Connect with us

Kerala

നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

പേരാമ്പ്രയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്്‌ലിയക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നൂര്‍ബിന റഷീദ് ഉയര്‍ത്തിയത്.

Published

|

Last Updated

കോഴിക്കോട് |  വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. മുസ്ലിം ലീഗ് പാര്‍ട്ടി വിടുന്നില്ലെന്നും ലീഗില്‍ തുടരാനാവുമെന്ന് കരുതുന്നുവെന്നും നാളത്തെ കാര്യം പറയാനാവില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പേരാമ്പ്രയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്്‌ലിയക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നൂര്‍ബിന റഷീദ് ഉയര്‍ത്തിയത്.ഹരിതവിവാദം സൃഷ്ടിച്ചയാളാണ് ഫാത്തിമ തഹ്്‌ലിയ. പാണക്കാട് തങ്ങളെ നാലാം ഖലീഫ എന്ന് ഫാത്തിമ തഹ്ലിയ വിളിച്ചു. പരാതിയുണ്ടെങ്കില്‍ ഉറച്ച് നില്‍ക്കണമായിരുന്നു. തഹ്്‌ലിയക്ക് സീറ്റ് നല്‍കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി അടക്കം ഉറപ്പ് നല്‍കി. തഹ്ലിയ പാണക്കാട് കറങ്ങി നടന്നു. തങ്ങളുടെ വീട്ടില്‍ പോകാന്‍ ഫാത്തിമക്ക് അവസരം നല്‍കി. എന്നാല്‍ തനിക്ക് പോകാന്‍ അനുവാദം നല്‍കിയില്ലെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. സീറ്റുകിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെങ്കില്‍ മുമ്പ് എപ്പോഴോ ചെയ്യേണ്ടതായിരുന്നു. വനിതാ ലീഗിനെ കെട്ടിപ്പടുക്കാന്‍ പങ്കുവഹിച്ച അവര്‍ ആ ചരിത്രം വിശദമാക്കിയാണ് രാജി പ്രഖ്യാപിച്ചത്.

വനിതാ ലീഗിനെ ശൂന്യതയില്‍ നിന്നു കെട്ടിപ്പടുത്തതാണ്. താന്‍ ഉള്‍പ്പെടെ കോഴിക്കോട് സിറ്റി കമ്മിറ്റിക്ക് രൂപം നല്കിയാണ് വനിതാ ലീഗിനു തുടക്കമിട്ടത്. അഭിഭാഷകയായിരുന്ന ഞാന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ വരാന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. തലശ്ശേരിയില്‍ ജനിച്ച ഞാന്‍ ഒഴുക്കിനെതിരെ നീന്തിയാണ് പൊതു രംഗത്തുവന്നത്. മതേതരത്വം അന്നേ ഉള്ളിലുണ്ട്. ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തെ കൈപിടിച്ച് ഉയര്‍ത്തുന്നതിനു വേണ്ടിയാണ് വനിതാ ലീഗ് ഉണ്ടാക്കിയത്. വനിതാ ലീഗില്‍ ആരും പാര്‍ലിമെന്ററി വ്യാമോഹം പുലര്‍ത്തിയില്ല. രാഷ്ട്രീയം ധനാഗമന മാര്‍ഗമായി കണ്ടിട്ടില്ല. കുടുംബം നോക്കുന്നതോടൊപ്പം ജോലിയും ചെയ്തിരുന്നു. അതിനിടെയാണ് സ്ത്രീകളുടെ ഉന്നമനത്തിനായി പൊതു രംഗത്തുവന്നത്.

90 കളില്‍ സിറ്റി ലീഗിന്റെ ജന. സെക്രട്ടറിയായി തുടങ്ങിയ ഞാന്‍ എനിക്കുവേണ്ടിയല്ല ഇപ്പോള്‍ സംസാരിക്കുന്നത്. നല്ല മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് സംസാരിക്കുന്നത്. പത്തു വര്‍ഷം കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. രണ്ടു തവണയായപ്പോള്‍ സ്വയം മാറിനിന്നു. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയിലൊന്നും ഞങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വന്തം ഡ്രൈവ് ചെയ്തുപോയാണ് ഞങ്ങള്‍ വനിതാ ലീഗ് കെട്ടിപ്പടുത്തത്. ഇന്നോവയും ഡ്രൈവറും വിഡിയോ ഗ്രാഫറുമായി നടക്കുന്ന ഇന്നത്തെ പോലെയല്ല ഞങ്ങള്‍ പ്രവര്‍ത്തിച്ചത്.

പാണക്കാട് ശിഹാബ് തങ്ങള്‍, കൊരമ്പയില്‍, ഹൈദരാലി തങ്ങള്‍ തുടങ്ങിയവരാണ് സംസ്ഥാന വനിതാ ലീഗിന്റെ ദൗത്യം ഏല്‍പ്പിച്ചത്. ആ ഉത്തരവാദിത്തം അതി മനോഹരമായി നിര്‍വഹിച്ചു. ഇന്നു വരെ പാര്‍ട്ടിയില്‍ ഒരു അപശബ്ദവും ഉയര്‍ത്തിയില്ല. കാലം മാറുമ്പോള്‍ മൂല്യബോധം മാറുമോ എന്നറിയില്ല. നാലു വര്‍ഷം കൊണ്ടാണ് സംസ്ഥാന വനിതാ ലീഗ് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചത്. ഞങ്ങള്‍ അതൊന്നും റീലുകളാക്കി വച്ചിട്ടില്ല. സദസില്‍ പോലും ഒരു പുരുഷ നേതാവില്ലാതെയായിരുന്നു സമ്മേളനം നടത്തിയത്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ലീഗ് നേതാക്കളെല്ലാം അന്നു സദസ്സിലാണ് ഇരുന്നത്. 2009 ല്‍ വനിതാ ലീഗിനു ബൈലോ ഉണ്ടാക്കി. എങ്കിലും ഇക്കാലം വരെ സ്വന്തമായി മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടില്ല. 2016 ല്‍ ഞാന്‍ ലീഗ് മെമ്പര്‍ഷിപ്പ് എടുത്തു. പാര്‍ട്ടിയില്‍ നിന്ന് ഒരു ബത്തയും ഇതുവരെ വാങ്ങിയിട്ടില്ല. ദേശീയ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ ജന. സെക്രട്ടറിയായി. ഒരു തവണ വനിതാ കമ്മിഷന്‍ അംഗമായി എന്നല്ലാതെ പാര്‍ട്ടിയില്‍ നിന്ന് ഒന്നും ആവശ്യപ്പെട്ടിട്ടില്ല.

2026 ല്‍ ലീഗ് ആര്‍ട്ടിഫിഷ്യല്‍ മതേതരത്വം കാണിക്കാന്‍ ലീഗിന്റെ ദേശീയ സമിതിയില്‍ വനിതാ ലീഗ് അല്ലാത്ത ഒരു വനിതയെ എടുത്തു. വനിതാ ലീഗിന്റെ ഒരാളെയും എടുത്തില്ല. ഖമറുന്നിസ അന്‍വറിനെ പോലും പരിഗണിച്ചില്ല. ഞാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തിറങ്ങുന്നു. ഞങ്ങള്‍ക്ക് ബ്ലാക്ക് മെയിലിങ്ങ് തന്ത്രം അറിയില്ല. ഇതുവരെ പാര്‍ട്ടി നേതൃത്വത്തിനെതിരെ കുറ്റാരോപണം ഉന്നയിച്ചിട്ടില്ല. ഹരിതയുടെ മൂന്നു വനിതാ നേതാക്കള്‍ ആരോപണം ഉന്നയിച്ച് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഹരിത വിവാദം സൃഷ്ടിച്ചവര്‍ ഇന്നു നേതാക്കളായി മാറിയെന്നും അവര്‍ പറഞ്ഞു.

Latest