Connect with us

pocso case

ആറ് പേര്‍ ചേര്‍ന്ന്‌ തന്നെ കുടുക്കാന്‍ ശ്രമിക്കുന്നു; പോക്‌സോ കേസ് പ്രതി അഞ്ജലി

കേസിലേക്ക് തന്നെ വലിച്ചിടുന്നത് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ കുടുക്കാന്‍

Published

|

Last Updated

കൊച്ചി | നമ്പര്‍ 18 ഹോട്ടല്‍ പോക്സോ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി പ്രതി അഞ്ജലി റീമദേവ്. ആറ് പേര്‍ ചേര്‍ന്നാണ് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നത്. ഗൂഢാലോചനയില്‍ രാഷ്ട്രീയക്കാരുമുണ്ടെന്നും അഞ്ജലി പറഞ്ഞു.

റോയ് വയലാട്ടിനെ കുടുക്കാന്‍ വേണ്ടിയാണ് തന്നെ കേസിലേക്ക് വലിച്ചിഴക്കുന്നത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം ചെയ്ത പെണ്ണാണ് ഞാനെങ്കില്‍ ഒരു മനുഷ്യനെന്ന പരിഗണന പോലും ഞാന്‍ അര്‍ഹിക്കുന്നില്ല. ഞാന്‍ പബ്ലിക്കിലേക്ക് ഇറങ്ങിനില്‍ക്കും. ആര്‍ക്കും എന്നെ കല്ലെറിയാം. പക്ഷേ ഒരു നിരപരാധിയെ ഇങ്ങനെ ചിത്രീകരിക്കുന്നതില്‍ ആരും പൊറുക്കരുത്. രാഷ്ട്രീയക്കാരും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ബിസിനസുകാരുമടക്കം ആറ് പേര്‍ എനിക്കെതിരെ കളിക്കുകയാണ്- അഞ്ജലി ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.

അതേസമയം 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വെള്ളിയാഴ്ച വിധി പറയും. ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസ് പി ഗോപിനാഥ് കഴിഞ്ഞ ദിവസം ഹര്‍ജി വിധി പറയുന്നതിനായി മാറ്റി വച്ചത്.

2021 ഒക്ടോബര്‍ 20ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും മകളും നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.