Connect with us

Kerala

സംസ്ഥാനത്ത് ഷവര്‍മ വില്‍പന സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി; 60 കിലോ പഴകിയ മാംസം പിടിച്ചെടുത്തു

വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്.

59 സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. 256 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 263 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. വീഴ്ചകള്‍ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. അത് സംബന്ധിച്ചുള്ള പരിശോധനകളും നടന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്.

മാത്രമല്ല പാഴ്സലില്‍ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. പരാതിയുള്ളവര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.

കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവര്‍മ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയത്.

 

---- facebook comment plugin here -----

Latest