Connect with us

Kerala

കേസ് ഒതുക്കാന്‍ 20 ലക്ഷത്തിന് മുകളില്‍ വാഗ്ദാനം ചെയ്തുവെന്ന് സുജിത്തിന്റെ വെളിപ്പെടുത്തല്‍; ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് പോലീസുകാരെ രക്ഷിക്കാന്‍ ശ്രമമെന്നും ആരോപണം

ഉദ്യോഗസ്ഥര്‍ വഴിയും നേരിട്ടും ഇടപെടലുണ്ടായരുന്നതായും സുജിത്

Published

|

Last Updated

തൃശൂര്‍ | കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസുകാരന്‍ അതിക്രൂര മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസ് ഒതുക്കാന്‍ പോലീസ് 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തല്‍. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസ് ഒതുക്കാന്‍ ഇതില്‍ കൂടുതല്‍ പണവും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായും സുജിത്ത് പറയുന്നു. ഉദ്യോഗസ്ഥര്‍ വഴിയും നേരിട്ടും ഇടപെടലുണ്ടായരുന്നതായും സുജിത് പറയുന്നു.

അതേസസമയം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നലുപേര്‍ക്ക് പുറമെ, അന്ന് പോലീസ് ഡ്രൈവറായിരുന്ന സുഹൈര്‍ കൂടി തന്നെ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും സുജിത് കൂട്ടിച്ചേര്‍ത്തു.റവന്യൂ വകുപ്പിലാണ് സുഹൈര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. തന്നെ മര്‍ദ്ദിച്ച അഞ്ചുപേര്‍ക്കെതിരെയും നടപടി വേണമെന്നും സുജിത് ആവശ്യപ്പെടുന്നു.

2023 ഏപ്രില്‍ അഞ്ചിനാണ്, യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റായിരുന്ന സുജിത്തിനെ പോലീസുകാര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായി മര്‍ദ്ദിച്ചത്.ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ അകാരണമായി പോലീസുകാര്‍ ഭീഷണിപ്പെടുത്തുന്നത് ചോദ്യം ചെയ്തതാണ് ക്രൂരമര്‍ദ്ദനത്തിന് ഇടയാക്കിയത്. കുന്നംകുളം സ്റ്റേഷനിലെ എസ്ഐ നൂഹ്മാന്‍, സീനിയര്‍ സിപിഒ ശശിധരന്‍, സിപിഒ മാരായ സന്ദീപ്, സജീവ് എന്നിവര്‍ ചേര്‍ന്നാണ് അതിക്രൂരമായി സുജിത്തിനെ മര്‍ദിച്ചത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിയ പൊലീസ്, പിന്നീട് വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സുജിത്തിന് കൈമാറിയത്. മര്‍ദ്ദനത്തില്‍ സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമാകുകയും ചെയ്തിരുന്നു.

കോടതി നിര്‍ദേശപ്രകാരം എടുത്ത കേസില്‍ എസ് ഐ നുഹ്മാന്‍, സിപിഒമാരായ ശശിധരന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ പ്രതികളാണ്.ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. കുറ്റക്കാരെ സസ്പെന്‍ഡ് ചെയ്യാതെ, രണ്ടുവര്‍ഷത്തേക്ക് ശമ്പള വര്‍ധന തടയുകയെന്ന നടപടി മാത്രമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

 

---- facebook comment plugin here -----

Latest