Kerala
ചിറ്റൂര്‍ പുഴയിലെ ഷണ്‍മുഖം കോസ് വേയുടെ ഓവില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു; കാണാതായ ആള്‍ക്കായി തിരച്ചില്‍
കോയമ്പത്തൂര്‍ സ്വദേശിയായ ശ്രീഗൗതം ആണ് മരിച്ചത്.

പാലക്കാട്|പാലക്കാട് ചിറ്റൂര്‍ പുഴയിലെ ഷണ്‍മുഖം കോസ് വേയുടെ ഓവിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ ശ്രീഗൗതം ആണ് മരിച്ചത്. പുഴയില്‍ കാണാതായ അരുണിനായി തിരച്ചില്‍ തുടരുന്നു. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരുണിനുവേണ്ടി ഓവിന്റെ ഉള്ളിലേക്ക് സ്‌കൂബ സംഘം ഇറങ്ങി പരിശോധന നടത്തുന്നുണ്ട്.
ശക്തമായ ഒഴുക്ക് ഈ ഭാഗത്തുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ചിറ്റൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നാലെയാണ് സ്‌കൂബാ സംഘവും പരിശോധനയ്ക്ക് ഇറങ്ങിയത്. കോയമ്പത്തൂര്‍ സ്വദേശികളായ യുവാക്കള്‍ കുളിക്കാനാണ് പുഴയിലെത്തിയത്.
പത്തംഗ വിദ്യാര്‍ഥി സംഘമാണ് കോയമ്പത്തൂരില്‍നിന്ന് ഇവിടെയെത്തിയത്. പ്രദേശത്തെക്കുറിച്ച് ഇവര്‍ക്ക് അധികം ധാരണയില്ല. കാണാതായ അരുണ്‍ ശക്തമായ ഒഴുക്ക് ഉള്ളതുകൊണ്ട് ഓവിലൂടെ ഒഴുകി മറുവശത്ത് എത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. അതുകൊണ്ട് മറുഭാഗത്തും പരിശോധന പുരോഗമിക്കുന്നുണ്ട്.