power highway
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; കാസർകോട്- തിരുവനന്തപുരം പവർ ഹൈവേ അടുത്തവർഷം
ഉഡുപ്പി- കരിന്തളം 400 കെ വി ലൈൻ നിർമാണം വേഗത്തിൽ
കാസർകോട് | കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആരംഭിച്ച ഉഡുപ്പി- കരിന്തളം 400 കെ വി ലൈൻ നിർമാണം വേഗത്തിൽ. ഉഡുപ്പിയിൽ നിന്ന് ചീമേനി വരെ 115 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ലൈൻ. രണ്ടിടങ്ങളിൽ 400 കെ വി സബ് സ്റ്റേഷനും സ്ഥാപിക്കും. കേരളത്തിൽ ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാണെങ്കിലും കർണാടകയിൽ ഇത് സർവേയിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. പ്രാദേശികമായ എതിർപ്പാണ് കാരണമെന്നാണ് സൂചന.
വടക്കെ മലബാറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് 1,000 മെഗാവാട്ട് ഉഡുപ്പി- കരിന്തളം വൈദ്യുതി പദ്ധതി. കാസർകോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന ഉത്തര മലബാറിലേക്ക് നിലവിൽ വൈദ്യുതിയെത്തുന്നത് അരീക്കോട് 400 കെ വി സബ് സ്റ്റേഷനിൽ നിന്നാണ്.
ലൈനുകളിൽ തകരാറുണ്ടായാൽ കണ്ണൂർ, കാസർകോട് ജില്ലകൾ പുർണമായും ഇരുട്ടിലാകും. ഇതിനൊരു പരിഹാരമാണ് പുതിയ പദ്ധതി. വർഷങ്ങളായി പൂർണമായും ലൈൻ ഓഫ് ചെയ്ത് അറ്റകുറ്റപ്പണി നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്.
കർണാടകയിലെ നന്ദിപ്പൂർ തെർമൽ പവർ സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി എത്തിക്കുന്നത്. ഉഡുപ്പിയിൽ നിന്ന് മൈസൂരു വഴി മലപ്പുറം ജില്ലയിലെ അരീക്കോട് സബ്സ്റ്റേഷനിലെത്തിച്ച് കാസർകോട് ജില്ലയുടെ വടക്കേ അറ്റത്തുള്ള മയിലാട്ടി, അമ്പലത്തറ സബ് സ്‌റ്റേഷനുകൾ വഴിയാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ വൈദ്യുതി വിതരണം നടത്തുന്നത്. അതിന് പകരം ഉഡുപ്പിയിൽ നിന്ന് വൈദ്യുതി നേരിട്ട് കരിന്തളത്ത് എത്തിക്കുന്നതാണ് പുതിയ പദ്ധതി. 115 കിലോമീറ്ററിൽ 50 കിലോമീറ്റർ ലൈനാണ് കേരളത്തിൽ. കേന്ദ്ര ഊർജ വകുപ്പിന്റെ 860 കോടി രൂപ ചെലവുള്ള പദ്ധതി അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. സ്‌റ്റെർലൈറ്റ് എന്ന സ്വകാര്യ കമ്പനിക്കാണ് ടെൻഡർ ഉറപ്പിച്ചത്.
പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 225 ടവറുകളാണ് വേണ്ടത്. കേരളത്തിൽ 103ഉം കർണാടകയിൽ 122 ടവറുകളുമാണുള്ളത്.
സംസ്ഥാനത്ത് 55 ടവറുകളുടെ അടിത്തറ ഒരുക്കിക്കഴിഞ്ഞു. 19 ഇടങ്ങളിൽ ടവർ സ്ഥാപിച്ചു. കർണാടകയിൽ സർവേ പൂർത്തിയായി. 115 കിലോമീറ്റർ നീളുന്നതാണ് ലൈൻ. കേരളത്തിൽ 47 കിലോമീറ്ററും കർണാടകയിൽ 68 കിലോമീറ്ററും വരും. കരിന്തളത്താണ് 400 കെ വി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നത്. പാട്ടത്തിന് പത്ത് ഏക്കർ ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്.
സബ്‌സ്റ്റേഷന് ആവശ്യമായ യന്ത്രസാമഗ്രികൾക്ക് ഓർഡറും നൽകി. ഉഡുപ്പി- കരിന്തളം ലൈൻ നിർമാണം പൂർത്തിയായാൽ കരിന്തളത്ത് നിന്ന് വയനാട്ടിലേക്ക് 400 കെ വി ലൈൻ സ്ഥാപിക്കാനാകും. ഇതോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള 400 കെ വി പവർ ഹൈവേ പദ്ധതി 2022 ഡിസംബറിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാർഥ്യമായാൽ തെക്കൻ ജില്ലകളിൽ നിന്നുള്ള വൈദ്യുതി വിതരണത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാലും അതു മലബാറിനെ ബാധിക്കില്ല.


