Kerala
തിരുവനന്തപുരത്ത് മകന്‍ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും ശ്രമം
മാതാവിന്റെ കൈഞരമ്പ് മുറിച്ചശേഷം കഴുത്തറക്കുകയുമായിരുന്നു.
തിരുവനന്തപുരം| തിരുവനന്തപുരം നേമം കല്ലിയൂരില്‍ മകന്‍ മാതാവിനെ ക്രൂരമായി കൊലപ്പെടുത്തി. മാതാവിന്റെ കൈഞരമ്പ് മുറിച്ചശേഷം കഴുത്തറക്കുകയുമായിരുന്നു. കൊലപാതകത്തിനുശേഷം മൃതദേഹം മദ്യം ഒഴിച്ച് കത്തിക്കാനും പ്രതി ശ്രമം നടത്തി. ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു കൊലപാതകം ഉണ്ടായത്. മുന്‍ സൈനികന്‍ കൂടിയായ അജയകുമാറാണ് മാതാവ് വിജയകുമാരിയെ കൊലപ്പെടുത്തിയത്. മദ്യത്തിന് അടിമയായിരുന്നു അജയകുമാര്‍.
മദ്യമുക്തി കേന്ദ്രത്തില്‍ അജയകുമാറിനെ പല പ്രാവശ്യം പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനം തുടര്‍ന്നു. മദ്യപാനത്തെ ചൊല്ലി അജയകുമാറും വിജയകുമാരിയും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു. ഇത്തരത്തിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി അജയകുമാര്‍ ഒരു കുപ്പി മദ്യം കുടിച്ച് തീര്‍ത്തശേഷം മറ്റൊരു കുപ്പി കൂടി കുടിക്കാന്‍ തുടങ്ങിയതോടെ മാതാവ് തടഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അജയകുമാര്‍ മാതാവിനെ ആക്രമിക്കാനും ചെയ്തു. തുടര്‍ന്ന് വിജയകുമാരി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. കിണറിന്റെ ഭാഗത്തുവെച്ചാണ് മാതാവിനെ അജയകുമാര്‍ ആക്രമിച്ചത്. വിജയകുമാരിയുടെ കൈഞരമ്പ് അജയകുമാര്‍ ആദ്യം മുറിച്ചു. പിന്നാലെ കഴുത്തറുക്കുകയായിരുന്നു.
വിജയകുമാരിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ നേമം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വിജയകുമാരി കൊല്ലപ്പെട്ടിരുന്നു. വിജയകുമാരി കമ്മീഷണര്‍ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്നു. നേമത്ത് ഓട്ടോ ഡ്രൈവറുടെ തല അടിച്ചുപൊട്ടിച്ച കേസിലെ പ്രതിയാണ് അജയകുമാര്‍.

