Kerala
മാതാവിനെ കാല്‍മുട്ടുകൊണ്ട് നെറ്റിയില്‍ ഇടിച്ച് കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
മര്‍ദ്ദനത്തില്‍ പത്മാവതിയുടെ വാരിയെല്ലുകളും പൊട്ടിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി
കോഴിക്കോട് | മാതാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്താളി സ്വദേശി ലിനീഷിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. മകന്റെ ആക്രമണത്തില്‍ തലക്കേറ്റ ഗുരുതര പരുക്കാണ് മാതാവ് പത്മാവതിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു . ഇതിന് പിന്നാലെയാണ് അറസ്റ്റ്
ലിനീഷ് കാല്‍മുട്ടുകൊണ്ട് പത്മാവതിയുടെ നെറ്റിയില്‍ ഇടിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പത്മാവതിയുടെ വാരിയെല്ലുകളും പൊട്ടിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി.പരുക്കേറ്റ പത്മാവതിയെ മകനും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.മരിച്ച ഭര്‍ത്താവിന്റെ സൈനിക പെന്‍ഷനും സ്വത്തും മൂത്തമകന് മാത്രമാണ് നല്‍കുന്നതെന്ന് പറഞ്ഞായിരുന്നു ലീനീഷ് ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു


