Connect with us

National

ഒരിക്കല്‍പോലും മണ്ണില്‍ കാലുകുത്താത്ത നാണം കുണുങ്ങി പക്ഷി

മനുഷ്യരുടെയും മറ്റു ജീവികളുടെയും മുന്നില്‍ പെടുന്നത് പരമാവധി ഒഴിവാക്കാന്‍ അവ തങ്ങളുടെ ജീവിതകാലം മുഴുവന്‍ മരങ്ങളില്‍ കഴിച്ചു കൂട്ടുന്നു.

Published

|

Last Updated

മുംബൈ| നാം ദിവസവും പലതരം പക്ഷികളെ കാണുന്നവരാണ്. ഭൂരിഭാഗം പക്ഷികളും മണ്ണില്‍ ഇറങ്ങി വന്ന് പ്രാണികളെയും, ധാന്യങ്ങളും കൊത്തിത്തിന്നുന്നവയുമാണ്. എന്നാല്‍, ഒരിക്കല്‍ പോലും മണ്ണില്‍ കാലുകുത്താത്ത ഒരിനം പക്ഷിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഹരിയാല്‍ എന്നാണ് ഈ പക്ഷിയുടെ പേര്. ഹരിയാല്‍ ഒരിക്കലും നിലത്ത് നില്‍ക്കുന്നത് കാണാന്‍ കഴില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാല്‍ കാഴ്ചയില്‍ പ്രാവിനെ പോലെയാണ്. മഞ്ഞയും, പച്ചയും, ഇളം ചാരനിറവും കലര്‍ന്നതാണ് ഈ പക്ഷിയുടെ നിറം. ഈ നിറങ്ങള്‍ കൊണ്ടാണ് അതിനെ ഹരിയാല്‍ എന്ന് വിളിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ഈ പക്ഷിയുടെ കൊക്ക് കട്ടിയുള്ളതും ശക്തവുമാണ്. ഹരിയാല്‍ പക്ഷിയെ പച്ചപ്രാവ് എന്നും വിളിക്കുന്നു. ഭക്ഷണം കഴിക്കാനും, കൂടൊരുക്കാനും മുകളില്‍ തന്നെ കഴിയും. വെള്ളം കുടിക്കാന്‍പോലും താഴെ ഇറങ്ങില്ല. മരങ്ങളുടെ പഴങ്ങളിലും ഇലകളിലും തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളികളും, മഞ്ഞുകണങ്ങളും കുടിച്ചാണ് അവ ദാഹം തീര്‍ക്കുന്നത്.

ഹരിയാല്‍ പക്ഷികള്‍ പൊതുവെ നാണം കുണുങ്ങികളാണെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ മനുഷ്യരെ കണ്ടാല്‍ അവ ഒഴിഞ്ഞു മാറുന്നു. അതിന്റെ നീളം മൂന്ന് സെന്റീമീറ്ററാണ്. ആണ്‍പക്ഷിയും, പെണ്‍പക്ഷിയും കാഴ്ചയില്‍ ഒരുപോലെയാണ്. എന്നാല്‍, പെണ്‍പക്ഷികള്‍ ആണുങ്ങളേക്കാള്‍ അല്‍പം കൂടി അലസതയുള്ളവരാണെന്ന് കരുതപ്പെടുന്നു. ആല്‍മരം പോലുള്ള ഉയരമുള്ള മരങ്ങളില്‍ മാത്രമേ ഇത് കൂടുവെക്കുകയുള്ളൂ. ഉണക്കപ്പുല്ലും, വൈക്കോലും കൊണ്ടാണ് കൂടുണ്ടാക്കുക. ഇലകള്‍, പഴങ്ങള്‍, പൂമൊട്ടുകള്‍, വിത്തുകള്‍, ധാന്യങ്ങള്‍, ചെറിയ ചെടികളുടെ മുളകള്‍, അത്തിപ്പഴം, എല്‍ഡര്‍ മരം, കാട്ടത്തി മുതലായവയുടെ ഇലകള്‍, പ്ലം പോലുള്ള പഴുത്ത പഴങ്ങളും കഴിക്കാനാണ് ഹരിയാലിന് ഇഷ്ടം.

മനുഷ്യരുടെയും മറ്റു ജീവികളുടെയും മുന്നില്‍ പെടുന്നത് പരമാവധി ഒഴിവാക്കാന്‍ അവ തങ്ങളുടെ ജീവിതകാലം മുഴുവന്‍ മരങ്ങളില്‍ കഴിച്ചു കൂട്ടുന്നു. ഈ പക്ഷിയുടെ ആയുസ്സ് 26 വര്‍ഷം വരെയാണ്. ഹരിയാലിന്റെ ശബ്ദം മധുരതരമാണ്. ഈ സസ്യഭുക്ക് മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി കൂടിയാണ്. മഹാരാഷ്ട്രയുടെ സ്വന്തമാണെങ്കിലും, ഉത്തര്‍പ്രദേശിലാണ് പക്ഷിയെ കൂടുതലായും കണ്ട് വരുന്നത്. ഇന്ത്യയെ കൂടാതെ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, ബര്‍മ്മ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കാണാന്‍ സാധിക്കും.

 

Latest