Connect with us

Kerala

നെല്ല് സംഭരണത്തിലെ പ്രതിസന്ധി തുടരുന്നു; സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍

100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

Published

|

Last Updated

തിരുവനന്തപുരം| നെല്ല് സംഭരണത്തിലെ പ്രതിസന്ധി തുടരുന്നു.നെല്ല് സംഭരണവുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മില്ലുടമകള്‍ അറിയിച്ചു. ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയിട്ടുണ്ട്. നേരത്തെയും പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സര്‍ക്കാര്‍ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. തുടര്‍ ചര്‍ച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കനത്ത നഷ്ടം സഹിച്ചാണ് സംസ്ഥാനത്തെ മില്ലുടമകള്‍ മുന്നോട്ടു പോകുന്നതെന്ന് കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. എല്ലാ വര്‍ഷവും നെല്ലു സംഭരിക്കാറാവുന്ന സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കപ്പെടാറില്ല. 100 കിലോ നെല്ല് സംഭരിക്കുമ്പോള്‍ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അതാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദ്ദേശം തള്ളിക്കളയാന്‍ തീരുമാനിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

2022- 2023 വര്‍ഷങ്ങളില്‍ മില്ല് ഉടമകള്‍ക്ക് ഉണ്ടായിട്ടുള്ള 68 കോടിയോളം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഇടപെട്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഇന്നലെ ഉറപ്പു നല്‍കിയിരുന്നു. 100 ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ 68 ക്വിന്റല്‍ അരി നല്‍കണമെന്നാണ് കേന്ദ്രമാനദണ്ഡം. ഇത് കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് 66.5 ക്വിന്റല്‍ അരിയാക്കി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം അറിയിക്കുകയായിരുന്നു.

 

Latest