International
ഷാങ്ഹായ് ഉച്ചകോടി; ഭീകരവാദം സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നരേന്ദ്ര മോദി വിശദമായി കൂടിക്കാഴ്ച നടത്തും.

ന്യൂഡല്‍ഹി| സമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിന് എതിരെ ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചൈനയിലെ ടിന്‍ജിയാനില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. പഹല്‍ഗാം ഭീകരാക്രമണവും ഉച്ചകോടിയില്‍ മോദി ചൂണ്ടിക്കാണിച്ചു. പഹല്‍ഗാമില്‍ നടന്നത് മനുഷ്യത്വരഹിതമായ ആക്രമണമാണ്. നാല് ദശാബ്ദമായി ഇന്ത്യ ഭീകരവാദത്തെ നേരിടുന്നു. ഭീകരവാദം ഇപ്പോഴും പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ്. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും ഭീകരവാദ ധനസഹായവും ഭീകരവാദവല്‍ക്കരണവും നേരിടുന്നതിന് എസ്സിഒ വ്യാപകമായ സമഗ്ര ചട്ടക്കൂട് വേണമെന്നും മോദി പറഞ്ഞു.
ഉച്ചകോടിയില്‍ പാകിസ്താനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി വിമര്‍ശിച്ചു. ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തിലാണ് മോദിയുടെ വിമര്‍ശനം. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്കൊപ്പം നിന്നതിന് സുഹൃത്തുക്കള്‍ക്ക് നന്ദിയെന്ന് മോദി പറഞ്ഞു. ഭീകര വാദത്തില്‍ ഇരട്ടത്താപ്പ് പാടില്ല. ഇറാനിലെ ചാബഹാര്‍ തുറമുഖം വ്യാപാര ബന്ധത്തില്‍ നിര്‍ണ്ണായകമാണെന്നും മോദി പറഞ്ഞു. ചാബഹാര്‍ തുറമുഖത്തെക്കുറിച്ചും അന്താരാഷ്ട്ര വടക്ക്-പടിഞ്ഞാറന്‍ ഗതാഗത ഇടനാഴിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. കണക്റ്റിവിറ്റി പദ്ധതികള്‍ പരമാധികാരത്തെ മാനിക്കണമെന്ന് മോദി ആവശ്യപ്പെട്ടു.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് മുന്‍പായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ചൈന പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മില്‍ ചര്‍ച്ച നടത്തി. ഉച്ചകോടി വേദിയില്‍ മോദി എത്തിയത് വ്‌ളാദിമിര്‍ പുടിനൊപ്പമാണ്. പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിന്‍പിങുമായും പുടിനുമായും കാഴ്ചപ്പാടുകള്‍ പങ്കുവെച്ചെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി നരേന്ദ്ര മോദി വിശദമായി കൂടിക്കാഴ്ച നടത്തും. റഷ്യ -യുക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വെടിനിര്‍ത്തലിനെക്കുറിച്ച് പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്‍കിയതായി യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഡോണള്‍ഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചര്‍ച്ചയാകും. ഇന്നലെ പ്രസിഡന്റ് ഷി ജിന്‍പിങ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ കായ് ചി, വിയറ്റ്മിന്റെയും നേപ്പാളിന്റെയും പ്രധാനമന്ത്രിമാര്‍, മ്യാന്‍മാര്‍ സീനിയര്‍ ജനറല്‍ എന്നിവരെ മോദി കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രധാനമന്ത്രി മോദി ഇന്ത്യയിലേക്ക് മടങ്ങും.