Connect with us

Uae

ദീപാലങ്കാരങ്ങളാൽ തിളങ്ങി യു എ ഇ; എങ്ങും ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിമിർപ്പ്

"യുണൈറ്റഡ്' എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ. ഏഴ് എമിറേറ്റുകളിലും നടക്കുന്ന പരിപാടികളിൽ പങ്കുചേരാൻ സംഘാടക സമിതി ഏവരെയും ക്ഷണിച്ചു.

Published

|

Last Updated

അബൂദബി|54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി യു എ ഇയിലെങ്ങും ആഘോഷത്തിമിർപ്പ്. സർക്കാർ കെട്ടിടങ്ങൾ, തെരുവുകൾ, പൊതു ഇടങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ദേശീയ പതാകകളും ദീപാലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വിവിധ വർണങ്ങളിലുള്ള ദീപാലങ്കാരങ്ങൾ നഗരങ്ങൾക്ക് ഉത്സവച്ഛായ നൽകി. പാരമ്പര്യവും ആധുനികതയും സംയോജിപ്പിക്കുന്ന കാഴ്ചയാണ് എങ്ങും. പൊതു ഇടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്ററാക്ടീവ് ലൈറ്റ് ഷോകൾ പൊതുജനങ്ങൾക്ക് വേറിട്ട ദൃശ്യാനുഭവം സമ്മാനിക്കുന്നു. “യുണൈറ്റഡ്’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ആഘോഷങ്ങൾ. ഏഴ് എമിറേറ്റുകളിലും നടക്കുന്ന പരിപാടികളിൽ പങ്കുചേരാൻ സംഘാടക സമിതി ഏവരെയും ക്ഷണിച്ചു.

അബൂദബിയിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങ് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ തത്സമയം പ്രദർശിപ്പിക്കും. കൂടാതെ സിനിമാ തിയേറ്ററുകൾ, പ്രാദേശിക ടെലിവിഷൻ ചാനലുകൾ, യൂട്യൂബ് ചാനൽ, ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയും പൊതുജനങ്ങൾക്ക് ചടങ്ങ് വീക്ഷിക്കാനാകും. പരമ്പരാഗത നൃത്തങ്ങൾ, കരകൗശല വിപണികൾ, ഭക്ഷണ മേളകൾ, കുടുംബ പരിപാടികൾ, സാംസ്‌കാരിക ഘോഷയാത്രകൾ എന്നിവയുൾപ്പെടെ വിപുലമായ പരിപാടികളാണ്  അരങ്ങേറുന്നത്.

ദുബൈയിൽ ആഘോഷങ്ങളുടെ ഭാഗമായി സിറ്റി വോക്കിൽ ഈദ് അൽ ഇത്തിഹാദ് പരേഡ് നടക്കും. ദുബൈ പോലീസുമായി സഹകരിച്ച് വൈകുന്നേരം നാല് മണിക്കാണ് പരേഡ്. കുതിരകളുടെ ഘോഷയാത്രയും ദുബൈ പോലീസ്, വിദ്യാർഥികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 1,000ത്തിലധികം പേർ അണിനിരക്കും. ഡിസംബർ രണ്ടിന് ബുർജ് ഖലീഫ, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ഹത്ത, അൽ സീഫ്, ബ്ലൂവാട്ടേഴ്‌സ്, ജെ ബി ആർ ബീച്ച് എന്നിവിടങ്ങളിൽ വർണാഭമായ വെടിക്കെട്ട് നടക്കും. ഗ്ലോബൽ വില്ലേജിൽ ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ രാത്രി ഒമ്പത് മണിക്ക് വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടാകും. സിറ്റി വാക്കിൽ സൗജന്യ സംഗീത പരിപാടികളും അരങ്ങേറും. ഡിസംബർ ഒന്നിന് ഡയാന ഹദ്ദാദും രണ്ടിന് ഷമ്മ ഹംദാനും ഗാനങ്ങൾ ആലപിക്കും.

അബൂദബിയിൽ യാസ് ഐലൻഡ്, എമിറേറ്റ്‌സ് പാലസ്, ഗ്ലോബൽ വില്ലേജ്, തുടങ്ങി വിവിധയിടങ്ങളിൽ കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. യാസ് ഐലൻഡിൽ ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ രാത്രി ഒമ്പതിന് വെടിക്കെട്ട് നടക്കും. എമിറേറ്റ്‌സ് പാലസിൽ ഡിസംബർ രണ്ടിന് രാത്രി 9.15നും ബവാബത്ത് അൽ ശർഖ് മാളിൽ രാത്രി എട്ടിനുമാണ് വെടിക്കെട്ട്. അൽ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലിൽ പരേഡുകൾക്കും സാംസ്‌കാരിക പരിപാടികൾക്കും പുറമെ വെടിക്കെട്ടും ലേസർ ഷോകളും അരങ്ങേറും. ഷാർജ, അജ്മാൻ, റാസ് അൽ ഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും വിപുലമായ ആഘോഷ പരിപാടികൾ നടക്കുന്നുണ്ട്.

നിയമം പാലിക്കാൻ നിർദേശം

ഈദ് അൽ ഇത്തിഹാദ് ആഘോഷ വേളയിൽ എല്ലാ വാഹനമോടിക്കുന്നവരും ട്രാഫിക് നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പോലീസ് അധികാരികൾ ആവശ്യപ്പെട്ടു. ട്രാഫിക് അവബോധവും നിയമപരമായ പാലനവും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാവർക്കും മാന്യമായും സുരക്ഷിതമായും ആഘോഷിക്കുന്നതിനും പ്രധാനമാണ്. വാഹനങ്ങൾ ലൈസൻസ് പ്ലേറ്റുകൾ മറക്കുകയോ മറച്ചുവെക്കുകയോ ചെയ്യരുത്. വാഹനങ്ങളിൽ അനുചിതമായ സ്റ്റിക്കറുകളോ മുദ്രാവാക്യങ്ങളോ ഉപയോഗിക്കരുത്. വാഹനങ്ങളുടെ നിറം മാറ്റുകയോ അമിതമായി ആളുകളെ കയറ്റുകയോ ചെയ്യരുത്.

ജനലുകളിലൂടെയോ സൺറൂഫുകളിലൂടെയോ പുറത്തേക്ക് ചാരിയേക്കരുത്. വിൻഡോകൾ സ്റ്റിക്കറുകളോ സൺഷെയ്ഡുകളോ ഉപയോഗിച്ച് മറയ്ക്കരുത്. നിയമവിധേയമല്ലാത്ത പരേഡുകളോ ക്രമരഹിതമായ ഒത്തുചേരലുകളോ റോഡുകളിൽ നടത്തുകയോ അഭ്യാസ പ്രകടനങ്ങൾ നടത്തുകയോ യു എ ഇ ദേശീയ പതാകയല്ലാതെ മറ്റ് പതാകകൾ ഉയർത്തുകയോ ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുകയോ ഉയർന്ന ശബ്ദത്തിൽ സംഗീതം വെക്കുകയോ അനുമതിയില്ലാതെ സൈറണുകൾ ഉപയോഗിക്കുകയോ ചെയ്യരുത്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴയും കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

യാത്ര മുൻകൂട്ടി

ആഘോഷ വേളയിൽ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് വിമാന യാത്രക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യാനും നേരത്തെ വിമാനത്താവളത്തിലേക്ക് പുറപ്പെടാനും ബദൽ റൂട്ടുകൾ പരിഗണിക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

അജ്മാനിലെ റോഡുകൾക്ക് രക്തസാക്ഷികളുടെ പേര്

രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച 19 രക്തസാക്ഷികളുടെ പേര് അജ്മാനിലെ റോഡുകൾക്ക് നൽകാൻ ഉത്തരവിട്ടു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അജ്മാൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി മുനിസിപ്പൽ ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ് വഴിയാണ് പദ്ധതി നടപ്പാക്കിയത്. പുതുതായി നാമകരണം ചെയ്ത റോഡുകൾ രക്തസാക്ഷികളുടെ കുടുംബങ്ങളുടെ വീടുകൾക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

 

---- facebook comment plugin here -----