Kerala
അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍
67 വയസ്സുള്ള ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി ആണ് മകന്റെ ചവിട്ടേറ്റു മരിച്ചത്. സംഭവത്തില്‍ മകന്‍ മെല്‍ജോ അറസ്റ്റില്‍

കൊച്ചി | അച്ഛനെ ചവിട്ടിക്കൊന്ന മകന്‍ അറസ്റ്റില്‍. 67 വയസ്സുള്ള ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി ആണ് മകന്റെ ചവിട്ടേറ്റു മരിച്ചത്. സംഭവത്തില്‍ ജോണിയുടെ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
അസുഖബാധിതനായ ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെ സഹോദരിയുടെ വീട്ടിലെത്തി മെല്‍ജോ പിതാവിന് അനക്കമില്ലെന്നറിയിക്കുകയായിരുന്നു. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് മെല്‍ജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയില്‍ താന്‍ പിതാവിനെ ചവിട്ടിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.