Connect with us

Uae

യു എ ഇയിൽ വിദ്യാലയ വർഷം ഇന്ന് ആരംഭിക്കുന്നു

സ്‌കൂളുകൾക്ക് 12 കർശന നിയമങ്ങൾ

Published

|

Last Updated

അബൂദബി| യു എ ഇയിലുടനീളമുള്ള പൊതു, സ്വകാര്യ സ്‌കൂളുകൾ ഇന്ന് പുതിയ അധ്യയന വർഷത്തേക്ക് കടക്കുകയാണ്. ഈ ഘട്ടത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്‌കൂളുകൾ കർശനമായ നിയമങ്ങൾ പുറത്തിറക്കി. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടിവരുമെന്ന് സ്‌കൂൾ അധികൃതർ മുന്നറിയിപ്പ് നൽകി. അച്ചടക്കം ശക്തിപ്പെടുത്തുക, ഡ്രോപ്പ്-ഓഫ്, പിക്ക്-അപ്പ് സമയത്തെ തിരക്ക് കുറക്കുക, വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ നിയമങ്ങളുടെ പ്രധാന ലക്ഷ്യം. സ്‌കൂളുകൾ കുടുംബങ്ങൾക്ക് അയച്ച സർക്കുലറുകളിൽ 12 നിരോധിത പെരുമാറ്റരീതികൾ വിശദീകരിച്ചിട്ടുണ്ട്.

ക്ലാസിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ തുടങ്ങി സ്‌കൂൾ പാർക്കിംഗ് സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന രക്ഷിതാക്കളുടെ വാഹനം ഓടിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു.
മതിയായ കാരണമില്ലാതെ ക്ലാസുകൾ ഒഴിവാക്കുക, ക്യാമ്പസിൽ പുകവലിക്കുക, നിരോധിത വസ്തുക്കൾ കൊണ്ടുവരിക, അധ്യാപകരെയും സഹപാഠികളെയും വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക തുടങ്ങിയവ വിദ്യാർഥികൾ പാലിക്കേണ്ട നിയമങ്ങളിൽ പെടും. സ്‌കൂൾ വസ്തുവകകൾക്ക് കേടുപാടുകൾ വരുത്തുക, ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുക, സ്‌കൂൾ യൂണിഫോം ധരിക്കാതിരിക്കുക, മൊബൈൽ ഫോണുകൾ സ്‌കൂളിൽ കൊണ്ടുവരിക തുടങ്ങിയവയും വിദ്യാർഥികൾ ശ്രദ്ധിക്കണം. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ചില സന്ദർഭങ്ങളിൽ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

രക്ഷിതാക്കൾക്കും ഡ്രൈവർമാർക്കുമുള്ള നിയമങ്ങളിൽ പ്രധാനമായും ഗതാഗത തടസം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. റോഡിന്റെ നടുവിൽ വാഹനം നിർത്തുക, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ കുട്ടികളെ വാഹനങ്ങളിൽ നിന്ന് ഇറങ്ങാൻ അനുവദിക്കുക, അടിയന്തര എക്‌സിറ്റുകൾ തടയുക, ഭിന്നശേഷിക്കാർക്ക് വേണ്ടി നീക്കിവച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങൾ തടസ്സപ്പെടുത്തുക, ഗതാഗതത്തിന് എതിരായി വാഹനം ഓടിക്കുക, അമിതമായി കാർ ഹോൺ മുഴക്കുക, പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് വഴി കൊടുക്കാൻ വിസമ്മതിക്കുക, സ്‌കൂൾ ബസ് സ്റ്റോപ്പ് അടയാളങ്ങൾ അവഗണിക്കുക എന്നിവ ഇതിൽ പെടും.

ഇത്തരം നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്യും. ഒന്നിൽ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ ഇളയ കുട്ടിയുടെ കലക്ഷൻ പോയിന്റിൽ നിന്ന് എല്ലാ കുട്ടികളെയും കൂട്ടിക്കൊണ്ടുപോകണമെന്നും ഒരു രക്ഷിതാവിന് മാത്രമേ മുറ്റത്തേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂ എന്നും സ്‌കൂളുകൾ വ്യക്തമാക്കിയിട്ടുണ്ട്.
ഗതാഗതം സുഗമമാക്കുന്നതിന് മാതാപിതാക്കൾ മുറ്റങ്ങളിൽ അകലം പാലിക്കുകയും നിർദേശിച്ചിട്ടുള്ള സമയങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അധികൃതർ പറഞ്ഞു. സ്‌കൂൾ ബസുകൾ “സ്റ്റോപ്പ്’ എന്ന അടയാളം കാണിക്കുമ്പോൾ വാഹനങ്ങൾ നിർത്തണമെന്ന് സ്‌കൂളുകൾ രക്ഷിതാക്കളെ ഓർമിപ്പിച്ചു.

 

Latest