Kerala
ആറുവയസ്സുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും റംലാ ബീഗവും കസ്റ്റഡിയില്‍
കൊലക്കുറ്റം നിലനില്‍ക്കും എന്ന് കണ്ടെത്തിയ ഹൈക്കോടതി പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്
കോഴിക്കോട് | അച്ഛനും രണ്ടാനമ്മയും ആറുവയസ്സുകാരിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍ പ്രതികളായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ദേവിക അന്തര്‍ജനം എന്ന റംലാ ബീഗവും കസ്റ്റഡിയില്‍. 2013 ല്‍ കേരളത്തെ നടക്കിയ കൊലയില്‍ അദിതി എസ് നമ്പൂതിരി എന്ന കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദിവസങ്ങള്‍ക്കു മുമ്പു കഴിച്ച മാങ്ങയുടെ അവശിഷ്ടം മാത്രമായിരുന്നു വയറ്റില്‍ കണ്ടെത്തിയത്.
ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്മണ്യന്‍ നമ്പൂതിരിക്കും രണ്ടാം പ്രതിയും രണ്ടാനമ്മയുമായി റംലാ ബീഗത്തിനും എതിരെ കൊലക്കുറ്റം നിലനില്‍ക്കും എന്ന് ഇന്നലെ ഹൈക്കോടതി വിധിച്ചിരുന്നു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് പോലീസ് ഇവരെ കണ്ടെത്തി കസ്റ്റഡിയില്‍ എടുത്തത്.
കോടതിയുടെ വാറണ്ട് അനുസരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടക്കാവ് പോലീസാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. കെ എസ് ആര്‍ ടി സി ബസില്‍ കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു രാമനാട്ടുകര വെച്ച് അറസ്റ്റ്. വിചാരണ കോടതി നേരത്തെ പ്രതികളെ കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ച ഹൈക്കോടതി പ്രതികള്‍ക്കു പറയുന്നതു കേള്‍ക്കാന്‍ ഇന്ന് പ്രതികളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 2013 ഏപ്രില്‍ 23നാണ് കേരളത്തെയാകെ ഞെട്ടിച്ച കൊലയുടെ വിവരം പുറത്തറിഞ്ഞത്. അച്ഛനും രണ്ടാനമ്മയും അതിക്രൂരമായി മര്‍ദ്ദിച്ചും പട്ടിണിക്കിട്ടുമാണ് കൊലപാതകം നടത്തിയത് എന്നായിരുന്നു പോലീസ് കണ്ടെത്തല്‍. കുട്ടികളെ മര്‍ദ്ദിക്കുന്നതായി ബന്ധുക്കളും പരാതികള്‍ നല്‍കിയിരുന്നു. എന്നാല്‍, വിചാരണക്കോടതി ഇവര്‍ കുറ്റക്കാര്‍ അല്ലെന്ന് വിധി പറയുകയായിരുന്നു.
കുട്ടികള്‍ക്കെതിരെയുള്ള ക്രൂര കൃത്യങ്ങളുടെ വകുപ്പുകള്‍ മാത്രം ചുമത്തി പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഒന്നാം പ്രതിക്ക് മൂന്ന് വര്‍ഷവും രണ്ടാം പ്രതിക്ക് രണ്ട് വര്‍ഷവുമായിരുന്നു തടവ്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതികളെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇന്ന് ഈ കേസിലെ ശിക്ഷയും ഹൈക്കോടതി വിധിക്കുന്നുണ്ട്.

