Connect with us

National

ബംഗാളിൽ ഇമാമുമാർക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കി ബിജെപി സർക്കാർ

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായ അന്നപൂർണ യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി; സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയും

Published

|

Last Updated

കൊൽക്കത്ത | പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാറിന്റെ കാലത്ത് മദ്രസാ വകുപ്പിന് കീഴിൽ ഇമാമുമാർക്ക് നൽകിയിരുന്ന സാമ്പത്തിക സഹായം നിർത്തലാക്കാൻ പുതിയ ബിജെപി സർക്കാർ തീരുമാനിച്ചു. ഇതോടൊപ്പം ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ വകുപ്പിന് കീഴിൽ ഹിന്ദു പുരോഹിതന്മാർക്ക് നൽകിയിരുന്ന ധനസഹായവും ഘട്ടഘട്ടമായി നിർത്തലാക്കും. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന രണ്ടാമത് മന്ത്രിസഭാ യോഗത്തിലാണ് മതാധിഷ്ഠിത സഹായ പദ്ധതികൾ നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് നഗരവികസന മന്ത്രി അഗ്നിമിത്ര പോൾ മാധ്യമങ്ങളെ അറിയിച്ചു.

നിലവിലുള്ള പദ്ധതികൾ ഈ മാസം അവസാനം വരെ തുടരുമെന്നും അതിനുശേഷം പൂർണ്ണമായും നിർത്തലാക്കുമെന്നുമാണ് സർക്കാർ പ്രഖ്യാപനം. ബംഗാളിൽ മമത ബാനർജി അധികാരത്തിലേറി ഒരു വർഷത്തിന് ശേഷം 2012 ലാണ് ഇമാമുമാർക്ക് പ്രതിമാസം 3000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതി ആരംഭിച്ചത്. വർഷങ്ങളായി മുസ്‍ലിം സമുദായത്തിലെ പിന്നാക്കക്കാരായ മതപുരോഹിതർക്ക് വലിയ ആശ്വാസമായിരുന്ന പദ്ധതിയാണിത്. പിന്നീട് 2020 സെപ്റ്റംബറിലെ കോവിഡ് ലോക്ഡൗൺ കാലത്താണ് ഹിന്ദു പുരോഹിതന്മാർക്ക് പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതി തൃണമൂൽ സർക്കാർ ആരംഭിച്ചത്. ഈ രണ്ട് ജനക്ഷേമ പദ്ധതികളുമാണ് മതാധിഷ്ഠിതം എന്ന് ചൂണ്ടിക്കാട്ടി പുതിയ സർക്കാർ റദ്ദാക്കുന്നത്.

അതേസമയം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനമായ അന്നപൂർണ യോജനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി പ്രകാരം ജൂൺ 1 മുതൽ സ്ത്രീകൾക്ക് പ്രതിമാസം 3000 രൂപ വീതം ധനസഹായം നൽകും. നിലവിൽ ലക്ഷ്മി ഭണ്ഡാർ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്ന സ്ത്രീകൾ പുതിയ പദ്ധതിയിൽ തനിയെ ഉൾപ്പെടും. പദ്ധതിയിൽ ഇതുവരെ ഉൾപ്പെടാത്തവർക്കായി പുതിയ പോർട്ടൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് പുറമെ ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രക്കും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയായി മെയ് 9 ന് സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരി സാൾട്ട് ലേക്കിലെ ബിജെപി ഓഫീസിൽ വെച്ച് തന്റെ ആദ്യ ജനതാ ദർബാറും നടത്തി. ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് കേൾക്കുന്ന ഈ പരിപാടി ഇനി മുതൽ കൃത്യമായ ഇടവേളകളിൽ നടത്താനാണ് ബിജെപി തീരുമാനം. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ മുഖ്യമന്ത്രിയെ കാണാൻ എത്തിയിരുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും ബീഹാറിൽ നിതീഷ് കുമാറും നടത്തുന്ന ജനതാ ദർബാറിന്റെ മാതൃകയിലാണ് ബംഗാളിലും ബിജെപി ഇത് നടപ്പിലാക്കുന്നത്.

15 വർഷത്തെ തൃണമൂൽ ഭരണത്തിന് സാധിക്കാത്തത് തങ്ങളുടെ ഡബിൾ എഞ്ചിൻ സർക്കാർ ആദ്യ ആഴ്ചയിൽ തന്നെ കാണിച്ചുതന്നു എന്നാണ് ബിജെപി ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അവകാശപ്പെട്ടത്. എന്നാൽ വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള നീക്കം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Content Highlights:

The newly formed BJP government in West Bengal has decided to phase out religion-based financial assistance schemes, including the monthly stipends provided to Imams and Hindu priests. Urban Development Minister Agnimitra Paul announced that these ongoing projects will be discontinued after the end of May. Concurrently, the cabinet approved the ‘Annapurna Yojana’ to provide Rs 3,000 monthly assistance and free bus travel for women starting June 1. Meanwhile, Chief Minister Suvendu Adhikari conducted his first ‘Janata Darbar’ in Salt Lake to address public grievances.

Latest