Editorial
താങ്ങുവില വര്‍ധന ആശ്വാസകരം; അപര്യാപ്തം
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വ്യവസായികമായി കുതിച്ചുവെന്നൊക്കെ പറയുമ്പോഴും നട്ടെല്ല് കാര്‍ഷിക മേഖല തന്നെയാണ്. ജന ബഹുലമായിട്ടും ഭക്ഷ്യ സുരക്ഷിതമാണ് രാജ്യമെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആത്മവിശ്വാസം. അതുകൊണ്ട് കാര്‍ഷിക മേഖലക്ക് കൊടുക്കുന്ന ഏത് പ്രോത്സാഹനവും അധികമാകില്ല.

നെല്ലടക്കമുള്ള ഖാരിഫ് വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഏറെ ആശ്വാസകരമാണ്. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപയാണ് വര്‍ധിപ്പിച്ചത്. 2022-23 വിളവെടുപ്പ് വര്‍ഷത്തില്‍ നെല്ലിന്റെ താങ്ങുവില ഇതോടെ ക്വിന്റലിന് 2,040 രൂപയായി മാറും. സംസ്ഥാന സര്‍ക്കാറിന്റെ വിഹിതം ചേരുമ്പോള്‍ ഇത് അല്‍പ്പം കൂടി ഉയരുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി (സി സ ി ഇ എ)യാണ് താങ്ങുവില വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശക്ക് അംഗീകാരം നല്‍കിയത്.
ഖാരിഫ് വിളകളുടെ വിത്ത് വിതയ്ക്കുന്നതിന് മുമ്പ് തന്നെ താങ്ങുവില വര്‍ധനവ് പ്രഖ്യാപിക്കുന്നത് കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിലയെക്കുറിച്ചുള്ള സൂചന നല്‍കുകയും ഏത് വിളകള്‍ വളര്‍ത്തണമെന്ന് തീരുമാനിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഇക്കാര്യം പ്രഖ്യാപിച്ച കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. എള്ളിനാണ് ഏറ്റവും ഉയര്‍ന്ന വില വര്‍ധന നല്‍കിയിരിക്കുന്നത്. ക്വിന്റലിന് പരമാവധി 523 രൂപ എള്ളിന് വര്‍ധിപ്പിച്ചപ്പോള്‍ ചോളത്തിന് ഇത് 92 രൂപയാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ വില നിര്‍ണയം വിപണിക്ക് വിട്ടുകൊടുക്കാതെ സര്‍ക്കാര്‍ ഇടപെടുന്ന സംരക്ഷണ നടപടിയാണ് മിനിമം താങ്ങുവില. ഈ സംവിധാനത്തില്‍ കൈവെക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. അതിനെ സമരസജ്ജരായ കര്‍ഷകര്‍ ചെറുത്തു തോല്‍പ്പിക്കുകയും താങ്ങുവില പഴയപടി നിലനിര്‍ത്തണമെന്ന ആവശ്യം സമരത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള പ്രധാന നിബന്ധനയായി ഉയര്‍ന്നുവരികയും ചെയ്തത് കൊണ്ടാണ് ഇന്ന് ഇത്തരമൊരു ആശ്വാസ നിശ്വാസത്തിന് വഴിയൊരുങ്ങിയതെന്ന് മറക്കാന്‍ പാടില്ലാത്തതാണ്. പണപ്പെരുപ്പ നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വില കൂടുന്ന ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊള്ളരുതെന്ന് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഭക്ഷ്യ വസ്തുക്കളുടെ പൊതു വിലയില്‍ ചെറിയ സമ്മര്‍ദമുണ്ടാക്കുന്ന തീരുമാനമാണ് താങ്ങുവിലയിലെ വര്‍ധന. ഇതറിഞ്ഞിട്ടും കര്‍ഷകര്‍ക്ക് ആശ്വാസവും പ്രോത്സാഹനവും നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായി എന്നത് സ്വാഗതാര്‍ഹമാണ്.
എന്നാല്‍ ഈ താങ്ങുവില വര്‍ധനവ് അപര്യാപ്തമാണെന്ന് കര്‍ഷക സംഘടനകള്‍ പരാതിപ്പെടുന്നുണ്ട്. അരി, ചോളം, നിലക്കടല തുടങ്ങിയവക്ക് ഏഴ് ശതമാനവും ബജ്റയ്ക്ക് എട്ട് ശതമാനവും മാത്രമാണ് വര്‍ധനയെന്നും ഉത്പാദനച്ചെലവും വളം വിലയും വന്‍തോതില്‍ വര്‍ധിക്കുമ്പോള്‍ ഇത് അപര്യാപ്തമാണെന്നും അഖിലേന്ത്യാ കിസാന്‍ സഭ ചൂണ്ടിക്കാട്ടുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത പോലെ യഥാര്‍ഥ ഉത്പാദനച്ചെലവിന്റെ 50 ശതമാനമെങ്കിലും അധികം കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ എണ്ണ, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി കുറക്കണമെന്നും ഇവ രാജ്യത്ത് കൃഷി ചെയ്യാന്‍ ഇന്‍സെന്റീവ് നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
നെല്ലിന് കിലോക്ക് 35 രൂപയെങ്കിലും വേണമെന്നാണ് കേരളത്തിലെ കര്‍ഷക കൂട്ടായ്മകള്‍ ആവശ്യപ്പെടുന്നത്. രാസവളം, കീടനാശിനി എന്നിവക്ക് വില വര്‍ധിച്ചു. കൂടാതെ തൊഴിലാളികളുടെ കൂലിയും കൂട്ടി. വായ്പയെടുത്ത പണം പോലും തിരിച്ചടക്കാന്‍ കഴിയാതെ വന്നെന്നും കര്‍ഷകര്‍ പറയുന്നു. താരയുടെ (കിഴിവ്) പേരില്‍ നെല്ല് കുറക്കുന്നതോടെ കൂടിയ വിലയുടെ പ്രയോജനം ലഭിക്കാതെ പോകുന്നതായും കര്‍ഷകര്‍ പറയുന്നു. നെല്ല് എടുക്കുമ്പോള്‍ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ക്വിന്റലിന് ഇത്ര കിലോ എന്ന നിരക്കില്‍ വരുത്തുന്ന കുറവാണ് താര. 100 കിലോ നെല്ല് എടുക്കുമ്പോള്‍ സാധാരണ മൂന്ന് മുതല്‍ അഞ്ച് കിലോ വരെ താരയുടെ പേരില്‍ മില്ലുകാര്‍ കുറക്കുന്നു.
ചില സംസ്ഥാനങ്ങളും താങ്ങുവിലയിലെ അപര്യാപ്തത ചൂണ്ടിക്കാട്ടി രംഗത്തുവന്നിട്ടുണ്ട്. അതില്‍ ബി ജെ പി ഭരിക്കുന്ന ഉത്തര്‍ പ്രദേശുമുണ്ട്. ഝാര്‍ഖണ്ഡ്, ബിഹാര്‍, ഛത്തീസ്ഗഢ് സര്‍ക്കാറുകള്‍ കേന്ദ്ര കൃഷി മന്ത്രാലയത്തിന് കത്തയച്ചിട്ടുമുണ്ട്. ഉത്പാദനച്ചെലവ് കുത്തനെ കൂടിയ സാഹചര്യത്തിലും വിപണിയിലെ ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തിലും ന്യായമായ താങ്ങുവില അനുവദിക്കണമെന്നാണ് ഈ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. സ്വാമിനാഥന്‍ കമ്മീഷന്‍ 2006ല്‍ മുന്നോട്ട് വെച്ച നിരക്കിലുള്ള താങ്ങുവില ഇപ്പോഴും സാധ്യമായിട്ടില്ല. മാത്രമല്ല ഉത്പാദനച്ചെലവ് കണക്കാക്കുന്നതിനുള്ള മാനദണ്ഡത്തിലെ തര്‍ക്കം തീര്‍ന്നിട്ടുമില്ല. താങ്ങുവിലയില്‍ കുറച്ചുള്ള വിലക്ക് സംഭരിക്കുന്നത് നിയമം മൂലം തടയണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ അത്തരമൊരു ഏകീകൃത വില സംവിധാനം കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്നും അത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാകുമെന്നുമാണ് മോദി സര്‍ക്കാറിന്റെ മറുപടി.
ഈ മറുപടിയില്‍ സുപ്രധാനമായ ഒരു പ്രശ്നം അടങ്ങിയിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ കര്‍ഷകരെ സംരക്ഷിക്കാന്‍ നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ അവയെ എതിര്‍ക്കുന്ന സമീപനമാണ് ലോകവ്യാപര സംഘടനയടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ കൈക്കൊള്ളാറുള്ളത്. എന്നാല്‍ വികസിത രാജ്യങ്ങള്‍ പ്രൊട്ടക്ഷനിസ്റ്റ് നയം പിന്തുടരുന്നത് അവ കണ്ടില്ലെന്ന് വെക്കുകയും ചെയ്യുന്നു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് തുടങ്ങുകയും ജോ ബൈഡന്‍ തുടരുകയും ചെയ്യുന്ന അമേരിക്ക ഫസ്റ്റ് നയം ഇത്തരത്തിലൊന്നാണ്. അവിടെ സബ്സിഡി നല്‍കും. ഇറക്കുമതി നിരോധിക്കും. കര്‍ഷകര്‍ക്ക് ഇന്‍സെന്റീവ് നല്‍കും. എന്നാല്‍ അതൊന്നും വികസ്വര രാജ്യങ്ങളില്‍ പറ്റില്ലെന്ന് പറയുന്നത് എങ്ങനെ നീതീകരിക്കാനാകും?
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വ്യവസായികമായി കുതിച്ചുവെന്നൊക്കെ പറയുമ്പോഴും നട്ടെല്ല് കാര്‍ഷിക മേഖല തന്നെയാണ്. ജന ബഹുലമായിട്ടും ഭക്ഷ്യ സുരക്ഷിതമാണ് രാജ്യമെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആത്മവിശ്വാസം. അതുകൊണ്ട് കാര്‍ഷിക മേഖലക്ക് കൊടുക്കുന്ന ഏത് പ്രോത്സാഹനവും അധികമാകില്ല. കര്‍ഷകര്‍ക്ക് ന്യായമായ വില കിട്ടുന്നുവെന്ന് ഉറപ്പാക്കണം. വളം സബ്സിഡി പര്യാപ്തമായ നിലയില്‍ തുടരണം. സര്‍ക്കാര്‍തലത്തില്‍ സംഭരണ സംവിധാനങ്ങള്‍ വികസിപ്പിക്കണം. കടാശ്വാസത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകരുത്.