International
നേപ്പാളിൽ സ്ഥിതി ശാന്തമാകുന്നു; വിമാനത്താവളം തുറന്നു, വ്യാഴാഴ്ച മുതൽ കർഫ്യൂ
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ വിവിധ ജയിലുകളിൽ നിന്ന് 7,000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ.

കാഠ്മണ്ഡു | ജെൻ സി പ്രതിഷേധങ്ങളെത്തുടർന്ന് രണ്ട് ദിവസമായി സംഘർഷഭരിതമായിരുന്ന നേപ്പാളിൽ സ്ഥിതിഗതികൾ ശാന്തമാകുന്നു. പ്രധാനമന്ത്രി കെ.പി. ശർമ്മ ഓലിയും മന്ത്രിസഭയും രാജിവെച്ചതിനെ തുടർന്ന് രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. സമാധാനം നിലനിർത്താൻ സഹകരിക്കണമെന്ന് സൈന്യം ജനങ്ങളോട് അഭ്യർത്ഥിച്ചു. അക്രമാസക്തമായ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയണമെന്നും അല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കുമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.
കാഠ്മണ്ഡു വിമാനത്താവളം തുറന്നു
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. രണ്ട് ദിവസമായി നിർത്തിവെച്ചിരുന്ന ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിമാനത്താവളം അടച്ചതിനെ തുടർന്ന് നൂറുകണക്കിന് വിദേശികളും ഇന്ത്യൻ സഞ്ചാരികളും കുടുങ്ങിക്കിടന്നിരുന്നു.
വ്യാഴാഴ്ച മുതൽ രാജ്യവ്യാപക കർഫ്യൂ
സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 6 മണി മുതൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്താൻ സൈന്യം തീരുമാനിച്ചു. നിലവിൽ വൈകുന്നേരം 5 മണി വരെ നിരോധനാജ്ഞ നിലവിലുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം തുടർ തീരുമാനങ്ങളെടുക്കുമെന്ന് സൈന്യം അറിയിച്ചു.
7,000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടു
സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ വിവിധ ജയിലുകളിൽ നിന്ന് 7,000-ത്തിലധികം തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ. പടിഞ്ഞാറൻ നേപ്പാളിലെ ഒരു ജയിലിൽ സുരക്ഷാ ജീവനക്കാരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെയുള്ള തടവുകാർ കൊല്ലപ്പെട്ടു. ഇതിനിടെ ജയിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാർ പിൻവാങ്ങിയത് തടവുകാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കി.
പല ജയിലുകളിൽ നിന്നും തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടു. ഇതിൽ ഡില്ലിബസാർ ജയിൽ (1,100), ചിത്‌വൻ (700), നഖ്ഖു (1,200), കാഞ്ചൻപൂർ (450) തുടങ്ങിയ ജയിലുകളിലെ തടവുകാരാണ് കൂടുതലായി രക്ഷപ്പെട്ടത്.
ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ രക്ഷപ്പെട്ടവർ പിടിയിൽ
അക്രമത്തിനിടെ ജയിലിൽ നിന്ന് രക്ഷപ്പെട്ട അഞ്ച് പേരെ ഉത്തർപ്രദേശിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ അറസ്റ്റ് ചെയ്തു. സശസ്ത്ര സീമാ ബൽ (SSB) നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവരെ തുടർ നടപടികൾക്കായി പോലീസിന് കൈമാറി.
ഇന്ത്യൻ വിനോദസഞ്ചാരികൾ തിരിച്ചെത്തി
അശാന്തിയെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ നിരവധി ഇന്ത്യൻ സഞ്ചാരികൾ പശ്ചിമ ബംഗാളിലെ പാണിറ്റാങ്കി അതിർത്തി വഴി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. നേപ്പാളിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമല്ലെന്നും 10-15 ദിവസം സമരം തുടരാൻ സാധ്യതയുണ്ടെന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.
27 പേർ അറസ്റ്റിൽ
അക്രമം, കൊള്ള, തീവെപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കാഠ്മണ്ഡുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 27 പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 3.37 ലക്ഷം രൂപയും 31 ആയുധങ്ങളും പിടിച്ചെടുത്തു.