Connect with us

new president of colombia

ചില ലാറ്റിനമേരിക്കൻ പ്രതീക്ഷകൾ

കോടിക്കണക്കിന് ഡോളർ മുടക്കി മധ്യ, വലതുപക്ഷ ഭരണകർത്താക്കളെ സംരക്ഷിച്ചു വരികയായിരുന്നു യു എസ്. ഈ തന്ത്രങ്ങളെയാകെ വെല്ലുവിളിച്ചു കൊണ്ടാണ് കൊളംബിയൻ ജനത ഒരു ഇടത് നേതാവിനെ ഭരണസാരഥ്യമേൽപ്പിച്ചിരിക്കുന്നത്. എന്താണ് ഈ കൊളംബിയൻ വിജയത്തിൽ നിന്ന് ഇന്ത്യൻ പാർട്ടികൾക്കുള്ള പാഠം?

Published

|

Last Updated

രു അഭിമുഖത്തിൽ നോം ചോംസ്‌കിയോട് ചോദിച്ചു. “ചില വ്യക്തികൾ ഉയർന്നു വന്ന് അവർ മുതലാളിത്ത വ്യവസ്ഥിതിയെ വെല്ലുവിളിച്ചാൽ ലോകക്രമത്തിൽ എത്രമാത്രം മാറ്റങ്ങൾ കൊണ്ടുവരാനാകും? അവ ദീർഘകാല പരിവർത്തനങ്ങൾക്ക് വഴിവെക്കുമോ അതോ ആവേശമടങ്ങുമ്പോൾ തണുത്തുറഞ്ഞു പോകുമോ?’ ചോംസ്‌കിയുടെ മറുപടിയിതായിരുന്നു: ജനങ്ങൾ ഈ മുന്നേറ്റത്തോട് എങ്ങനെ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കുമത്. അവർ അനുഭവിക്കുന്ന പ്രതിസന്ധികളുടെ യഥാർഥ കാരണം എന്താണെന്ന് ബോധ്യപ്പെടുത്താൻ നേതാക്കൾക്കും സംഘടനകൾക്കും സാധിച്ചാൽ വലിയ മാറ്റങ്ങൾ സാധ്യമാണ്. ബദൽ പരീക്ഷണങ്ങൾ ഇടക്കാലത്ത് തിരിച്ചടികൾ നേരിട്ടാലും അതുണ്ടാക്കിയ ഊർജം കുറേക്കൂടി നീതിയുക്തമായ സമൂഹ സൃഷ്ടിക്കുള്ള ഇന്ധനമായി അവശേഷിക്കും. അതൊരു ദീർഘകാല പ്രക്രിയയാണ്. അതുകൊണ്ട് വ്യക്തികളുടെ വിജയം അവരുടെ വ്യക്തിപരമായ കഴിവിന്റെ പ്രതിഫലനം മാത്രമല്ല, ജനങ്ങൾ കൂടുതൽ ശക്തരാകുന്നതിന്റെ തെളിവു കൂടിയാണ്’
രണ്ട് നൂറ്റാണ്ടിലേറെയായി തുടരുന്ന മധ്യ വലതുപക്ഷ വാഴ്ചക്ക് അന്ത്യം കുറിച്ച് കൊളംബിയയിൽ ഇടത് നേതാവ് ഗുസ്താവോ പെട്രോ പ്രസിഡന്റായി ചുമതലയേൽക്കുമ്പോൾ ചോംസ്‌കിയുടെ ഈ നിരീക്ഷണം ഏറെ പ്രസക്തമാകുകയാണ്. കൊളംബിയ മലയാളികൾക്ക് സുപരിചതമാകുന്നത് പെനാൽറ്റി ഏരിയയുടെ അതിർവരകൾ കടന്ന് പന്തുമായി കുതിക്കുന്ന ഗോൾകീപ്പർ ഹിഗ്വിറ്റയുടെ നാട് എന്ന നിലയിലാകും. അല്ലെങ്കിൽ 1994ലെ ലോക കപ്പിൽ സെൽഫ് ഗോളടിച്ച ആൻഡ്രേ എസ്‌കോബാറിന്റെ നാടെന്നായിരിക്കും കൊളംബിയയെ ഓർക്കുക. ടൂർണമെന്റിൽ നിന്ന് പുറത്തായി നാട്ടിൽ ചെന്ന എസ്‌കോബാറിനെ അക്രമിസംഘം വെടിവെച്ച് കൊല്ലുകയായിരുന്നുവല്ലോ. “ഏകാന്തതയുടെ നൂറ് വർഷം’ സമ്മാനിച്ച ഗാർസിയാ മാർക്വേസിന്റെ ജൻമ നാടായാകും സാഹിത്യ കുതുകികൾ ഈ ദക്ഷിണ അമേരിക്കൻ- ലാറ്റിനമേരിക്കൻ രാജ്യത്തെ കാണുക. മയക്കുമരുന്ന് സംഘങ്ങളുടെ കുടിപ്പകയിൽ വിറച്ചു കഴിയുന്ന ഒരു ജനതയെയാകും അന്താരാഷ്ട്ര വാർത്തകൾ ശ്രദ്ധിക്കുന്നവർ കൊളംബിയയിൽ കാണുക. നവ സാമ്രാജ്യത്വത്തെ പഠിക്കാൻ ശ്രമിക്കുന്നവർ കൊളംബിയയെ അടയാളപ്പെടുത്തുക ലാറ്റിനമേരിക്കയിൽ യു എസ് നടത്തുന്ന കുതന്ത്രങ്ങളുടെ കേന്ദ്രമെന്ന നിലയാകും.

ക്യൂബയിലും വെനിസ്വേലയിലും കുത്തിത്തിരിപ്പുകൾ ഉണ്ടാക്കാൻ കൊളംബിയയിൽ ഇക്കാലം വരെ നിലനിന്ന ഭരണാധികാരികളാണ് അമേരിക്കക്ക് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തിരുന്നത്. ജോ ബൈഡൻ അധികാരത്തിലെത്തിയ ഉടൻ “സമ്മിറ്റ് ഓഫ് അമേരിക്കാസ്’ വിളിച്ചു ചേർത്തിരുന്നു. മേഖലയിലെ സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനെന്ന് പറഞ്ഞാണ് യോഗം വിളിച്ചത്. വെനിസ്വേലക്കും ക്യൂബക്കും നിക്കരാഗ്വക്കും ഉച്ചകോടിയിലേക്ക് ക്ഷണമുണ്ടായില്ല. ഇവയെ സ്വേച്ഛാധിപത്യ രാജ്യങ്ങളായാണ് അമേരിക്ക കാണുന്നത്. ഇടത് ആഭിമുഖ്യമുള്ളവരാണ് ഇവിടെ ഭരണത്തലപ്പത്തെന്നതാണ് അമേരിക്കയുടെ പ്രശ്‌നം. ലാറ്റിനമേരിക്ക കൂടുതൽ ചുവന്നു തുടുക്കുന്നത് സഹിക്കാനാകില്ല യു എസിന്. കോടിക്കണക്കിന് ഡോളർ മുടക്കി കൊളംബിയയുടെ മധ്യ, വലതുപക്ഷ ഭരണകർത്താക്കളെ സംരക്ഷിച്ചു വരികയായിരുന്നു യു എസ്. ഈ തന്ത്രങ്ങളെയാകെ വെല്ലുവിളിച്ചു കൊണ്ടാണ് കൊളംബിയൻ ജനത ഒരു ഇടത് നേതാവിനെ ഭരണസാരഥ്യമേൽപ്പിച്ചിരിക്കുന്നത്.

20 ഇടതു സംഘടനകളുടെ സഖ്യമായ ഹിസ്റ്റോറിക്കൽ പാക്ടിന്റെ സ്ഥാനാർഥിയായാണ് ഗുസ്താവോ പെട്രോയെന്ന മുൻ ഗറില്ലാ നേതാവ് മത്സരിച്ചത്. എം 19 എന്ന തീവ്ര ഇടതുപക്ഷ സായുധ സംഘടനയിൽ അംഗമായിരുന്ന പ്രെട്രോ 1985ൽ ആ വഴി ഉപേക്ഷിച്ച് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ തീരുമാനിക്കുകയും ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ നേതൃപരമായ പങ്കു വഹിക്കുകയും ചെയ്തു. അതുവഴി സൃഷ്ടിച്ചെടുത്ത ജനകീയ അംഗീകാരമാണ് ഗുസ്താവോയെ പ്രസിഡന്റ്പദത്തിൽ എത്തിച്ചത്. പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റും ആഫ്രോ വംശജയുമായ ഫ്രാൻസിയ മാർക്വേസ് ആണ് വൈസ് പ്രസിഡന്റായി വിജയിച്ചത്. അവരും നിരന്തരമായ പോരാട്ടത്തിലൂടെയാണ് വിജയത്തിലേക്കുള്ള വഴി വെട്ടിയത്. തിരഞ്ഞെടുപ്പ് പ്രമാണിച്ച് സൃഷ്ടിച്ചെടുത്ത ഇമേജല്ല ഇവരെ വിജയിപ്പിച്ചതെന്നർഥം. വെനസ്വേല, നിക്കാരഗ്വേ, അർജന്റീന, ചിലി, ബൊളീവിയ, പരാഗ്വേ, പെറു, മെക്‌സിക്കോ, ഹോണ്ടുറാസ് തുടങ്ങിയ ലാറ്റിനമേരിക്കൻ മേഖലയിലെ ജനങ്ങൾ ഉയർത്തിപ്പിടിക്കുന്ന അമേരിക്കൻ വിരുദ്ധ സമീപനത്തിന്റെ തുടർച്ച കൂടിയാണ് ഈ വിജയങ്ങൾ. ബ്രസീലിലും ഇടത് കാറ്റു വീശുമെന്നാണ് റിപോർട്ടുകൾ. പിങ്ക് തരംഗം വീശിയടിക്കുകയാണ്.

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 50. 8 ശതമാനം വോട്ടുകളാണ് ഗുസ്താവോ പെട്രോ നേടിയത്. കോടീശ്വരനും കൊളംബിയയിലെ ട്രംപെന്ന വിശേഷണമുള്ളയാളുമായ റുഡോൾഫ് ഹെർണാണ്ടസ് ആയിരുന്നു എതിരാളി. അഴിമതിവിരുദ്ധ പോരാളിയെന്ന മേൽവിലാസം അണിയുകയും ആ ഇമേജ് നിലനിർത്താൻ ഷോ വർക്കുകൾ എമ്പാടും നടത്തുകയും ചെയ്താണ് റുഡോൾഫ് ശ്രദ്ധയാകർഷിച്ചത്. മേയറായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ നിയമ നടപടി നേരിടുന്നയാളാണ് പിന്നീട് അഴിമതിവിരുദ്ധ ഇവന്റുകളുടെ സംഘാടകനായത്. ടിക് ടോക്കിലായിരുന്നു പ്രചാരണം മുഴുവൻ. അഴിമതി തടഞ്ഞാൽ മാത്രം മതി, നിലവിലെ ഭരണ സംവിധാനം മാറ്റേണ്ട കാര്യമില്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ പ്രത്യയശാസ്ത്രം. അമേരിക്കയെ പിണക്കാൻ പാടില്ല. ജനാധിപത്യം പലപ്പോഴും ഒരു ഒഴിവ് കഴിവാണ്. കാര്യം നടക്കണമെങ്കിൽ അടിച്ചേൽപ്പിക്കേണ്ടി വരും. ഹിറ്റ്‌ലറാണ് ഹീറോ, ഹിറ്റ്‌ലറിൽ ലോകത്തിനാകെ മാതൃകയുണ്ട്. ഇങ്ങനെ പോകുന്നു റുഡോൾഫിന്റെ ആശയങ്ങൾ. കൊളിംബിയൻ ട്രംപ് എന്ന വിശേഷണം ആസ്വദിച്ചയാളാണ് അദ്ദേഹം. സൈന്യത്തിന്റെയും കോർപറേറ്റുകളുടെയും അമേരിക്കയുടെയും പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. ജയം സുനിശ്ചിതമാകാൻ ഇതിലപ്പുറം എന്ത് വേണം. ഒന്നാം ഘട്ടത്തിൽ ആർക്കും അമ്പത് ശതമാനം വോട്ട് കിട്ടിയില്ല. രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ ഇപ്പോഴത്തെ പ്രസിഡന്റ് ഇവാൻ ഡ്യൂക്കിന്റെ സ്ഥാനാർഥി ഫിക്കോ ഗുട്ടിയേഴ്‌സ് കൂടി റുഡോൾഫിന് പിന്തുണ പ്രഖ്യാപിച്ചു. അതോടെ, റുഡോൾഫ്- ഗുസ്താവോ പോരാട്ടത്തിന്റെ ഫലം എല്ലാവരും ഉറപ്പിച്ചു. പക്ഷേ, പണമിറക്കിയും മാധ്യമങ്ങളെ വരുതിയിലാക്കിയും ജനങ്ങളുടെ മനസ്സ് എക്കാലവും പിടിച്ചെടുക്കാനാകില്ലെന്ന ജനാധിപത്യ സത്യം ഊട്ടിയുറപ്പിക്കുന്ന ഫലമാണ് അന്തിമമായി വന്നത്. ആ നിലക്ക്, 3.6 കോടി വോട്ടർമാർ മാത്രമുള്ള കൊളംബിയയിലെ ഇടതു വിജയം ലോകത്താകെയുള്ള ജനാധിപത്യവാദികൾക്ക് ആവേശം പകരുന്നതാണ്.

ഗുസ്താവോ- ഫ്രാൻസിയ കൂട്ടുകെട്ട് രൂപപ്പെടുന്നത് തന്നെ സമര മുന്നണിയിൽ നിന്നാണ്. യുവാക്കളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നിയോ ലിബറൽ സാമ്പത്തിക നയത്തെ എതിർക്കുന്നവരുടെയും സമരങ്ങളിൽ ഈ നേതാക്കൾ സജീവ സാന്നിധ്യമായിരുന്നു. 2019ന്റെ അവസാനത്തിൽ, 25 വയസ്സിന് താഴെയുള്ള തൊഴിലാളികളുടെ മിനിമം വേതനം കുറയ്ക്കാൻ പ്രസിഡന്റ് ഡ്യൂക്കിന്റെ വലതുപക്ഷ സർക്കാർ നിർദേശിച്ചപ്പോൾ, പതിറ്റാണ്ടുകളുടെ ചെലവുചുരുക്കലും പാർശ്വവത്കരണവും കൊണ്ട് മടുത്ത ചെറുപ്പക്കാർ കൊളംബിയയിലുടനീളം തെരുവിലിറങ്ങി. രാജ്യം നിശ്ചലമായി. കൊവിഡ്19 മഹാമാരിയുടെ മൂർധന്യത്തിൽ പോലും സമരവും പ്രതിഷേധവും തുടർന്നു. നികുതികളിലെ വർധന, അഴിമതി, ആരോഗ്യപരിരക്ഷയിലെ അപര്യാപ്തത എന്നിവ മുൻനിർത്തി 2021 ഏപ്രിലിൽ പുതിയ പ്രതിഷേധ തരംഗവും ഉയർന്നു വന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസം, പൊതുഗതാഗതം, ആരോഗ്യ സംരക്ഷണം എന്നിവ ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങാൻ തുടങ്ങി. അക്രമത്തിലൂടെയാണ് സർക്കാർ പ്രതിഷേധങ്ങളോട് പ്രതികരിച്ചത്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 44 പ്രതിഷേധക്കാർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇപ്പോഴത്തെ ഭരണ മാറ്റത്തിന് ഈ സമരപരമ്പര മണ്ണൊരുക്കുകയായിരുന്നു.

ലാറ്റിനമേരിക്കയിലെ മൂന്നാമത്തെ വലിയ രാജ്യവും നാലാമത്തെ സാമ്പത്തിക ശക്തിയുമായ കൊളംബിയയിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങൾ പട്ടിണിയിലാണ്. ഈ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതാണ് നിയുക്ത പ്രസിഡന്റ് മുന്നോട്ടുവെച്ച പദ്ധതി. ദിവാസ്വപ്നമെന്ന് വലതുപക്ഷ കക്ഷികൾ ആക്ഷേപിക്കുന്ന ഈ പദ്ധതി ജനങ്ങൾക്ക് കൂടുതൽ പണമെത്തിക്കുന്നതിൽ ഊന്നുന്നു. സർക്കാർ ചെലവ് വെട്ടിക്കുറക്കുകയല്ല, കൂട്ടുകയാണ് ചെയ്യുക. അതിന് പണം കണ്ടെത്തണം. വൻകിടക്കാർക്ക് മേൽ കൂടുതൽ നികുതി ചുമത്തിയും സാധാരണക്കാർക്ക് ആശ്വാസം നൽകിയും ഇത് സാധ്യമാക്കുമെന്നാണ് ഗുസ്താവോ പെട്രോയുടെ വാഗ്ദാനം. അമേരിക്കൻ കമ്പനികൾ കൈയടക്കി വെച്ചിരിക്കുന്ന കൊളംബിയൻ എണ്ണ പരിവേഷണവും വിപണനവും ദേശസാത്കരിക്കും. മയക്കുമരുന്ന് ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യും. കറുത്ത വർഗക്കാരുടെ ഉന്നമനത്തിന് പദ്ധതികൾ ആവിഷ്‌കരിക്കും. ഗ്രീൻ ഇക്കോണമി സാധ്യമാക്കും. ലക്ഷ്യങ്ങൾ ഏറെയുണ്ട് പുതിയ പ്രസിഡന്റിന് മുന്നിൽ.

എന്താണ് ഈ കൊളംബിയൻ വിജയത്തിൽ നിന്ന് ഇന്ത്യൻ പാർട്ടികൾക്കുള്ള പാഠം. കക്ഷികൾക്കിടയിലെ യുക്തിസഹമായ കൂട്ടുകെട്ട് ജനം സ്വീകരിക്കുമെന്നതാണ് ഏറ്റവും പ്രധാനം. ഇടതു സഖ്യത്തിലെ കക്ഷികൾ പലതും കമ്മ്യൂണിസ്റ്റുകളോ വരച്ച വരയിലെ ഇടത് പക്ഷമോ അല്ല. സോഷ്യൽ ഡെമോക്രാറ്റുകളാണ് മിക്കവയും. പക്ഷേ, അമേരിക്കൻ അനുകൂല വലതു പക്ഷത്തെ അവയെല്ലാം എതിർക്കുന്നുവെന്നതാണ് ഐക്യത്തിന്റെ ഹേതു. ഹിന്ദുത്വ സഖ്യത്തിനെതിരെ ഇത് ഇന്ത്യയിലും സാധ്യമാണ്. സമരത്തിൽ നിന്നും നിരന്തരം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ നിന്നുമാണ് നേതാക്കൾ ഉയർന്നുവരേണ്ടത് എന്നതാണ് മറ്റൊരു സന്ദേശം. ജനങ്ങളുടെ മനസ്സ് കൂടെയുണ്ടെങ്കിൽ പ്രചണ്ഡ പ്രചാരണങ്ങളൊന്നും വിലപ്പോകില്ലെന്ന ആത്മവിശ്വാസം കൂടി ജനാധിപത്യവാദികൾക്ക് കൊളംബിയ നൽകുന്നുണ്ട്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest