Connect with us

UP Election 2022

യു പിയിൽ ഇത്തവണ കരിമ്പ് കയ്ക്കും

ഉത്തർപ്രദേശ് രാഷ്ട്രീയത്തിലും നിർണായകമായ ശക്തിയാണ് കരിമ്പ് കർഷകർ.

Published

|

Last Updated

ഉത്തർപ്രദേശിലെ കരിമ്പ് പാടങ്ങളിലെ വിളവെടുപ്പ് സീസൺ ആണിപ്പോൾ. ഒരു വർഷത്തിലധികം നീണ്ട അധ്വാനത്തിന് ശേഷമാണ് പാടങ്ങളിൽ നിന്നും കരിമ്പുകൾ വെട്ടി മില്ലിലേക്ക് അയക്കുക. ഒക്ടോബർ – നവംബർ മാസങ്ങളിലാണ് കരിമ്പ് കൃഷി ആരംഭിക്കുന്നത്. ഒരു വർഷം കഴിഞ്ഞ് നവംബർ-ഡിസംബർ മാസങ്ങളിൽ വിളവെടുക്കും. ചിലപ്പോഴത് ഫെബ്രുവരി വരെ നീളും. ഉത്തർപ്രദേശാണ് രാജ്യത്തെ ഏറ്റവും കൂടുതൽ കരിമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. 2020-21 സാമ്പത്തിക വർഷത്തിൽ 27.40 ലക്ഷം ഹെക്ടറിലാണ് ഉത്തർപ്രദേശ് കരിമ്പ് കൃഷി ചെയ്തത്. കഴിഞ്ഞ പഞ്ചസാര സീസണിൽ 22.32 കോടി കരിമ്പ് ഉത്പാദിപ്പിച്ചെന്നും ഇതിൽ നിന്ന് 10.27 കോടി ടൺ ഉപയോഗിച്ച് 110.59 ലക്ഷം ടൺ പഞ്ചസാര ഉത്പാദിപ്പിച്ചെന്നുമാണ് സംസ്ഥാന സർക്കാറിന്റെ കണക്ക്.

ഉത്തർപ്രദേശ് രാഷ്ട്രീയത്തിലും നിർണായകമായ ശക്തിയാണ് കരിമ്പ് കർഷകർ. എന്നാൽ, പേര് പോലെ അത്ര മധുരമുള്ളതല്ല ഈ കരിമ്പ് കർഷക ജീവിതം. ഓരോ തിരഞ്ഞെടുപ്പിലും പശ്ചിമ ഉത്തർപ്രദേശിലെ കരിമ്പ് കർഷകരെ തേടി നിരവധി വാഗ്ദാനങ്ങളുമായി ഓരോ പാർട്ടികളുമെത്തും. മത്സരം കഴിഞ്ഞ് അധികാരമേറ്റതിന് ശേഷം പാർട്ടികളൊന്നും തന്നെ വാഗ്ദാനങ്ങളെക്കുറിച്ച് ഓർമിക്കുക പോലുമില്ല. 2017ൽ ബി ജെ പി കരിമ്പ് കർഷകർക്ക് നിരവധി വാഗ്ദാനങ്ങളാണ് നൽകിയിരുന്നത്. ഇവയൊന്നും പാലിക്കാൻ യോഗി സർക്കാർ തയ്യാറായില്ല. ഇക്കുറി പകരം ചോദിക്കാനാണ് കരിമ്പ് കർഷകരുടെ തീരുമാനം.

പശ്ചിമ ഉത്തർപ്രദേശിലെ 27 ജില്ലകളിലാണ് കരിമ്പ് കർഷകരുടെ ശക്തമായ സാന്നിധ്യമുള്ളത്. പ്രധാനമായും ജാട്ട്, മുസ്‌ലിം സമുദായങ്ങളിൽ നിന്നാണ് കരിമ്പ് കർഷകരുള്ളത്. ഖേരി, ബിജ്‌നോർ, മുസഫർനഗർ, സീതാപൂർ, സഹാറൻപൂർ, മീററ്റ്, ബറേലി, ഗോണ്ട, ബാഗ്പത്, അംറോഹ, പിലിഭിത്, കുഷിനഗർ, ശാംലി, ബുലന്ദ് ഷെഹർ, മുറാദാബാദ്, ഹർദോയ്, ബൽറാംപൂർ, ബസ്തി, ശാജഹാൻപൂർ, ഹാപൂർ, രാംപൂർ, ഗാസിയാബാദ്, ഫൈസാബാദ് തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും കരിമ്പ് കൃഷിയുള്ളത്.

സംസ്ഥാനത്തെ 40 ലക്ഷത്തോളം കുടുംബങ്ങൾ കരിമ്പ് കർഷകരാണെന്നാണ് പൊതുകണക്ക്. 150ഓളം മണ്ഡലങ്ങളിൽ കരിമ്പ് കർഷകർക്ക് നിർണായക സ്വധീനം ചെലുത്താനാവുമെന്നും വലിയിരുത്തപ്പെടുന്നു. സർക്കാർ വാഗ്ദാനം ചെയ്ത പണം പോലും ഇവർക്ക് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ സെപ്തംബറിൽ കരിമ്പ് ക്വിന്റലിന് യോഗി സർക്കാർ വില വർധിപ്പിച്ചെങ്കിലും ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കർഷകർ പറയുന്നു. നാല് വർഷത്തിന് ശേഷമാണ് ഈ വർധനവെന്നും കർഷകർ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ പ്രദേശങ്ങളിൽ നിന്നുള്ള ജാട്ട് കർഷക വോട്ടുകളാണ് ബി ജെ പി പ്രധാനമായും പെട്ടിയിലാക്കിയിരുന്നത്. 2017ലെ പോലെ മൊത്തമായി ഈ വോട്ടുകൾ ഇക്കുറി ബി ജെ പിക്ക് ലഭിക്കില്ല. ജാട്ട് വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ജയന്ത് ചൗധരിയുടെ ആർ എൽ ഡി പ്രദേശത്ത് ശക്തമായ സാന്നിധ്യമായി നിലയുറപ്പിച്ചതും ബി ജെ പിക്ക് വലിയ തിരിച്ചടിയാണ്. കർഷക പ്രക്ഷോഭവും ബി ജെ പിയുടെ ഈ മേഖലയിലെ വോട്ട് ചോർച്ചക്ക് കാരണമായേക്കും. കഴിഞ്ഞ തവണ ബി ജെ പിക്ക് ലഭിച്ചിരുന്ന ജാട്ട് വോട്ടുകളിൽ നാൽപ്പത് ശതമാനം എസ് പി- ആർ എൽ ഡി സഖ്യത്തിലേക്ക് വീഴുമെന്നാണ് പൊതുനിരീക്ഷണം. അതേസമയം, എസ് പിയിലെ മുസ്‌ലിം സാന്നിധ്യം ചൂണ്ടിക്കാണിച്ച് ബി ജെ പി നടത്തുന്ന ഇപ്പോഴത്തെ പ്രചാരണം എങ്ങനെ ഏശുമെന്നതിനെ കൂടി ആശ്രയിച്ചായിരിക്കും ജാട്ട് കർഷക വോട്ടുകളുടെ ഗതിമാറ്റം.

Latest