Kerala
വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: സ്‌കൂള്‍ മാനേജ്മെന്റിന് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക റിപോര്‍ട്ട്
ഭൂമിയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തല്‍

കൊല്ലം | തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട്. ഭൂമിയില്‍ നിന്ന് ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
സൈക്കിള്‍ ഷെഡിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെ എസ് ഇ ബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നെന്നും അടുത്ത മാനേജ്മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാമെന്നായിരുന്നു സ്‌കൂളിന്റെ മറുപടിയെന്നും അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയൂ. അനധികൃതമായി സൈക്കിള്‍ ഷെഡ് നിര്‍മിച്ചതിന് സ്‌കൂള്‍ അധികൃതരും ഉത്തരവാദികളാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
സ്‌കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി നേരത്തേ പറഞ്ഞിരുന്നു. ഇന്ന് രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി മിഥുന്‍ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.