാം. അപ്പോള്‍ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കുക – അതാണ് അധ്യാപകന്റെ കടമ. അത് അധ്യാപകന്റെ മാത്രം കടമയല്ല, അദ്ദേഹത്തിന്റെ മുന്നിലെത്തുന്ന വിദ്യാര്‍ഥികളുടെ കൂടി ഉത്തരവാദിത്വമാണ്. ഒരുമിച്ചുള്ള ഒരു യാത്രയിലാണ് അധ്യാപകനും വിദ്യാര്‍ഥികളും. ഒരാള്‍ മുന്നില്‍ നടക്കുന്നു, മറ്റുള്ളവര്‍ പിറകെ നടക്കുന്നു. ഒരേ വഴിയിലാണ്, ഒരേ കല്ലിലും മുള്ളിലും ചവിട്ടിയാണ്, ഒരേ ലക്ഷ്യത്തിലേക്കാണ് ആ യാത്ര.

അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നിരവധി ഗൃഹാതുര സ്മരണകള്‍ കേള്‍ക്കാറുണ്ട്. പഴയ കാലത്തെ അധ്യാപക- വിദ്യാര്‍ഥി ബന്ധത്തിന്റെ നന്മകള്‍, അതിന്റെ ആഴം, പുതിയ കാലത്തെ ബന്ധമില്ലായ്മ അങ്ങനെ പലതും. പക്ഷേ, അതൊക്കെ പാതി സത്യങ്ങള്‍ മാത്രമാണ്. പണ്ടും നല്ല അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങള്‍ ഉണ്ടായിരുന്നു, ഇന്നും നല്ല ബന്ധങ്ങള്‍ ഉണ്ട്. പഴയ കാലത്ത് കടുത്ത മെത്തഡോളജിയുടെ, കഠിനമായ ശിക്ഷണമുറകളുടെ ഒരു ലോകമായിരുന്നു വിദ്യാഭ്യാസം. ഇന്ന് മാറ്റം വന്നിട്ടുണ്ട്. വളരെയധികം സ്വാതന്ത്ര്യം അനുഭവിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരുമാണ് ഇന്ന് ആ രംഗത്തുള്ളത്. അതിന്റെ ഗുണവും ദോഷവും വിദ്യാര്‍ഥി -അധ്യാപക ബന്ധത്തിലും ഉണ്ടായിരിക്കണം. ദാരിദ്ര്യത്തിന്റെയും പരിമിതികളുടെയും കാലത്ത്, പുസ്തകവും സ്ലേറ്റും ചോക്കും ബോർഡും മാത്രം ഉപയോഗിച്ച് പഠിപ്പിച്ചിരുന്ന ഒരു കാലത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധം ചിലപ്പോള്‍ ഒരു വീട്ടിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പോലെ സുദൃഢമായിരുന്നിരിക്കാം. അതിനും പിറകിലുള്ള കാലത്തേക്ക് വേണമെങ്കില്‍ പോകാം. ആ കാലത്തിനും അതിന്റേതായ നന്മകളും തിന്മകളും ഉണ്ടായിരുന്നു.

സിദ്ധാന്തത്തിലും പ്രയോഗരീതികളിലുമുള്ള പുതിയ പരീക്ഷണങ്ങള്‍, നവ സാങ്കേതിക വിദ്യയൊരുക്കുന്ന അപാര സാധ്യതകള്‍, നവ മാധ്യമങ്ങളുടെ സ്വാധീനം എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന കാലത്ത് ഭൗതിക വിദ്യാഭ്യാസ രംഗത്ത് അധ്യാപക-വിദ്യാര്‍ഥി ബന്ധം ചിലപ്പോള്‍ ഒരു സൗഹൃദത്തിന്റെ, അഥവാ ബ്രോ ബ്രോ രൂപത്തിലേക്ക് മാറിയിരിക്കാം. അത് മൊത്തത്തില്‍ ഈ രംഗത്തെ മാറ്റിമറിച്ചിട്ടുണ്ടായിരിക്കാം. അതിന്റെയെല്ലാം ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിരിക്കാം. എന്തില്‍ നിന്നും ഗുണങ്ങള്‍ സ്വീകരിക്കാന്‍ ശ്രമിക്കുകയും ദോഷങ്ങളെ ഗുണങ്ങളാക്കി മാറ്റാന്‍ വേണ്ടിയുള്ള പരിശ്രമം തുടരുകയും ചെയ്യുക എന്നത് മാത്രമാണ് ഇതില്‍ ചെയ്യാനുള്ളത്.

ബാക്ക് ബെഞ്ചിനെയും മുന്‍ ബെഞ്ചിനെയും ഒരുപോലെ സ്‌നേഹിച്ച, സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച നല്ല ഗുരുക്കന്മാരുടെ ഓര്‍മയില്‍ ഈ അധ്യാപക ദിനത്തില്‍ കണ്ണുതുടക്കാം. നമ്മെ പഠിപ്പിച്ചവര്‍, പഠിപ്പിക്കാന്‍ ശ്രമിച്ചവര്‍, എന്നിട്ടും നമ്മള്‍ പഠിക്കാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ നമ്മെ ശാസിച്ചവര്‍, സ്‌നേഹത്തോടെ ശിക്ഷിച്ചവര്‍, വേദനിക്കരുതേ എന്ന പ്രാര്‍ഥനയോടെ ചെവി പിടിച്ച് തിരുമ്മിയവര്‍, ചൂരല്‍ കൊണ്ട് അടിച്ചവര്‍, ഒരു നേരം ഭക്ഷണത്തിന് വകയില്ലാതിരുന്നപ്പോള്‍ ചോറു വാങ്ങിത്തന്നവര്‍, അസംബ്ലിയില്‍ തലചുറ്റി വീണപ്പോള്‍ ചായയും പഴംപൊരിയും വാങ്ങിത്തന്ന് വീട്ടില്‍ കൊണ്ടുവിട്ടവര്‍ – അങ്ങനെ അധ്യാപക-അധ്യാപിക പരമ്പര – ആ പരമ്പരയെ കുറിച്ച് വളരെ ഗൃഹാതുരമായി സന്തോഷത്തോടെ ഓര്‍മിക്കാം. അങ്ങനെയും അധ്യാപക ദിനം ആചരിക്കാം.

അപ്പോഴും അധ്യാപക ദിനം എന്നത് അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും ഒരുമിച്ചുള്ള ദിനം ആണെന്ന്, ആ ദിനത്തിന്റെ എല്ലാ പ്രാധാന്യവും രണ്ട് കൂട്ടരുടെയും ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ഓര്‍ക്കേണ്ടതുമുണ്ട്. പ്രത്യേകിച്ചും ഒരു ഭാഗത്ത് പുരോഗതിയുടെ വലിയ വെളിച്ചങ്ങളും മറുഭാഗത്ത് വിനാശകരമായ ഇരുട്ടുകളും മുഖാമുഖം നില്‍ക്കുന്ന ഈ വേളയില്‍ ഈ രണ്ട് വംശത്തിനും വര്‍ധിച്ച ഉത്തരവാദിത്വമാണുള്ളത് എന്നുകൂടി ഓര്‍മിക്കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.

കവിയും ഒറ്റപ്പാലം എന്‍ എസ് എസ് കോളജിലെ അധ്യാപകനുമാണ് ലേഖകന്‍

Latest