Connect with us

Ongoing News

ബൂട്ടഴിച്ച് സുവാരസ്; പൊട്ടിക്കരഞ്ഞ് പ്രഖ്യാപനം

ഉറുഗ്വേക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് സുവാരസ്. 142 മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞ താരം 69 ഗോളാണ് ടീമിനായി അടിച്ചുകൂട്ടിയത്.

Published

|

Last Updated

മൊന്റേവിഡിയോ | അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഉറുഗ്വേ ഇതിഹാസ താരം ലൂയിസ് സുവാരസ്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് 37കാരനായ സുവാരസ്, അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വരുന്ന വെള്ളിയാഴ്ച പരാഗ്വേക്കെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരം ദേശീയ ജഴ്‌സിയില്‍ തന്റെ അവസാന മത്സരമായിരിക്കുമെന്ന് സുവാരസ് പറഞ്ഞു. 17 വര്‍ഷം നീണ്ട താരത്തിന്റെ കരിയറിനാണ് തിരശ്ശീല വീഴുന്നത്.

ദേശീയ ടീമിനോട് വിട പറയുന്നത് സംബന്ധിച്ച് കുറച്ചു കാലമായി ആലോചിക്കാന്‍ തുടങ്ങിയിട്ടെന്നും ഇതാണ് ശരിയായ സമയമെന്ന് കരുതുന്നതായും സുവാരസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘2007-ല്‍ ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്പോഴുള്ള അതേ ആവേശത്തോടെയാണ് അവസാന മത്സരവും കളിക്കാനിറങ്ങുക. പത്തൊമ്പതുകാരനായ ആ കുട്ടി ഇപ്പോള്‍ ഒരു മുതിര്‍ന്ന കളിക്കാരനാണ്. നിങ്ങള്‍ക്ക് അതിനെ എങ്ങനെയും വിളിക്കാം. ദേശീയ ടീമിനായി ജിവിതം തന്നെ ഉഴിഞ്ഞുവെക്കുകയും ചരിത്രമെഴുതുകയും ചെയ്ത കളിക്കാരനെന്ന നിലയില്‍ ഓര്‍മിക്കപ്പെടാനാണ് ആഗ്രഹം.’-സുവാരസ് പ്രതികരിച്ചു.

മക്കള്‍ക്ക് മുമ്പില്‍ വലിയൊരു നേട്ടത്തോടെ വിരമിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, എടുത്തുപറയത്തക്ക വലിയ കിരീടമൊന്നും നേടാനായില്ല. എങ്കിലും വിജയങ്ങളോടെ വിടവാങ്ങാനാവുന്നത് സന്തോഷകരമാണ്.

2007ലാണ് സുവാരസ് ഉറുഗ്വേക്കായി ആദ്യമായി കളത്തിലിറങ്ങിയത്. 2011ലെ കോപ അമേരിക്ക കിരീടം നേടിയ ടീമില്‍ താരം അംഗമായിരുന്നു. ഫൈനലില്‍ പരാഗ്വേക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനായിരുന്നു വിജയം. ഉറുഗ്വേക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് സുവാരസ്. 142 മത്സരങ്ങളില്‍ ദേശീയ കുപ്പായമണിഞ്ഞ താരം 69 ഗോളാണ് ടീമിനായി അടിച്ചുകൂട്ടിയത്.

ജൂലൈയിലെ കോപ അമേരിക്ക ടൂര്‍ണമെന്റില്‍ കാനഡക്കെതിരെ സുവാരസ് നേടിയ ഇഞ്ചുറി ടൈം ഗോളിലാണ് ഉറുഗ്വേ മൂന്നാം സ്ഥാനം നേടിയത്. വെള്ളിയാഴ്ച ഉറുഗ്വേയിലെ സെന്റിനേറിയോ സ്റ്റേഡിയത്തിലാണ് ഉറുഗ്വേ-പരാഗ്വേ ലോകകപ്പ് യോഗ്യതാ പോരാട്ടം. നിലവില്‍ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിക്കൊപ്പം ഇന്റര്‍ മയാമി ക്ലബിനായി കളിച്ചുവരികയാണ് സുവാരസ്.