Kannur
വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ആഹ്ളാദപ്രകടനത്തിനിടെ കണ്ണൂരിൽ പടക്കം പൊട്ടിത്തെറിച്ച് ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം
ആഘോഷങ്ങൾക്ക് ശേഷം പൊട്ടിക്കാതെ ബാക്കി വന്ന പടക്കം കോൺഗ്രസ് ഓഫീസിന് മുന്നിൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ കുട്ടികൾ ഓഫീസിന് മുന്നിലിരുന്ന പടക്കങ്ങൾ എടുത്ത് കളിക്കുകയും തുടർന്ന് ഇത് പൊട്ടിക്കുകയുമായിരുന്നു
കണ്ണൂർ | മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് യു ഡി എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ കണ്ണൂരിൽ ഒൻപത് വയസ്സുകാരൻ പടക്കം പൊട്ടിത്തെറിച്ച് മരിച്ചു. അഴീക്കോട് പുന്നക്കപ്പാറയിൽ കോൺഗ്രസ് ഓഫീസിന് സമീപമാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്. പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരണപ്പെട്ടത്. അപകടത്തിൽ മറ്റ് മൂന്ന് കുട്ടികൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
യു ഡി എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണവും പടക്കം പൊട്ടിക്കലും നടത്തിയിരുന്നു. ആഘോഷങ്ങൾക്ക് ശേഷം പൊട്ടിക്കാതെ ബാക്കി വന്ന പടക്കം കോൺഗ്രസ് ഓഫീസിന് മുന്നിൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ കുട്ടികൾ ഓഫീസിന് മുന്നിലിരുന്ന പടക്കങ്ങൾ എടുത്ത് കളിക്കുകയും തുടർന്ന് ഇത് പൊട്ടിക്കുകയുമായിരുന്നു.
കുട്ടികൾ തീ കൊളുത്തി എറിഞ്ഞ പടക്കങ്ങളിൽ ഒന്ന് അമാന്റെ കഴുത്തിൽ വന്നു വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അമാനെ ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അഴീക്കോട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിലെ അശ്രദ്ധ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ കവർന്നതിന്റെ ഞെട്ടലിലാണ് നാട് മുഴുവൻ.
Content Highlights:
A nine-year-old boy named Aman died and three other children were injured when leftover firecrackers from UDF swearing-in celebrations exploded in Kannur. The tragic incident occurred near a Congress office in Azhikode Punnakkappaara where fireworks were kept aside after the event. One of the lit firecrackers accidentally fell on the child’s neck, causing fatal injuries. The Azhikode police have registered a case and initiated an investigation into the incident.







