Ongoing News
ഇന്ത്യക്കെതിരായ ടി20 പരമ്പര: ശ്രീലങ്ക ടീമിനെ പ്രഖ്യാപിച്ചു; നായകനെയും
നായകസ്ഥാനത്ത് ചരിത് അസലങ്കയെ നിയമിച്ചു.

കൊളംബോ | ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. പുതിയ ക്യാപ്റ്റനെയും തീരുമാനിച്ചിട്ടുണ്ട്. വാനിന്ദു ഹസരങ്ക സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് നായകസ്ഥാനത്ത് ചരിത് അസലങ്കയെ നിയമിച്ചു. ടി20 ലോകകപ്പില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഹസരങ്ക ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത്. ഈ മാസം 11നാണ് താരം നേതൃപദവിയില്‍ നിന്ന് പിന്മാറിയത്.
ഈ വര്‍ഷമാദ്യം ബംഗ്ലാദേശിനെതിരായ രണ്ട് ടി20 മത്സരങ്ങളില്‍ അസലങ്ക ശ്രീലങ്കയെ നയിച്ചിരുന്നു. ശ്രീലങ്കയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായിരുന്ന അസലങ്ക ലങ്കന്‍ പ്രീമിയര്‍ ലീഗില്‍ ജാഫ്‌ന കിംഗ്‌സിനെ ഈ സീസണില്‍ കിരീട നേട്ടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ്.
ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള 16 അംഗ ടീമിലോക്ക് ദിനേശ് ചണ്ടിമല്‍ തിരിച്ചെത്തി. ചാമിന്ദു വിക്രമസിങ്കെ ആണ് ടീമിലെ പുതുമുഖം. നഞ്ജയ ഡിസില്‍വ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. എന്നാല്‍, ഏകദിന ടീം നായകന്‍ കുശാല്‍ മെന്‍ഡിസിനെ ഇന്ത്യക്കെതിരായ പരമ്പരയില്‍ നിലനിര്‍ത്തുമോ എന്ന കാര്യം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ജൂലൈ 27ന് ശനിയാഴ്ച കാന്‍ഡിയിലാണ് ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരം.
ടി20 പരമ്പരക്കുള്ള ശ്രീലങ്കന്‍ ടീം: ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാത്തും നിസങ്ക, കുസല്‍ ജനിത് പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ദിനേഷ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, മഹീഷ് തീക്ഷണ, ചാമിന്ദു വിക്രമാസിംഗെ മതീഷ പതിരാന, നുവാന്‍ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ.