Connect with us

National

എസ്എസ്എല്‍വിയുടെ ആദ്യ ഖര ഇന്ധന ഘട്ടപരീക്ഷണം വിജയകരം

എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം മേയില്‍ ഉണ്ടാകും

Published

|

Last Updated

ബെംഗളുരു| ഐഎസ്ആര്‍ഒയുടെ പുതിയ വിക്ഷേപണ വാഹനം എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണം മേയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പുതിയ റോക്കറ്റിന്റെ ആദ്യ ഖര ഇന്ധന ഘട്ടത്തിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ 12.05ന് ശ്രീഹരിക്കോട്ടയില്‍ വച്ചായിരുന്നു ഒന്നാം സോളിഡ് ബൂസ്റ്റര്‍ സ്റ്റേജ് പരീക്ഷണം. റോക്കറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പരീക്ഷണം നേരത്തെ നടന്നിരുന്നു. ആദ്യ വിക്ഷേപണത്തിന് മുന്നോടിയായുള്ള നിര്‍ണ്ണായക പരീക്ഷണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

മൂന്ന് ഖരഇന്ധന ഘട്ടങ്ങളുള്ള ചെറു റോക്കറ്റാണ് സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ എസ്എസ്എല്‍വി. റോക്കറ്റിന്റെ അവസാനത്തെ ഘട്ടത്തില്‍ ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ഒരു വേഗത നിയന്ത്രണ എഞ്ചിനും ( വെലോസിറ്റി ട്രിമിംഗ് മൊഡ്യൂള്‍) ഉണ്ട്. അഞ്ഞൂറ് കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹത്തെ താഴ്ന്ന ഭൂ ഭ്രമണപഥത്തില്‍ സ്ഥാപിക്കാന്‍ എസ്എസ്എല്‍വിക്കാവും. 34 മീറ്റര്‍ ഉയരവും, രണ്ട് മീറ്റര്‍ വ്യാസവുമുള്ള എസ്എസ്എല്‍വിയുടെ ഭാരം 120 ടണ്ണാണ്. 2018 ഡിസംബറിലാണ് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വിക്ഷേപണ വാഹനത്തിന്റെ അന്തിമ രൂപരേഖ തയ്യാറാക്കിയത്.

പിഎസ്എല്‍വിയേക്കാള്‍ കുറഞ്ഞ ചിലവില്‍ ചെറു ഉപഗ്രഹങ്ങളെ വിക്ഷേപിക്കുകയെന്നതാണ് എസ്എസ്എല്‍വി പദ്ധതിയുടെ ലക്ഷ്യം. ഒരു എസ്എസ്എല്‍വി നിര്‍മ്മിക്കാന്‍ 30 കോടി മുതല്‍ 35 കോടി രൂപ വരെ ചെലവാണ് പ്രതീക്ഷിക്കുന്നത്. എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണങ്ങള്‍ ഐസ്ആര്‍ഒ തന്നെയായിരിക്കും നടത്തുകയെങ്കിലും ഭാവിയില്‍ ഈ റോക്കറ്റിന്റെ നിര്‍മ്മാണം അടക്കം സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് പദ്ധതി. ഏത് ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ എസ്എസ്എല്‍വിയുടെ ആദ്യ വിക്ഷേപണത്തില്‍ പേ ലോഡായി അയക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

 

 

---- facebook comment plugin here -----

Latest