Poem
ഓർമച്ചെപ്പുകൾ
ഉച്ചമയങ്ങിയ നേരത്ത് ഉറക്കം വിട്ടുണർന്ന് കാറ്റ് മുടന്തിനീങ്ങുമ്പോൾ ഒരുപറ്റം കണ്ണിമാങ്ങകൾ മാവിൻചുവട്ടിൽ കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു.

മെല്ലെ മെല്ലെ
മാഞ്ഞുതുടങ്ങുന്ന
ഒരു നട്ടുച്ചവെയിലിന്റെ
അരികു ചേർന്നാണ്
കാറ്റ് വന്നത്.
വിയർപ്പുചാലൊപ്പി
വിളറിയ മുഖവുമായി
ഉമ്മറമുറ്റത്ത്
കാറ്റ് അന്തിച്ചുനിന്നു.
മുറ്റത്ത്
പടർന്നു പന്തലിച്ച
നാട്ടുമാവിന്റെ ഇറയത്ത്
പിന്നെ
കാറ്റൽപ്പനേരം
കുന്തിച്ചിരുന്നു.
അവിടെയിരുന്ന്
മയങ്ങിപ്പോയ
കാറ്റിൻ മനക്കണ്ണിൽ
ഒരായിരം കണ്ണിമാങ്ങകൾ
പൂത്തുവിടർന്നു തുടുത്തു.
അവയിലൊരായിരം
ഇന്നലെകളുടെ പച്ചപ്പുകളും
തളിർത്തുവന്നു.
ഉച്ചമയങ്ങിയ നേരത്ത്
ഉറക്കം വിട്ടുണർന്ന്
കാറ്റ് മുടന്തിനീങ്ങുമ്പോൾ
ഒരുപറ്റം കണ്ണിമാങ്ങകൾ
മാവിൻചുവട്ടിൽ
കൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു.
കാറ്റെടുക്കാൻ മറന്ന
കാറ്റിന്റെ
ഒരു നുള്ളു ഓർമച്ചെപ്പുകൾ.
---- facebook comment plugin here -----