Connect with us

Articles

ആൽഫ ജനറേഷൻ കാലത്തെ അധ്യാപക ദിനം

വിദ്യാലയങ്ങൾ പഠനകേന്ദ്രങ്ങൾ എന്നതിനപ്പുറം സാമൂഹികവൽക്കരണത്തിന്റെ ആസ്ഥാനങ്ങൾ കൂടിയാണല്ലോ. സ്വതവേ മുതിർന്നവരോടും വിശിഷ്യാ അധ്യാപകരോടും ബഹുമാനവും മറ്റും ഇല്ലാത്ത ഇന്നത്തെ യുവതലമുറകൾക്ക് മുമ്പിൽ, അധ്യാപകർക്ക് കുട്ടികളെ കൂടുതൽ മൂല്യബോധം ഉള്ളവരായി വാർത്തെടുക്കുന്ന വിധത്തിൽ ഇടപഴകാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നത് പുതിയ കാലത്തിൻറെ ആവശ്യമാണ്.

Published

|

Last Updated

ഓരോ സെപ്റ്റംബർ അഞ്ചും നാം അധ്യാപക ദിനമായി ആചരിക്കുന്നു.1962-ൽ ഡോ. രാധാകൃഷ്ണൻ ഇന്ത്യയുടെ രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവാദം ചോദിച്ച ചില വിദ്യാർത്ഥികളോട് , ആ ദിനം അധ്യാപക ദിനമായി ആചരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതിനെ തുടർന്നാണ് സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിച്ചു വരുന്നത്. വിദ്യാർഥികളുടെ ജീവിതത്തിൽ അധ്യാപകരുടെ സ്വാധീനം അവരെ അറിയിക്കാനുള്ള അവസരം കൂടിയാണ് അധ്യാപക ദിനം.

നമ്മുടെ രാജ്യത്തിൻറെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകരുടെ പങ്ക് നിസ്തുലമാണ്. നമ്മുടെ സംസ്കാരങ്ങളെ രൂപപ്പെടുത്തുന്നതിലും ഒരളവോളം അധ്യാപക വിദ്യാർത്ഥി ബന്ധത്തിന് പങ്കുണ്ട്. അധ്യാപകർ അറിവ് പകർന്നു നൽകാനും നേരായ വഴിയിലേക്ക് വിദ്യാർഥികളെ നയിക്കാനും നിയോഗിക്കപ്പെട്ടവരാണ്. സ്കൂളിലെ അച്ഛനും അമ്മയുമാണ് ഓരോ അധ്യാപകരും. വീട്ടിൽ നിന്നും സ്കൂളിലേക്ക് മക്കളെ പറഞ്ഞു വിട്ടാൽ സുരക്ഷിതമായി ആ അച്ഛനമ്മമാരുടെ കയ്യിലാണ് മക്കളെ എല്ലാ രക്ഷിതാക്കളും ഏൽപ്പിക്കുന്നത്. എന്നാൽ മാറിയ കാലത്ത് കുട്ടികൾ വഴി തെറ്റുന്നത് കാണുമ്പോൾ അവരെ ചേർത്തു പിടിച്ച് നേർവഴിയിലേക്ക് കൊണ്ടുവരാൻ കഴിയാത്ത ഒരു പരിത:സ്ഥിതിയിലാണ് ഇന്ന് അധ്യാപക സമൂഹം.

ലഹരി മാഫിയകളും മറ്റും വിദ്യാർത്ഥികളെ റോന്ത് ചുറ്റുന്ന ഇന്നത്തെ കാലത്ത് അത്തരം കുഴികളിൽ ചെന്ന് വീഴുന്നതിന്റെ മർമ്മം കണ്ടെത്തുകയും തക്കതായ പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഏറെ പ്രധാനം. കുട്ടികളിലെ ഫോൺ ഉപയോഗം വലിയൊരു അളവോളം ഇതിന് കാരണമാകുന്നുണ്ട് എന്നത് അനുഭവങ്ങൾ തുറന്നു കാണിക്കുന്നു. കുട്ടികൾക്കിടയിലെ വർധിച്ച ഫോൺ ഉപയോഗം അവരെ അപകടത്തിലേക്ക് നയിക്കുമെന്നത് വസ്തുതയാണെന്നിരിക്കെ, സ്കൂളിൽ ഫോൺ കൊണ്ടുവന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച സംഭവത്തിൽ കുട്ടിയുടെ ചെയ്തിയെ പ്രോത്സാഹിപ്പിക്കും വിധത്തിൽ ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കിയത് നാം കണ്ടതാണ്. സ്കൂളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിനു നിരോധനം ഏര്‍പ്പെടുത്തരുതെന്നായിരുന്നു, കോഴിക്കോട് വടകര സ്വദേശിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ സ്കൂൾ അധികൃതർ പിടിച്ചെടുത്തതിനെതിരെ അച്ഛന്‍ നൽകിയ ഹർജിയിൽ ബാലാവകാശ കമ്മീഷൻ അടുത്തിടെ ഉത്തരവിട്ടത്.

ലോകം ആഗോള ഗ്രാമമാകുകയും ടെക്നോളജിയുടെ അതിപ്രസരണവും നിമിത്തം പുതുതലമുറകളിൽ സംസ്കാരച്യുതി സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ ലിബറിലിസത്തെ വല്ലാതെ പ്രോത്സാഹിപ്പിക്കും വിധത്തിലുള്ള ഇത്തരം നിയമ ഇടപെടലുകൾ ഏറെ ഖേദകരമാണ്. പശ്ചാത്യ സംസ്കാരങ്ങളോടുള്ള അമിതമായ വിധേയത്വം നമ്മുടെ പൗരസ്ത്യ സംസ്കാരങ്ങളിലെ മേന്മകളോടു പോലും ബയാസ് ആകുന്നതിന് കാരണമാകുന്നുണ്ട്.

അദ്ധ്യാപകർ വെറും കൂലി വാങ്ങിക്കുന്ന തൊഴിലാളികൾ മാത്രമല്ല. അവരെ അങ്ങനെ ആക്കിത്തീർക്കരുത്. പറഞ്ഞറിയിക്കാനാവാത്ത വിധം ആഴമേറിയ ഒരു ആത്മബന്ധം അധ്യാപക-വിദ്യാർത്ഥി ബന്ധത്തിനുണ്ട്. സ്കൂളിലെ ഓരോ കുട്ടിയെയും തന്റെ സ്വന്തം കുട്ടിയായി കണ്ട് ചേർത്തുപിടിക്കുന്ന നിസ്വാർത്ഥമായ അധ്യാപക മനസ്സിനെ മരവിപ്പിച്ച് ഏറ്റവും മഹത്തായ അധ്യാപകവൃത്തിയെ വെറും തൊഴിലായി തരംതാഴ്ത്തുകയാണ് ചില പുതിയ നിയമങ്ങളെന്നത് കൂടി നാം ഓർക്കണം. തിന്മകളുടെ കരങ്ങൾ നാലുപാടു നിന്നും വരിഞ്ഞു മുറുക്കുന്ന പുറംലോകത്തേക്ക് മക്കളെ പറഞ്ഞു വിടുമ്പോൾ, വിദ്യാലയങ്ങളിലെ അധ്യാപകർ നിസ്സഹായരാകുന്ന ഈ അവസ്ഥാ വിശേഷം ഒരു തലമുറയെ തന്നെ നാശത്തിലേക്ക് തള്ളിവിടുന്ന ഒന്നാണ്.

വിദ്യാലയങ്ങൾ പഠനകേന്ദ്രങ്ങൾ എന്നതിനപ്പുറം സാമൂഹികവൽക്കരണത്തിന്റെ ആസ്ഥാനങ്ങൾ കൂടിയാണല്ലോ. സ്വതവേ മുതിർന്നവരോടും വിശിഷ്യാ അധ്യാപകരോടും ബഹുമാനവും മറ്റും ഇല്ലാത്ത ഇന്നത്തെ യുവതലമുറകൾക്ക് മുമ്പിൽ, അധ്യാപകർക്ക് കുട്ടികളെ കൂടുതൽ മൂല്യബോധം ഉള്ളവരായി വാർത്തെടുക്കുന്ന വിധത്തിൽ ഇടപഴകാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്നത് പുതിയ കാലത്തിൻറെ ആവശ്യമാണ്. ആൽഫ ജനറേഷനെ വഴി നടത്തുമ്പോൾ ഉണ്ടാവുന്ന ജനറേഷൻ ഗ്യാപ്പ് എന്ന പ്രതിസന്ധിയെ മറികടക്കും വിധത്തിലുള്ള സ്ട്രാറ്റജികൾ ആണ് അധ്യാപകർ ഇനി പ്രയോഗിക്കേണ്ടത്.

അതോടൊപ്പം ഏറ്റവും നല്ല വാക്കുകളും പ്രവർത്തികളും കൊണ്ട് റോൾ മോഡൽ ആകാൻ തനിക്ക് സാധിച്ചിട്ടുണ്ടോ എന്ന പുനർവിചിന്തത്തിന് അധ്യാപക സമൂഹത്തിനുള്ള അവസരമായി മാറട്ടെ ഓരോ അധ്യാപക ദിനവും.

Latest