Connect with us

തെളിയോളം

'ഐ ലവ് യു' എന്ന് 'അൻപ്' തൊടുക്കുന്ന ചില കൊമ്പുകൾ

ഒരു അധ്യാപകന്റെ കർശന രീതികൾ അച്ചടക്കം വളർത്തും, എന്നാൽ ഉള്ളിൽ തട്ടുന്ന പരിഹാസം കുട്ടികളുടെ ആത്മവിശ്വാസം നശിപ്പിക്കും. ഒരു സുഹൃത്തിന്റെ കളിപറച്ചിലുകൾ ബന്ധങ്ങൾ ശക്തിപ്പെടുത്തും, എന്നാൽ നിരന്തരമായ മുനവെച്ച സംസാരം ബഹുമാനത്തെ മുറിവേൽപ്പിക്കും. ആരോഗ്യകരമായ സ്നേഹം അനാദരവില്ലാത്ത വിയോജിപ്പിനെയും ക്രൂരതയില്ലാത്ത തിരുത്തലിനെയും അനുവദിക്കുന്നു.

Published

|

Last Updated

ത്രുക്കളുടെ കടുത്ത വാക്കുകളേക്കാൾ ജീവിതകാലം മുഴുവൻ നമ്മൾ ഓർക്കുക സ്നേഹിക്കുന്നവരുടെ നിശബ്ദതയായിരിക്കും എന്ന് പറയാറുണ്ട്. സ്നേഹം എന്ന വികാരത്തെ പലപ്പോഴും ആർദ്രതയും കരുതലും ആയി കാൽപ്പനികവത്കരിക്കാറുണ്ടെങ്കിലും, അതിന് സങ്കീർണവും വൈരുദ്ധ്യാത്മകവുമായ ഒരു മാനമുണ്ട്: അത് ചിലപ്പോൾ വേദന, പ്രകോപനം, കടുത്ത പെരുമാറ്റം എന്നിവയിലൂടെയായിരിക്കും അധികമാളുകളും പ്രകടിപ്പിക്കുന്നത്. മനുഷ്യബന്ധങ്ങളിൽ വാത്സല്യവും ആക്രമണവും ഊഷ്മളതയും പ്രകോപനവും പലപ്പോഴും ഒരുമിച്ച് നിലനിൽക്കുന്നതിന്റെ ആഴത്തിലുള്ള വിശദീകരണങ്ങൾ മനഃശാസ്ത്രം നൽകുന്നുണ്ട്.

ഇവിടെ പ്രണയവും ആക്രമണവും വിപരീതഫലങ്ങളല്ല, മറിച്ച് പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന വൈകാരിക ഊർജങ്ങളായാണ് കണക്കാക്കുന്നത്. വൈകാരികമായി പരസ്പരം ആശ്രയിക്കുന്നതോ ആഴത്തിൽ അടുപ്പമുള്ളതോ ആളുകൾ പലപ്പോഴും കൂടുതൽ പ്രതിപ്രവർത്തനപരവും ദുർബലരുമായി മാറാറുണ്ട്. ഇവർക്കിടയിൽ കോപമോ പരിഹാസമോ സ്നേഹത്തിന്റെ അഭാവത്തെയല്ല മറിച്ച് അതിന്റെ തീവ്രതയെയാണ് സൂചിപ്പിക്കുന്നത്. നിത്യജീവിതത്തിൽ, മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും സ്നേഹം എങ്ങനെ ആശയവിനിമയം ചെയ്യുന്നു എന്നതിൽ ഈ ഒരു ചലനാത്മകത നമുക്ക് കാണാൻ കഴിയും. അമ്മ തന്റെ കുട്ടിയെ കടുപ്പിച്ച് ശകാരിക്കുന്നത്, അധ്യാപകൻ വിദ്യാർഥിയെ ശാസിക്കുന്നത്, സുഹൃത്ത് തെറ്റായ തിരഞ്ഞെടുപ്പുകളെ ചൂണ്ടി നമ്മെ കളിയാക്കുന്നത് ഇവയുടെയൊന്നും ഉദ്ദേശ്യം ദോഷം പറച്ചിലല്ല, മറിച്ച് തിരുത്തുക, നയിക്കുക അല്ലെങ്കിൽ ബന്ധം സ്ഥാപിക്കുക എന്നിവയാണ്. ഒരു മനഃശാസ്ത്രജ്ഞ വചനമിതാണ് – “ആളുകൾ പോരാടുന്നത് ബന്ധം അവസാനിപ്പിക്കാനല്ല, മറിച്ച് ബന്ധം ഇപ്പോഴും പ്രധാനമാണെന്ന് സ്ഥിരീകരിക്കാനാണ്.

“എന്റെ ഭാര്യ എന്നെ വളരെയധികം സ്നേഹിക്കുന്നു, ഞാൻ ഒരു തെറ്റ് ചെയ്യുന്നതിനു മുമ്പുതന്നെ അവൾ എന്നോട് ആക്രോശിക്കുന്നു – പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്.’ എന്ന ഒരു ഭർത്താവിന്റെ നർമത്തിൽ ചാലിച്ച പ്രതികരണത്തിൽ, സ്നേഹം പലപ്പോഴും ഏറ്റുമുട്ടലിലൂടെ പോലും തേടുന്നവരുണ്ട് എന്ന് ബോധ്യപ്പെടുത്തുന്നു. അത്തരം പെരുമാറ്റങ്ങൾ, ബാഹ്യമായി വേദനാജനകമാണെങ്കിലും, ഒരു സംരക്ഷണ പ്രേരണയിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന് അറിയണം. “അറ്റാച്ച്‌മെന്റ് തിയറി’ പ്രകാരം ആളുകൾ ഏറ്റവും വൈകാരിക പ്രകടനങ്ങൾ നടത്തുന്നതും ആക്രമണകാരികളാകുന്നതും ഉപേക്ഷിക്കപ്പെടുമെന്ന ഭയമില്ലാതെ അവരുടെ നെഗറ്റീവ് വികാരങ്ങൾ പോലും പ്രകടിപ്പിക്കാൻ കഴിയുന്നത്ര സുരക്ഷിതത്വം തോന്നുന്നവരോടാണ്. എന്നിരുന്നാലും, സൃഷ്ടിപരമായ വേദനയെയും വിനാശകരമായ പെരുമാറ്റത്തെയും വേർതിരിച്ചറിയേണ്ടതും പ്രധാനമാണ്. യഥാർഥ സ്നേഹം ഒരിക്കലും അപമാനിക്കാനോ ആധിപത്യം സ്ഥാപിക്കാനോ ശ്രമിക്കില്ല; അത് തിരുത്തുകയാണ്, നിയന്ത്രിക്കുകയല്ല ചെയ്യുക.

ഒരു അധ്യാപകന്റെ കർശന രീതികൾ അച്ചടക്കം വളർത്തും, എന്നാൽ ഉള്ളിൽ തട്ടുന്ന പരിഹാസം കുട്ടികളുടെ ആത്മവിശ്വാസം നശിപ്പിക്കും. ഒരു സുഹൃത്തിന്റെ കളിപറച്ചിലുകൾ ബന്ധങ്ങൾ ശക്തിപ്പെടുത്തും, എന്നാൽ നിരന്തരമായ മുനവെച്ച സംസാരം ബഹുമാനത്തെ മുറിവേൽപ്പിക്കും. ആരോഗ്യകരമായ സ്നേഹം അനാദരവില്ലാത്ത വിയോജിപ്പിനെയും ക്രൂരതയില്ലാത്ത തിരുത്തലിനെയും അനുവദിക്കുന്നു. സ്നേഹം, അതിന്റെ ഏറ്റവും ആരോഗ്യകരമായ അവസ്ഥയിൽ, സ്വാതന്ത്ര്യത്തിനും ഉത്കണ്ഠക്കും ഇടയിലുള്ള ഒരു സന്തുലിതാവസ്ഥയാണ്. അത് തിരുത്താനുള്ള ധൈര്യവും ക്ഷമിക്കാനുള്ള ശക്തിയുമാണ്. സഹാനുഭൂതിയോടെ ശകാരിക്കുകയും ഊഷ്മളതയോടെ കളിയാക്കുകയും വിശ്വസ്തതയോടെ വാദിക്കുകയും ചെയ്യുന്ന ഹൃദയസ്പർശിയായ വികാരം. പക്വതയോടെ പ്രകടിപ്പിക്കുമ്പോൾ അത് വളർച്ചയെയും മനസ്സിലാക്കലിനെയും പരിപോഷിപ്പിക്കും.

നമ്മുടെ ചുറ്റുമുള്ള എല്ലാവരും ഭയങ്കര “മാന്യതയിൽ’ നിശബ്ദരായിരുന്നാൽ നമ്മുടെ ജീവിതം വൈകാരികമായി വിരസമാകും. അമ്മയുടെ ബഹളം, അച്ഛന്റെ ദേഷ്യം, സുഹൃത്തിന്റെ തമാശകൾ, ഇണയുടെ പരാതികൾ ഇവയെല്ലാം വാത്സല്യത്തിന്റെ പശ്ചാത്തല സംഗീതമാണ് രചിക്കുന്നത്. ബന്ധങ്ങളെ സജീവവും ചലനാത്മകവും ആഴത്തിൽ മാനുഷികവുമാക്കുന്നത് അതാണ്. വേദനിപ്പിച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുന്നത് ഒരു പോരായ്മയല്ല; അത് ദുർബലത, ഉത്കണ്ഠ, അടുപ്പം എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു വൈകാരിക ഭാഷയാണ്. ആ ഭാവത്തെ പരിഷ്കരിക്കുന്നതിലാണ് നമ്മുടെ ശേഷി തെളിയേണ്ടത്.

മുറിവിനെ രോഗശാന്തിയായും പരിഹാസത്തെ പിന്തുണയായും സംഘർഷത്തെ ആത്മബന്ധമായും മാറ്റാൻ കഴിയണം. “പ്രണയം എപ്പോഴും ‘എനിക്ക് താത്പര്യമുണ്ട്’ എന്ന് മന്ത്രിക്കുന്നില്ല; ചിലപ്പോൾ അത് ബഹളമുണ്ടാക്കുകയും, കുറ്റപ്പെടുത്തുകയും, കളിയാക്കുകയും ചെയ്യും – നിങ്ങൾ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടി മാത്രം.’ എന്ന സാമാന്യ വചനം മനസ്സിൽ കല്ലുവെച്ചെഴുതിവെച്ചോളു.

 

Latest