International
അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഏഴോളം പേര്‍ മരിച്ചു; 150 ഓളം പേര്‍ക്ക് പരുക്ക്
തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12.59 നാണ് ഭൂചലനം ഉണ്ടായത്
കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ ഏഴോളം പേര്‍ മരിച്ചു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മസാര്‍-ഇ ഷെരീഫിന് സമീപം തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 12.59 നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
പ്രാദേശിക ആരോഗ്യ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച്, ഏഴ് പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയതിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഖുല്‍മിന് 22 കി.മീ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് മാറിയാണ് പ്രഭവ കേന്ദ്രം.
കഴിഞ്ഞ കുറച്ചുകാലമായി അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്:2025 ഓഗസ്റ്റ് 31ന് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,200-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു.
2023 ഒക്ടോബര്‍ 7ന് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ ശക്തമായ തുടര്‍ചലനങ്ങളിലുമായി താലിബാന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് 4,000-ല്‍ അധികം ആളുകള്‍ മരിച്ചു.
അഫ്ഗാനിസ്ഥാന്‍ ഇന്ത്യന്‍, യൂറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഭൂകമ്പ സാധ്യത കൂടുതലുള്ള പ്രദേശമാണ്.



