Kerala
ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞാല്‍ ഇനി കടുത്ത ശിക്ഷാ നടപടി; ജാമ്യമില്ലാ കുറ്റം ചുമത്തും
പ്രതികളില്‍ നിന്നും നാശനഷ്ടവും ഈടാക്കും.

തിരുവനന്തപുരം|ട്രെയിനുകളിലേക്ക് ഇനി കല്ലെറിഞ്ഞാല്‍ കടുത്ത ശിക്ഷ. ട്രെയിനുകളിലേക്ക് കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയോ, യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയോ ചെയ്താല്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് തിരുവനന്തപുരം റെയില്‍വേ സെക്യൂരിറ്റി ഓഫീസര്‍ മുഹമ്മദ് ഹനീഫ് പറഞ്ഞു. പ്രതികള്‍ക്ക് റെയിവേ നിയമപ്രകാരമുള്ള ജാമ്യമില്ലാ കുറ്റം ചുമത്തുകയും പ്രതികളില്‍ നിന്നും നാശനഷ്ടവും ഈടാക്കും. റെയില്‍വേ ക്രോസുകള്‍ അടയ്ക്കാന്‍ പോകുമ്പോള്‍ വാഹനം ഇടിച്ചു കയറ്റിയാല്‍ കേസ് മാത്രമല്ല എടുക്കുക. വാഹനവും കണ്ടുകെട്ടും. ഓരോ വര്‍ഷവും ട്രെയിന്‍ ആക്രമണകേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോകുന്നതെന്ന് മുഹമ്മദ് ഹനീഫ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രത്യേക ട്രെയിന്‍ സര്‍വീസ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. ലോകമാന്യതിലക് – തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 25 മുതല്‍ വ്യാഴാഴ്ചകളില്‍ ലോകമാന്യതിലകില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. ഈ മാസം 27 മുതല്‍ എല്ലാ ശനിയാഴ്ചകളിലും തിരുവനന്തപുരം- ലോകമാന്യതിലക് എക്‌സ്പ്രസ് സര്‍വീസ് നടത്തും. ഷൊര്‍ണൂര്‍, കോട്ടയം വഴിയാകും ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.