Kerala
വേറിട്ട മാതൃകയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; രാഷ്ട്രീയ വൈരം മറന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ ഒരേ വേദിയിൽ
നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്ഥാനമൊഴിയുന്ന സ്പീക്കർ എ എൻ ഷംസീർ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെല്ലാം കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വത്തിനൊപ്പം പ്രധാന വേദിയിൽ തന്നെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നു.
തിരുവനന്തപുരം | കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രീയ വൈരങ്ങൾക്കപ്പുറം ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രമുഖരെ ഒരുമിച്ച് ചേർത്തുവെച്ച വേറിട്ടൊരു രാഷ്ട്രീയ സംസ്കാരത്തിനാണ് തിരുവനന്തപുരത്തെ സത്യപ്രതിജ്ഞാ വേദി സാക്ഷ്യം വഹിച്ചത്. വൻ ജനപങ്കാളിത്തത്തോടെയും രാഷ്ട്രീയ സൗഹാർദ്ദത്തോടെയുമാണ് യു ഡി എഫ് സർക്കാർ അധികാരമേൽക്കുന്ന ചടങ്ങുകൾ സംഘടിപ്പിച്ചത്.
ഭരണ കക്ഷിയെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഒരേ വേദിയിൽ ഇരിപ്പിടങ്ങൾ ഒരുക്കി എന്നതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ ആകർഷണം. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സ്ഥാനമൊഴിയുന്ന സ്പീക്കർ എ എൻ ഷംസീർ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കെല്ലാം കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വത്തിനൊപ്പം പ്രധാന വേദിയിൽ തന്നെ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നു. പ്രതിപക്ഷത്തെയും ചേർത്തുപിടിച്ചുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ ഈ നീക്കം കേരള രാഷ്ട്രീയത്തിൽ പുതിയൊരു മാതൃകയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വേദിയിൽ സന്നിഹ്തനായ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഹസ്തദാനം ചെയ്യുന്ന വി ഡി സതീശൻ
സത്യപ്രതിജ്ഞാ വേദിയുമായി ബന്ധപ്പെട്ട് ഗവർണറും ചീഫ് സെക്രട്ടറിയും തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. സ്റ്റേഡിയത്തിൽ ഒരുക്കിയ സത്യപ്രതിജ്ഞാ വേദിയിൽ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, ചീഫ് സെക്രട്ടറി എന്നിവർക്ക് മാത്രമേ പ്രവേശനമുണ്ടാകാവൂ എന്നതായിരുന്നു ഗവർണറുടെ കർശനമായ നിലപാട്. ഇത് സംബന്ധിച്ച നിർദ്ദേശം ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഈ വിലക്കുകളെയും നിർദ്ദേശങ്ങളെയും പൂർണ്ണമായും തള്ളിക്കൊണ്ടാണ് ‘ടീം കേരളം’ ഒന്നിച്ച് സത്യപ്രതിജ്ഞാ വേദിയിൽ അണിനിരന്നത്. മുന്നണി ഭേദമന്യേ നേതാക്കളെ ഒന്നിച്ച് ചേർത്ത നിർഭയമായ ഈ നിലപാടിനും ഐക്യത്തിനും സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിലുള്ള പ്രശംസയാണ് യു ഡി എഫ് നേതൃത്വത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശപ്രകാരം വന്ദേമാതരം ഗീതം മുഴുവനായും ചടങ്ങിൽ ആലപിച്ചു എന്നതും ശ്രദ്ധേയമായി. വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വന്ദേമാതരം ആലപിക്കപ്പെട്ടത്. വന്ദേമാതരം ആലപിച്ച സമയത്ത് രാഹുൽ ഗാന്ധിയോ പ്രിയങ്കയോ ഖാർഗെയോ മറ്റ് കോൺഗ്രസ് നേതാക്കളോ ഗാനം ഒപ്പം പാടിയില്ല. എന്നാൽ വേദിയിലുണ്ടായിരുന്ന ഗവർണറും കോൺഗ്രസ് നേതാവ് ദീപാ ദാസ് മുൻഷിയും ഗാനത്തിനൊപ്പം വരികൾ പാടുന്നുണ്ടായിരുന്നു.
വന്ദേമാതരം ആലപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ചടങ്ങിൽ ദേശീയഗാനവും മുഴങ്ങി. വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ച്, ദേശീയഗാനത്തിന് തുല്യമായ പ്രാധാന്യം വന്ദേമാതരത്തിനും നൽകണമെന്ന് ചൂണ്ടിക്കാട്ടി ഈ വർഷം ജനുവരി 28 നാണ് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്.
Content Highlights:
VD Satheesan has taken the oath as the 24th Chief Minister of Kerala in a historic and inclusive ceremony that showcased remarkable political courtesy. Setting aside political rivalry, prominent opposition leaders including Pinarayi Vijayan, MV Govindan, and Rajeev Chandrasekhar shared the stage with Congress top brass. Despite the Governor’s strict instructions to limit stage access, ‘Team Kerala’ stood united on the platform, earning widespread appreciation. Additionally, following central government directives, the complete six stanzas of Vande Mataram were rendered at the event in the presence of national leaders.







