Saudi Arabia
ഖത്തറുമായി ഇലക്ട്രിക് ഹൈസ്പീഡ് റെയിൽ ലിങ്ക് കരാറിന് സഊദി മന്ത്രിസഭ അംഗീകാരം നൽകി
സഊദി തലസ്ഥനമായ റിയാദിനെയും ഖത്തർ തലസ്ഥാനമായ ദോഹയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 785 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇലക്ട്രിക് റെയിൽ പാതയിൽ മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കും.
ദമാം|സഊദി അറേബ്യയെയും ഖത്തറിനെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ടുള്ള ഇലക്ട്രിക് ഹൈസ്പീഡ് റെയിൽ ലിങ്ക് കരാറിന് സഊദി മന്ത്രിസഭ അംഗീകാരം നൽകി. സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം. സഊദി തലസ്ഥനമായ റിയാദിനെയും ഖത്തർ തലസ്ഥാനമായ ദോഹയെയും തമ്മിൽ ബന്ധിപ്പിക്കുന്ന 785 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇലക്ട്രിക് റെയിൽ പാതയിൽ മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കും. സഊദിയുടെ കിഴക്കൻ പ്രവിശ്യയായ ദമാം, അൽ-അഹ്‌സ തുടങ്ങിയ പ്രധാന സ്റ്റേഷനുകളെ ഇത് ബന്ധിപ്പിക്കുകയും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയുകയും ചെയ്യുമെന്നതാണ് ഹൈസ്പീഡ് റെയിലിന്റെ പ്രത്യേകത.
2025 ഡിസംബറിൽ സഊദി സന്ദർശത്തിനെത്തിയ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെയും സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും സംയുക്ത അധ്യക്ഷതയിൽ സഊദി തലസ്ഥനമായ റിയാദിൽ ചേർന്ന സഊദി -ഖത്തർ ഏകോപന സമിതി യോഗത്തിലാണ് ഇരുനേതാക്കളും കരാറിൽ ഒപ്പുവെച്ചത്. ആദ്യമായാണ് ഗൾഫ് മേഖലയിൽ സൗഹൃദ രാജ്യ തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റെയില്‍പാതയുടെ നിർമ്മാണമെന്ന സവിശേഷത കൂടിയുണ്ട് ഈ അതിവേഗ റെയിൽ പാതക്ക്. സഊദിയും-ഖത്തറും തമ്മിൽ നിലവിൽ റോഡ്, വ്യോമ ഗതാഗത മാർഗങ്ങളാണ് നിലവിലുള്ളത്. പുതിയ റെയിൽവേ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ കുതിപ്പുണ്ടാവും.





