International
ഖനന, ധാതു മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തല്‍: സഊദിയും യു എസും പ്രത്യേക യോഗം ചേര്‍ന്നു
സഊദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിമിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുമ്പന്ധിച്ചായിരുന്നു യോഗം.

റിയാദ്/വാഷിങ്ടണ്‍ | ഖനന, തന്ത്രപ്രധാന ധാതു മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി സഊദിയും യു എസും പ്രത്യേക യോഗം ചേര്‍ന്നു. സഊദി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിമിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുമ്പന്ധിച്ചായിരുന്നു യോഗം.
യു എസ് ഊര്‍ജ സെക്രട്ടറി ക്രിസ് റൈറ്റ് അമേരിക്കന്‍ സംഘത്തെ പ്രതിനിധീകരിച്ചു. ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ധാതു വിതരണ ശൃംഖലകളെ പിന്തുണയ്ക്കുന്നതിന് ഇരുരാജ്യങ്ങളുടെയും സംയുക്ത സഹകരണം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തില്‍ ഇരുനേതാക്കളും എടുത്തുപറഞ്ഞു. ഖനന, ധാതു മേഖലയുടെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിരത വര്‍ധിപ്പിക്കുന്നതിനും നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തി തീരുമാനമെടുക്കാന്‍ സര്‍ക്കാരിതര സംഘടനകള്‍, പ്രധാന നിക്ഷേപകര്‍, ഖനന സാങ്കേതിക കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെ ഒരുമിച്ചു കൊണ്ടുവരാന്‍ ഒരു ആഗോള വേദിയുടെ ആവശ്യവും യോഗം ചര്‍ച്ച ചെയ്തു. ഖനന മേഖലയിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കേണ്ടതിന്റെയും ധാതു സംസ്‌കരണത്തിലെ പരസ്പര അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതിന്റെയും ആഗോള വിതരണ ശൃംഖലകളുടെ പ്രതിരോധശേഷിയെ പിന്തുണയ്ക്കുന്നതിന് സംയുക്ത പ്രവര്‍ത്തനം വര്‍ധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യവും യോഗത്തില്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു.
2025 മെയ് മാസത്തില്‍ റിയാദില്‍ നടന്ന സഊദി-യുഎസ് നിക്ഷേപ ഫോറത്തോടനുബന്ധിച്ച് വ്യവസായ, ധാതു വിഭവ മന്ത്രാലയവും യു എസ് ഊര്‍ജ വകുപ്പും തമ്മില്‍ ഒപ്പുവച്ച സഹകരണ ധാരണാപത്രത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രത്യേക യോഗം ചേര്‍ന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് സി ഇ ഒ. എന്‍ജിനീയര്‍ സാലിഹ് അല്‍-സലാമിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു
2026 ജനുവരി 13 മുതല്‍ 15 വരെ സഊദി തലസ്ഥനമായ റിയാദില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര ഖനന ഉച്ചകോടിയുടെ വരാനിരിക്കുന്ന പതിപ്പില്‍ പങ്കെടുക്കാന്‍ വ്യവസായ, ധാതു വിഭവ മന്ത്രി യുഎസ് ഊര്‍ജ സെക്രട്ടറിയെ ക്ഷണിക്കുകയും ചെയ്തു.