Connect with us

Kerala

'സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി'ക്ക് തുടക്കം; പത്ത് ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ആദ്യ ഗഡു എത്തി

സാമ്പത്തിക പരാശ്രിതത്വം സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ടെന്നും ആ അവസ്ഥയ്ക്ക് വിരാമമിടാനാണ് സർക്കാർ ഇത്തരമൊരു ഇടപെടൽ നടത്തുന്നതെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്ത്രീപക്ഷ നവകേരള നിർമ്മിതിയിൽ നിർണ്ണായക ചുവടുവെപ്പുമായി സംസ്ഥാന സർക്കാരിന്റെ ‘സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി’ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പത്ത് ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ആദ്യ ഗഡുവായ 1000 രൂപ വീതം കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്തതുമായ 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിനുമാണ് പ്രതിമാസം 1,000 രൂപ വീതം ഈ പദ്ധതിയിലൂടെ ലഭിക്കുന്നത്. നിലവിൽ 10,18,042 ഗുണഭോക്താക്കൾക്കാണ് തുക ലഭ്യമായത്.

സാമ്പത്തിക പരാശ്രിതത്വം സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ടെന്നും ആ അവസ്ഥയ്ക്ക് വിരാമമിടാനാണ് സർക്കാർ ഇത്തരമൊരു ഇടപെടൽ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോടും കൈനീട്ടാതെയും മറ്റുള്ളവരെ ആശ്രയിക്കാതെയും സ്ത്രീകൾക്ക് തലയുയർത്തി ജീവിക്കാനുള്ള കൈത്താങ്ങായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ജെൻഡർ ബജറ്റിംഗിലൂടെയും കുടുംബശ്രീ ശാക്തീകരണത്തിലൂടെയും സർക്കാർ തുടങ്ങിവെച്ച മാറ്റങ്ങൾ പുതിയ ഉയരങ്ങളിലെത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീ സൗഹൃദ പൊതു ഇടങ്ങൾ, തുല്യവേതനം, ഭരണനിർവ്വഹണത്തിലെ 50 ശതമാനം സംവരണം എന്നിവയ്ക്ക് പിന്നാലെ സ്ത്രീകളുടെ ആത്മാഭിമാനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണെന്ന് എൽ ഡി എഫ്. സർക്കാർ വീണ്ടും തെളിയിച്ചിരിക്കുകയാണ്. ലൈഫ് മിഷനിലൂടെ വീടും മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കിയതുപോലെ സ്ത്രീസുരക്ഷയും സുസ്ഥിരമായ നവകേരള നിർമ്മിതിയും ലക്ഷ്യമിട്ടുള്ള ദൃഢനിശ്ചയത്തിലാണ് സർക്കാരെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

---- facebook comment plugin here -----

Latest