Kerala
ആത്മഹത്യാ പ്രതിരോധ ദിനാചരണം: കാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലിലൂടെ സമഗ്രമായ ആത്മഹത്യാ പ്രതിരോധം സാധ്യമാക്കുക ലക്ഷ്യം.

ന്യൂഡല്‍ഹി | ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ മാനസികാരോഗ്യ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ലിസണിങ് കമ്മ്യൂണിറ്റിയും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടീം ഇന്‍ക്യൂബേഷനും ചേര്‍ന്ന് ആത്മഹത്യാ പ്രതിരോധ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. കേരളത്തില്‍ ആത്മഹത്യ ഒരു വലിയ സാമൂഹിക-ആരോഗ്യ പ്രശ്‌നമായി മാറുന്ന സാഹചര്യത്തില്‍, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള ഇടപെടലിലൂടെ സമഗ്രമായ പ്രതിരോധം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ആത്മഹത്യാ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ലിസണിങ് കമ്മ്യൂണിറ്റി.
കാമ്പയിനിന്റെ ഭാഗമായി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എന്‍ ജി ഒകള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ, റെസിഡന്‍സ് അസോസിയേഷനുകള്‍ അധ്യാപക, വിദ്യാര്‍ഥി യുവജന സംഘടനകള്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കും ആത്മഹത്യാ പ്രതിരോധ സന്ദേശം വ്യാപിപ്പിച്ച് ബോധവത്ക്കരണവും പ്രതിരോധവും ശക്തിപ്പെടുത്തുകയെന്നതാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഇതിനായി സംഘാടകരെ ബന്ധപ്പെടാം.
കാമ്പയിനിന്റെ ഭാഗമായി ആത്മഹത്യാ പ്രതിരോധ ബോധവത്ക്കരണ പരിപാടികള്‍, ‘ഗേറ്റ് കീപ്പര്‍’ പരിശീലനങ്ങള്‍, പ്രതിരോധ സ്‌ക്വാഡ് രൂപവത്കരണം, സുരക്ഷാ പദ്ധതി തയ്യാറാക്കല്‍, ലിസണിങ് ക്ലബ് സ്ഥാപിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, ആവശ്യാനുസരണം ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികള്‍ രൂപകല്‍പന ചെയ്ത് നടപ്പിലാക്കാനും സംഘാടകര്‍ പദ്ധതിയിടുന്നു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകുന്ന ഏകോപിത പ്രവര്‍ത്തനങ്ങളിലൂടെ ആത്മഹത്യാ നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസമെന്ന് ലിസണിങ് കമ്യൂണിറ്റി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി. കാമ്പയിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി 8606966000, 9526304231 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് കണ്‍വീനര്‍ ഹാഷിര്‍ ഷെഹീം അറിയിച്ചു.