Connect with us

From the print

നിസ്‌കാരം പഠിപ്പിച്ചെന്നാരോപണം; അധ്യാപകന് സസ്പെൻഷൻ

സാമുദായിക പ്രശ്‌നമാക്കി മാറ്റിയത് ഹിന്ദു ജാഗരൺ മഞ്ച്

Published

|

Last Updated

ഭോപാൽ | സർക്കാർ സ്‌കൂളിൽ നിസ്‌കാരം പഠിപ്പിച്ചെന്നാരോപിച്ച് അധ്യാപകനെ സസ്‌പെൻഡ് ചെയ്ത് ജില്ലാ ഭരണകൂടം. യോഗയുടെയും സൂര്യനമസ്‌കാരത്തിന്റെയും മറവിൽ വിദ്യാർഥികളെ നിസ്‌കാരം പഠിപ്പിച്ചെന്നായിരുന്നു ഹിന്ദുത്വ സംഘടനകൾ ആരോപിച്ചത്.
മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഷാപൂർ പോ ലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിയോഹാരി ഗ്രാമത്തിലെ ഗവ. മിഡിൽ സ്‌കൂളിലെ അധ്യാപകനായ ജബൂർ അഹ്‌മദ് തദ്‌വിയെ ഹിന്ദു ജാഗരൺ മഞ്ച് അംഗങ്ങളുടെ പ്രതിഷേധത്തെത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. സംഭവം രാഷ്ട്രീയവും സാമുദായികവുമായ വിവാദത്തിന് തിരികൊളുത്തിയതോടെ ഭരണകൂടം അന്വേഷണം ആരംഭിക്കുകയും അധ്യാപകനെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

എന്നാൽ, താൻ കുട്ടികളെ പഠിപ്പിച്ചത് യോഗയിലെ ശശാങ്കാസനമാണെന്നും ചില രക്ഷിതാക്കൾ ഇത് നിസ്‌കാരമായി തെറ്റിദ്ധരിച്ചിരിക്കാമെന്നും തദ്‌വി പറഞ്ഞു.
ദീപാവലി അവധിക്കാലത്ത്, യോഗയുടെ പേരിൽ നിസ്‌കാരം പോലുള്ളവ ചെയ്യാൻ അധ്യാപകൻ വിദ്യാർഥികളെ നിർബന്ധിച്ചെന്നാരോപിച്ച് ഏതാനും രക്ഷിതാക്കളും ഗ്രാമവാസികളും പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ വിവരം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചു. തുടർന്ന് റിപോർട്ട് തയ്യാറാക്കാൻ ഒരു സംഘത്തെ അയച്ചു. വിഷയം പരിശോധിക്കുന്നതുവരെ ക്രമസമാധാനം നിലനിർത്താൻ അധ്യാപകനെ അന്വേഷണവിധേയമായിസസ്പെൻഡ് ചെയ്തതായി വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
എന്നാൽ, ഹിന്ദു ജാഗരൺ മഞ്ച് പ്രതിനിധികൾ ഇടപെട്ട് വിഷയം സാമുദായിക പ്രശ്‌നമാക്കി മാറ്റുകയാണെന്നും ആരോപണമുണ്ട്. സംഘടനയുടെ ജില്ലാ കോ-ഒാർഡിനേറ്റർ അജിത് പർദേശി അധ്യാപകന്റെ പ്രവർത്തനങ്ങൾ മനഃപൂർവമാണെന്ന് ആരോപിച്ചു. എന്നാൽ ജബൂർ തദ്‌വി ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. വിദ്യാർഥികളെ യോഗ പഠിപ്പിക്കാനുള്ള സർക്കാർ നിർദേശം പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്നും നിസ്‌കാരത്തിന് യോഗയിലെ ശശാങ്കാസനവുമായി കാഴ്ചയിൽ സാമ്യമുള്ളതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും അധ്യാപകൻ പറഞ്ഞു.

Latest