Connect with us

articles

വംഗനാട്ടിൽ ബി ജെ പിക്ക് വഴിവിട്ട കളികള്‍

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബി ജെ പിയെ സംബന്ധിച്ചിടത്തോളം പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുക എന്നത് ഏറ്റവും വലിയ മോഹമാണ്. ഇതിനായി ബി ജെ പി വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. മമതയുടെ ആരോപണത്തിന്റെ കുന്തമുന നീളുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നേരെയാണ്.

Published

|

Last Updated

അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് നടക്കുന്നത് പശ്ചിമ ബംഗാളിലാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയായ ബി ജെ പിയെ സംബന്ധിച്ചിടത്തോളം പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുക എന്നത് ഏറ്റവും വലിയ മോഹമാണ്. ഇതിനായി ബി ജെ പി വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. മമതയുടെ ആരോപണത്തിന്റെ കുന്തമുന നീളുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നേരെയാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബി ജെ പി ഭരിക്കുന്നത് അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ്. പുതുച്ചേരിയില്‍ എന്‍ ആര്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ് ബി ജെ പി. തിരഞ്ഞെടുപ്പ് നടക്കുന്ന കേരളവും തമിഴ്‌നാടും കൈയെത്താ ദൂരത്താണെന്ന് ബി ജെ പിക്ക് അറിയാം. പക്ഷേ, പൂഴിക്കടകന്‍ അടവിലൂടെയെങ്കിലും പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി.

അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്ത മാസം ഒമ്പതിനും തമിഴ്‌നാട്ടില്‍ 23നുമാണ് വോട്ടെടുപ്പ്. അതേസമയം, പശ്ചിമ ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം 23, 29 തീയതികളില്‍ രണ്ട് ഘട്ടമായാണ് നടക്കുക. സുരക്ഷാ കാരണങ്ങളുടെ പേരില്‍ കഴിഞ്ഞ തവണ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ വോട്ടെടുപ്പ് രണ്ട് ഘട്ടങ്ങളായി കുറച്ചതിലൂടെ സംസ്ഥാനത്തെ ക്രമസമാധാനനില ആശങ്കാജനകമല്ല എന്ന് സൂചിപ്പിക്കുകയാണ് കമ്മീഷന്‍. ഇത്തരം അനുകൂല സാഹചര്യം സൃഷ്ടിച്ചത് സംസ്ഥാന സര്‍ക്കാറിന്റെയും വകുപ്പ് തലവന്മാരുടെയും ജാഗ്രത കൊണ്ടായിരിക്കുമല്ലോ. എന്നാല്‍ യാതൊരു കീഴ്്വഴക്കവും പാലിക്കാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയുണ്ടായി. സംസ്ഥാന ചീഫ് സെക്രട്ടറി നന്ദിനി ചക്രവര്‍ത്തി, ആഭ്യന്തര സെക്രട്ടറി ജഗദീഷ് പ്രസാദ് മീണ എന്നിവരെ സ്ഥാനത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. കൂടാതെ, സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍ പിയൂഷ് പാണ്ഡെയെയും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ സുപ്രതിം സര്‍ക്കാറിനെയും മാറ്റി. സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിക്കാതെ ചീഫ് സെക്രട്ടറി, ഡി ജി പി തുടങ്ങി പ്രധാന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുത് എന്ന നിബന്ധന മറികടന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

ബി ജെ പി ഇതര മുഖ്യമന്ത്രിമാരുടെ വിമര്‍ശകനായ ആര്‍ എന്‍ രവിയെ കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നിന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചതോടെ കാര്യം ഒന്നുകൂടി വ്യക്തമായി. ഏറ്റവും ഒടുവില്‍ 73 റിട്ടേണിംഗ് ഓഫീസര്‍മാരെ അന്യായമായി സ്ഥലം മാറ്റിക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഭബാനിപൂര്‍ മണ്ഡലത്തിലെ പോളിംഗ് ഉദ്യോഗസ്ഥരെയും ഇതോടൊപ്പം മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷമായി പശ്ചിമ ബംഗാളില്‍ കാലുറപ്പിക്കാന്‍ ബി ജെ പി ശ്രമം നടത്തിവരികയാണ്. 2014ല്‍ മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍, പശ്ചിമ ബംഗാളില്‍ പാര്‍ട്ടിക്ക് ലഭിച്ചത് രണ്ട് സീറ്റുകളാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഷ്ടിച്ച് ജയിച്ചത് മൂന്ന് സീറ്റിലും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടി ബി ജെ പി മമതയെ ഞെട്ടിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി വിജയം നിലനിര്‍ത്തി. എന്നാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുന്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല; 12 സീറ്റിലാണ് ബി ജെ പി ജയിച്ചത്.

അവരുടെ എണ്ണം 12 ആയി കുറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പിയില്‍ ആഭ്യന്തര കുഴപ്പം രൂക്ഷമായി. സംസ്ഥാനത്തെ പാര്‍ട്ടിയുടെ മുഖമായി അറിയപ്പെട്ടിരുന്ന ദിലീപ് ഘോഷിനെ പോലുള്ള നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് മാറിനിന്നു. മുന്‍ ആര്‍ എസ് എസ് പ്രചാരകനും ബി ജെ പി സംസ്ഥാന പ്രസിഡന്റുമായിരുന്നു ദിലീപ് ഘോഷ്. പാര്‍ട്ടിയുടെ മറ്റൊരു മുതിര്‍ന്ന നേതാവ് റിതേഷ് തിവാരിയും പാര്‍ട്ടിക്ക് പുറത്താണ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവരെയൊക്കെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബി ജെ പി.

അതോടൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചില തീരുമാനങ്ങള്‍ മമതാ ബാനര്‍ജിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. മുസ്‌ലിംകളെയും മുസ്‌ലിം വോട്ടര്‍മാരെയും അന്യവത്കരിക്കാനുള്ള ബി ജെ പിയുടെ ആഗ്രഹത്തിന് ചൂട്ടുപിടിക്കുന്ന നിലയിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്‍ പശ്ചിമ ബംഗാളില്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്നടപടി ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടിയിലെ 200 എം പിമാര്‍ പാര്‍ലിമെന്റില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്സും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നല്‍കിയ ഹരജിയിന്മേല്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.

60 ലക്ഷത്തോളം വോട്ടര്‍മാരുടെ കാര്യം അനിശ്ചിതത്വത്തില്‍ നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്ന് തീര്‍പ്പുകല്‍പ്പിക്കാത്തവര്‍ എന്ന കുറിപ്പോടെ 60 ലക്ഷം വോട്ടര്‍മാരെ മാറ്റിനിര്‍ത്തി. അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 60 ലക്ഷം പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ (എസ് ഐ ആര്‍) ഭാഗമായി വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത് സംസ്ഥാനത്തെ മൊത്തം വോട്ടര്‍മാരില്‍ ഏതാണ്ട് 8.5 ശതമാനം പേരെയാണ്. അവരില്‍ നല്ലൊരു ശതമാനം മുസ്‌ലിംകളും സ്ത്രീകളും ദളിത് വിഭാഗവുമാണ്.

സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയുണ്ടായി. തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞത് 29 ലക്ഷം കേസുകള്‍ തീര്‍പ്പാക്കി എന്നാണ്. തീര്‍പ്പാക്കിയ കേസില്‍ എത്ര പേരെ ഒഴിവാക്കി, എത്ര പേരെ ഉള്‍പ്പെടുത്തി എന്ന് വ്യക്തമാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സാധിച്ചിട്ടില്ല. തീര്‍പ്പാക്കിയ കേസില്‍ യോഗ്യരായ വോട്ടര്‍മാരുടെ പേരുകള്‍ അനുബന്ധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ കരട് വോട്ടര്‍ പട്ടികയുടെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

എസ് ഐ ആറിലൂടെ ജനങ്ങളുടെ വോട്ടവകാശം കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം മമത ആവര്‍ത്തിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തിയവരെ നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് ബി ജെ പി ആരോപിക്കുന്നത്.
അതേസമയം, എസ് ഐ ആര്‍. ബി ജെ പിക്കെതിരെ മമതക്കു വീണുകിട്ടിയ ആയുധമെന്ന വിലയിരുത്തലുണ്ട്. മൂന്ന് തവണ അധികാരത്തില്‍ തുടരുന്ന ടി എം സി സര്‍ക്കാറിന്റെ ഭരണവീഴ്ചകളെ കുറിച്ചുള്ള പ്രതിപക്ഷ ശബ്ദം കേള്‍പ്പിക്കാന്‍ സാധിക്കുന്നില്ല എന്നാണ് പരാതി.

പശ്ചിമ ബംഗാളിനെയും അവിടുത്തെ വോട്ടര്‍മാരെയും ബംഗാളി സംസാരിക്കുന്നവരെയും ബി ജെ പി ശത്രുക്കളായി കാണുകയാണെന്നുള്ള മമതയുടെ പ്രചാരണവും ബി ജെ പിക്ക് തിരിച്ചടിയായേക്കാം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാന മത്സരം തൃണമൂല്‍ കോണ്‍ഗ്രസ്സും (ടി എം സി) ഭാരതീയ ജനതാ പാര്‍ട്ടിയും (ബി ജെ പി) തമ്മിലാണ്. ഗൂര്‍ഖ പ്രജാതന്ത്ര് മോര്‍ച്ച (ബി ജി പി എം) ടി എം സിയുടെ സഖ്യകക്ഷിയാണ്. നിലവിലെ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് 215ഉം ബി ജെ പിക്ക് 77ഉം അംഗങ്ങളാണുള്ളത്. 1977 മുതല്‍ 34 വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച സി പി എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളും 1977ന് മുമ്പത്തെ ഭരണ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും മത്സരിക്കുന്നത് നിലനില്‍പ്പിനു വേണ്ടിയാണ്. കഴിഞ്ഞ തവണ സി പി എമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചാണ് മത്സരിച്ചത്. ഇത്തവണ ഇരുപാര്‍ട്ടികളും തനിച്ചാണ് മത്സരിക്കുന്നത്.

മുസ്‌ലിം വോട്ടുകള്‍ ലക്ഷ്യമാക്കി മൂന്ന് പാര്‍ട്ടികള്‍ മത്സരരംഗത്തുണ്ട്. നിലവിലെ എം എല്‍ എമാരായ നൗശാദ് സിദ്ദീഖിയുടെ ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി (ഐ എസ് പി), ഹുമയൂണ്‍ കബീറിന്റെ ജനതാ ഉന്നയന്‍ പാര്‍ട്ടി (ജെ യു പി), അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം എ എം എന്നിവയാണ് അവ. തൃണമൂല്‍ കോണ്‍ഗ്രസ്സ് എം എല്‍ എ ആയിരുന്ന ഹുമയൂണ്‍ കബീറിനെ പാര്‍ട്ടി പുറത്താക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയായിരുന്നു. മുര്‍ശിദാബാദില്‍ പുതുതായി ബാബരി മസ്ജിദ് പള്ളി പണിയുന്നതിന് തറക്കല്ലിട്ടതിലൂടെ ഹുമയൂണ്‍ കബീര്‍ വിവാദ പുരുഷനായിരുന്നു. ഇദ്ദേഹം നേരത്തേ ബി ജെ പിയില്‍ അംഗമായിരുന്നു.

Latest