Connect with us

Ongoing News

ഉപഗ്രഹ നിര്‍മാണ പുരോഗതി ശൈഖ് മുഹമ്മദ് അവലോകനം ചെയ്തു

മേഖലയിലെ ഏറ്റവും നൂതനമായ ഉപഗ്രഹമാണ് എം ബി സെഡ് സാറ്റെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

Published

|

Last Updated

ദുബൈ| ഈ വര്‍ഷം ഒക്ടോബറില്‍ വിക്ഷേപിക്കുന്ന എം ബി സെഡ് ഉപഗ്രഹ നിര്‍മാണ പുരോഗതി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അവലോകനം ചെയ്തു. മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ സാരഥികളെ സ്വീകരിക്കുകയായിരുന്നു അദ്ദേഹം. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരിലാണ് ഉപഗ്രഹം അറിയപ്പെടുക.

മേഖലയിലെ ഏറ്റവും നൂതനമായ ഉപഗ്രഹമാണ് എം ബി സെഡ് സാറ്റെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുക്കുന്ന ഉപഗ്രഹമാണ്. പാരിസ്ഥിതിക പരീക്ഷണം പൂര്‍ത്തിയാകുമ്പോള്‍, അന്തിമ വിക്ഷേപണ തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ‘ബഹിരാകാശ പര്യവേഷണത്തില്‍ മുന്‍നിര രാജ്യങ്ങള്‍ക്കിടയില്‍ യു എ ഇയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഈ സംരംഭത്തിന് സാധിക്കും. ഇമാറാത്തി പ്രതിഭകളുടെ കഴിവുകള്‍ വെളിപ്പെടും. മനുഷ്യ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഗവേഷണത്തിനാണ് ഉപഗ്രഹ പദ്ധതി. വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുകയും ചെയ്യും.’ ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

നാസയില്‍ ബഹിരാകാശ യാത്രാ പരിശീലന പരിപാടി പൂര്‍ത്തിയാക്കിയ നൂറ അല്‍ മത്‌റൂശി, മുഹമ്മദ് അല്‍ മുല്ല തങ്ങളുടെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദിനെ അറിയിച്ചു. ‘ബഹിരാകാശ പര്യവേഷണത്തിന്റെ ഭാവിയില്‍ നമ്മുടെ രാജ്യത്തിനായി ഞങ്ങള്‍ക്ക് വലിയ അഭിലാഷങ്ങളുണ്ട്. കൂടാതെ പുതിയ നാഴികക്കല്ലുകള്‍ പിന്നിടുന്നത് തുടരുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു.’ എം ബി ആര്‍ എസ് സിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍മാന്‍ ഹമദ് ഉബൈദ് അല്‍ മന്‍സൂരി പറഞ്ഞു.

 

 

Latest