Saudi Arabia
സഊദിയില്‍ ഇലക്ട്രിക് ബസുകള്‍ സര്‍വീസ് ആരംഭിക്കുന്ന ആദ്യ നഗരമായി തബൂക്ക്
പുതിയ പബ്ലിക് ബസ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ഘട്ടം തബൂക്ക് മേഖലാ ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.

തബൂക് | സഊദി പൊതുഗതാഗത ശൃംഖലയില്‍ രാജ്യത്ത് ആദ്യമായി ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്ന ആദ്യ നഗരമായി വടക്ക് പടിഞ്ഞാറന്‍ നഗരമായ തബൂക്ക്. പുതിയ പബ്ലിക് ബസ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ പ്രവര്‍ത്തന ഘട്ടം തബൂക്ക് മേഖലാ ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.
നഗരത്തിലുടനീളം 136 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അഞ്ച് പ്രധാന റൂട്ടുകളില്‍ പരിശീലനം ലഭിച്ച 90 സ്വദേശി ഡ്രൈവര്‍മാരാണ് സര്‍വീസ് നടത്തുന്നത്. ഇതോടെ, കാര്‍ബണ്‍ ബഹിര്‍ഗമനം പരാമവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പൂര്‍ണ തോതിലുള്ള പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വിന്യസിക്കുന്ന ആദ്യത്തെ സഊദി നഗരമായി തബൂക്ക് മാറി.
താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ദൈനംദിന യാത്രാമാര്‍ഗങ്ങള്‍ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ, ആകെയുള്ള 106 സ്റ്റേഷനുകള്‍ പ്രധാന റെസിഡന്‍ഷ്യല്‍, വാണിജ്യ, ഭരണ കേന്ദ്രങ്ങളെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സഊദി വിഷന്‍ 2030 ന്റെ വിശാലമായ ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പരിവര്‍ത്തനാത്മക നടപടിയായിട്ടാണ് ഗവര്‍ണര്‍ ഗതാഗത പദ്ധതിയെ വിശേഷിപ്പിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും തുടര്‍ച്ചയായ പിന്തുണ നല്‍കിയതിന് സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നേതൃത്വത്തെ ഫഹദ് രാജകുമാരന്‍ പ്രശംസിച്ചു. ഗതാഗത ജനറല്‍ അതോറിറ്റിയുടെ ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍-റുമൈഹം, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.