Kerala
നികുതികളും ഇന്ധന സെസും കുറച്ചില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് മന്ത്രി. സംസ്ഥാനത്ത് നികുതി അരാജകത്വമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം | ബജറ്റില്‍ പ്രഖ്യാപിച്ച നികുതികളും ഇന്ധനസെസും കുറച്ചില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നികുതി വര്‍ധനയെ ന്യായീകരിച്ചു കൊണ്ടാണ് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് ചര്‍ച്ചക്ക് മറുപടി പറഞ്ഞത്.
നികുതി ഏര്‍പ്പെടുത്താതെ മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി. സമരം കിടന്ന് കുറപ്പിച്ചെന്ന് വരുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളില്‍ കുറക്കുമെന്ന സൂചനകളുണ്ടായതാണ് യു ഡി എഫിന് ബുദ്ധിമുട്ടായതെന്നും കുറച്ചാല്‍ തങ്ങളുടെ വിജയമാണെന്ന് പറയാമെന്നാണ് പ്രതിപക്ഷം കരുതിയിരുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണ്. ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോ. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്നമാണ് കട്ടപ്പുറത്താവുക.
വിദേശത്ത് പോകുന്നതും കാറ് വാങ്ങുന്നതും ഒഴിവാക്കിയല്ല ചെലവ് ചുരുക്കേണ്ടത്. പദ്ധതികളില്‍ പ്രായോഗികവും ശാസ്ത്രീയവുമായ രീതികള്‍ കൊണ്ടുവന്നാണ്. പഞ്ചായത്തുകളില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നികുതിയാണ് വാങ്ങുന്നത്. കാലോചിതമായ മാറ്റമാണ് ഇതില്‍ വരുത്തിയിട്ടുള്ളത്.
മദ്യത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടില്ല. 500 രൂപക്ക് മുകളിലുള്ള മദ്യത്തിനേ വില വര്‍ധിപ്പിച്ചിട്ടുള്ളൂ. 1000 രൂപക്ക് മുകളിലുള്ള മദ്യം വില്‍ക്കുന്നത് എട്ട് ശതമാനം മാത്രമേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റും കേന്ദ്ര ബജറ്റും ഒരുപോലെയാണെന്ന് പ്രതിപക്ഷത്തെ ചില നേതാക്കള്‍ പറയുന്നു. കോര്‍പറേറ്റുകള്‍ക്കാണ് കേന്ദ്രം നികുതി കുറച്ചുകൊടുത്തത്. തൊഴിലുറപ്പ് പദ്ധതിയില്‍ അടക്കം വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. കര്‍ഷകര്‍ക്കുള്ള ഫണ്ടും വെട്ടിക്കുറച്ചു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വില്‍ക്കുക എന്നതാണ് കേന്ദ്രനയം. കേന്ദ്രം ഇറച്ചി വിലക്ക് വില്‍പനക്കു വെച്ച സ്ഥാപനങ്ങള്‍ വിലകൊടുത്തു വാങ്ങി ലാഭത്തിലാക്കുകയാണ് കേരളം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇത് മുഖ്യമന്ത്രിയുടെ പിടിവാശി; പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷം
നികുതി കുറക്കാത്തത് മുഖ്യമന്ത്രിയുടെ പിടിവാശി കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നികുതി അരാജകത്വമാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അഹങ്കാരവും ധാര്‍ഷ്ട്യവുമാണ്. നികുതി പിരിവില്‍ 25,000 കോടി രൂപയുടെ കുറവുള്ളതായും സതീശന്‍ പറഞ്ഞു.
ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യു ഡി എഫ് പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും. ഈമാസം 13, 14 തീയ്യതികളില്‍ രാപ്പകല്‍ സമരം നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.