Kerala
നവകേരള സദസ്സിലെ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: പുനരന്വേഷണത്തിന് ഉത്തരവിട്ട് വി ഡി സതീശൻ സർക്കാർ
2023 ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിലാണ് പുനഃരന്വേഷണം
തിരുവനന്തപുരം | 2023 ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ പുതിയ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വി ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. പ്രത്യേക അന്വേഷണ സംഘമാണ് (എസ് ഐ ടി) ഈ കേസ് അന്വേഷിക്കുക.
2023 ഡിസംബർ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള സദസ്സിന്റെ ഭാഗമായി പിണറായി വിജയൻ ആലപ്പുഴ ജില്ലയിൽ എത്തിയപ്പോൾ റോഡരികിൽ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഈ സംഭവത്തിൽ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടിരുന്നു.
സംഭവത്തിന് യാതൊരുവിധ തെളിവുകളുമില്ലെന്നായിരുന്നു അന്നത്തെ ഭരണപക്ഷത്തിന്റെ നിലപാട്. എന്നാൽ പിന്നീട് കോടതിയിൽ ദൃശ്യങ്ങൾ ഹാജരാക്കിയതോടെയാണ് അക്രമം ബോധ്യപ്പെടുകയും പുനരന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തത്. കോടതി ഉത്തരവുണ്ടായിട്ടും ഇതുവരെയും ഇതിന്മേൽ അന്വേഷണം നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ പുതിയ മന്ത്രിസഭ തീരുമാനിച്ചത്.
ഇതൊരു രാഷ്ട്രീയ പ്രതികാര നടപടിയായി കാണേണ്ടതില്ലെന്നും എന്നാൽ അന്ന് നടന്ന സംഭവം മറക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
Summary
The newly formed Kerala cabinet under Chief Minister VD Satheesan has decided to launch a re-investigation into the 2023 Navakerala Sadas assault case. A Special Investigation Team (SIT) will probe the incident where Youth Congress workers showcasing black flags were allegedly beaten up by former Chief Minister Pinarayi Vijayan’s gunmen in Alappuzha. Although the Alappuzha Magistrate Court had ordered a re-investigation in November 2024 based on video evidence, no action was taken by the previous administration. Chief Minister VD Satheesan stated that this decision should not be viewed as political vendetta, but emphasized that the incident cannot be forgotten.







